പുതിയ രണ്ട് ഐപാഡുകള്‍ ഒരു മാസത്തിനകം -റിപ്പോര്‍ട്ട്‌

Posted on: 29 Dec 2011



പുതിയ ഐപാഡിനെക്കുറിച്ചുള്ള അഭ്യൂഹത്തിന് ഇത്തവണ ഇരട്ടമുഖം! ഒരു മാസത്തിനകം ആപ്പിള്‍ കമ്പനി ഐപാഡുകളുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആപ്പിളിന്റെ വിതരണശൃംഖലയില്‍ പെട്ടവരെ ഉദ്ധരിച്ച് 'ഡിജിടൈംസ്' ബ്ലോഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2012 ജനവരി 26 ന് നടക്കുന്ന മാക്‌വേള്‍ഡ്/ഐവേള്‍ഡ് സമ്മേളനത്തില്‍ പുതിയ ഐപാഡുകള്‍ അവതരിപ്പിക്കുമെന്ന് ബ്ലോഗ് പറയുന്നു.

ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡിന്റെ പുതിയ വേര്‍ഷനുകളും 9.7 ഇഞ്ച് വലിപ്പമുള്ളതായിരിക്കുമെന്ന് ഡിജിടൈംസ് പറയുന്നു. 7.85 ഇഞ്ച് വലിപ്പമുള്ള ഐപാഡ് വരുന്നതായി ചില അഭ്യൂഹങ്ങള്‍ രണ്ടാഴ്ച മുമ്പ് പ്രചരിച്ചിരുന്നു.

പുതിയ ഐപാഡുകളുടെ സ്‌ക്രീന്‍ QXGA റെസല്യൂഷന്‍ (1536 x 2,048 പിക്‌സല്‍) ഉള്ളതായിരിക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല, പാനലിന്റെ തിളക്കം വര്‍ധിപ്പിക്കാനായി ലൈറ്റ് ബാര്‍ ദ്വയങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും. QXGA പാനലുകളുടെ നിര്‍മാണം ആപ്പിള്‍ ആരംഭിച്ചതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആപ്പിളിന് മൂന്ന് വിതരണക്കാരുള്ളതായും റിപ്പോര്‍ട്ട് പറയുന്നു.

ആപ്പിളിന്റെ ഉത്പന്നങ്ങളെപ്പറ്റി വരാറുള്ള സ്ഥിരം അഭ്യൂഹങ്ങളിലൊന്നായി ഡിജിടൈംസിന്റെ റിപ്പോര്‍ട്ടും അവസാനിക്കുമോ എന്നറിയാന്‍ ജനവരി 26 വരെ കാക്കുകയേ നിവൃത്തിയുള്ളൂ.
TAGS:
ipad  |  apple  |  tablet computers  |  new computing 


Stories in this Section