ഇന്റര്‍നെറ്റിലെ അഡ്രസ്സ് ശേഖരം തീര്‍ന്നു

Posted on: 04 Feb 2011


-സ്വന്തം ലേഖകന്‍




ഇന്റര്‍നെറ്റിന്റെ നിലവിലുള്ള അഡ്രസ്സ് ശേഖരം ഔദ്യോഗികമായി തീര്‍ന്നു. നിലവിലുള്ള 'ഐപി വേര്‍ഷന്‍ 4' (IPv4) എന്ന അഡ്രസ്സ് ശേഖരത്തിലെ അവസാനത്തെ അഞ്ച് ബ്ലോക്കുകള്‍ വിതരണത്തിനായി നല്‍കിയതോടെയാണിത്.

ഏറ്റവുമൊടുവില്‍ കൈമാറ്റം ചെയ്യപ്പെട്ട അഞ്ച് ബ്ലോക്കുകളില്‍ (/8s എന്നാണ് ഇവ അറിയപ്പെടുന്നത്) ഓരോന്നിലും 16 മില്യണ്‍ ഐപി അഡ്രസ്സുകള്‍ വീതമാണുള്ളത്. 2011 സപ്തംബറോടെ ഇതത്രയും തീരുമെന്നാണ് കണക്കാക്കുന്നത്.

അതു കഴിഞ്ഞാല്‍, പുതിയ അഡ്രസ്സിങ് സംവിധാനമായ 'ഐപി വെര്‍ഷന്‍ 6' (IPv6) ലേക്ക് ഇന്റര്‍നെറ്റിന് മാറേണ്ടി വരും. പുതിയ ഐപി അഡ്രസ്സിലേക്ക് മാറാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അക്കാര്യം പൂര്‍ണതോതിലെത്താന്‍ വര്‍ഷങ്ങളെടുത്തേക്കുമെന്നാണ് കണക്കുകൂട്ടല്‍.

'ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നാണിത്'-അവസാനത്തെ ഐപി അഡ്രസ്സ് ബ്ലോക്കുകള്‍ കൈമാറ്റം ചെയ്തുകൊണ്ട്, 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്' (Icann) മേധാവി റോഡ് ബെക്ക്‌സ്‌റ്റോം പറഞ്ഞു.

'ഭാവിയില്‍ ഏറെക്കാലം കഴിഞ്ഞ് സംഭവിക്കുമെന്ന് ഇന്റര്‍നെറ്റിന്റെ സ്ഥാപകര്‍ കരുതിയിരുന്ന സന്ദര്‍ഭമാണിത്'-ബെക്ക്‌സ്റ്റോം ചൂണ്ടിക്കാട്ടി. വലിയൊരു അഡ്രസ്സ് സംവിധാനത്തിലേക്ക് മാറാനുള്ള അവസരമാണ് ഇത് നമുക്ക് കൈവന്നിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.

IPv4 ന് പിന്തുണയ്ക്കാന്‍ കഴിയുന്ന ഐപി അഡ്രസ്സുകളുടെ എണ്ണം 4.3 ബില്യണ്‍ ആണ്. ഇന്റര്‍നെറ്റിന്റെ ആരംഭകാലത്ത് ഇത് ഭീമമായ ഒരു എണ്ണമാണെന്നും, അതൊരിക്കലും തീരില്ലെന്നും കരുതി-ഐകാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആ ധാരണ തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. അതേസമയം IPv6 ന് പിന്തുണയ്ക്കാന്‍ കഴിയുന്ന ഐപി അഡ്രസ്സുകള്‍ ഇതിലും ബില്യണ്‍ ട്രില്യണ്‍ മടങ്ങ് കൂടുതലാണ്.

IPv6 ലേക്കുള്ള മാറ്റം അനിവാര്യമാണ്. നെറ്റിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് അതിനെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇന്റര്‍നെറ്റിന്റെ ഭാവിയും അതിന്റെ വളര്‍ച്ചയും കജ്6 നോടൊപ്പമാണ് ഇനിയുണ്ടാകേണ്ടത്-ബെക്ക്‌സ്റ്റോം അറിയിച്ചു.

ഇന്റര്‍നെറ്റ് നേരിടുന്ന ഈ പുതിയ സന്ധി നേരിടാനായി 'വേള്‍ഡ് IPv6 ദിനം' (World IPv6 Day) തന്നെ പ്ലാന്‍ ചെയ്തിരിക്കുകയാണ്. ജൂണ്‍ എട്ടിനാണ് ദിനാചരണം. സിസ്‌കോ, വെറൈസോണ്‍, യാഹൂ, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങി ടെക്‌നോളജി രംഗത്തെ പ്രമുഖ കമ്പനികളെല്ലാം ദിനാചരണത്തില്‍ പങ്കുചേരുന്നുണ്ട്.
TAGS:
ip address  |  internet protocol version 6  |  ipv6  |  ipv4  |  world ipv6 day  |  icann 


Stories in this Section