
1996 ല്‍ രൂപം കൊണ്ട ഇന്ത്യന്‍ ഐ.ടി. ഹാര്‍ഡ്‌വേര്‍ കമ്പനിയാണ് ഇന്‍ടെക്‌സ് ടെക്‌നോളജീസ്. മള്‍ട്ടിമീഡിയ സ്പീക്കറുകള്‍, കീബോര്‍ഡ്, മൗസ് എന്നിവയായിരുന്നു കമ്പനിയുടെ ആദ്യകാല ഉത്പന്നങ്ങള്‍. കമ്പ്യൂട്ടറുകള്‍ക്കായി പ്രത്യേകം നിര്‍മിച്ച ഇന്‍ടെക്‌സ് യു.പി.എസും കമ്പനി വിപണിയിലെത്തിച്ചു. രാജ്യത്ത് ഇന്റര്‍നെറ്റ് സംവിധാനം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അതിനൊപ്പം കമ്പനിയും വളര്‍ന്നു.
2001-02 സാമ്പത്തികവര്‍ഷമായപ്പോഴേക്കും കമ്പനിയുടെ വാര്‍ഷികവിറ്റുവരവ് 32 കോടി രൂപ കടന്നു. ഇന്നിപ്പോള്‍ 29 വിഭാഗങ്ങളിലായി ഇരുന്നൂറ്റമ്പതോളം ഗാഡ്ജറ്റുകള്‍ ഇന്‍ടെക്‌സ് പുറത്തിറക്കുന്നുണ്ട്. അതില്‍ മൊബൈല്‍ ഫോണും എല്‍.ഇ.ഡി. ടി.വി.യും വെബ് ക്യാമറയും ടാബ്‌ലറ്റ് കമ്പ്യൂട്ടറും ത്രിജി ഡാറ്റ കാര്‍ഡുമെല്ലാം ഉള്‍പ്പെടുന്നു. 1069 കോടി രൂപയാണ് ഇന്‍ടെക്‌സ് ടെക്‌നോളജീസിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ടേണോവര്‍.
മൂന്നുവര്‍ഷം മുമ്പാണ് അക്വ എന്ന പേരില്‍ ഇന്‍ടെക്‌സ് സ്മാര്‍ട്‌ഫോണുകള്‍ ഇറക്കിത്തുടങ്ങിയത്്. ആദ്യമോഡലുകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇന്ത്യന്‍ കമ്പനികളിറക്കുന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ക്കൊന്നും അക്കാലത്ത് വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കാനായില്ല എന്നതാണ് യാഥാര്‍ഥ്യം. മൂവായിരം രൂപയില്‍ താഴെ വില വരുന്ന ബേസിക് ഫോണുകളുടെ വില്പനയിലായിരുന്നു അക്കാലത്ത് ഇന്ത്യന്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ കഥ മാറി. കാര്‍ബണും മൈക്രോമാക്‌സുമിറക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ നന്നായി വിറ്റുപോകുന്നുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് മനസിലാക്കിക്കൊണ്ട് ഇന്‍ടെക്‌സും പുതിയൊരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചു.
'ഇന്‍ടെക്‌സ് അക്വ വണ്ടര്‍ ക്വാഡ്‌കോര്‍' ( Intex Aqua Wonder Quadcore ) എന്ന പുത്തന്‍ ഫോണ്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ക്വാഡ്‌കോര്‍ മോഡലാണ്. രണ്ട് ഡ്യുവല്‍ കോര്‍ പ്രൊസസറുകളുടെ കരുത്തു സമ്മാനിക്കുന്ന ക്വാഡ്‌കോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നര്‍ഥം. മീഡിയടെക് എം.ടി. 6589 എന്ന പ്രൊസസറാണ് ഇതിലുള്ളത്. 512 എം.ബി. റാം, 1.93 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയും ഇതിലുണ്ട്. 32 ജി.ബി. കാര്‍ഡ് വരെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും. ഇന്‍പ്ലെയിന്‍ സ്വിച്ചിങ് പാനലോടുകൂടിയ 4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്ക്ക്രീനാണ് ഫോണിലുളളത്. റിസൊല്യൂഷന്‍ 540 X 960 പിക്‌സല്‍സ്.
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ വെര്‍ഷനിലോടുന്ന അക്വ വണ്ടര്‍ ക്വാഡ്‌കോറില്‍ ഡ്യുവല്‍ എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി രണ്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയുമുണ്ട്. ഡ്യുവല്‍ സിം മോഡലായ ഇതില്‍ കണക്ടിവിറ്റിക്കായി ത്രിജി, ജി.പി.എസ്., ബ്ലൂടൂത്ത് 4.0 എന്നീ സംവിധാനങ്ങളാണുളളത്. ഗ്രാവിറ്റി, മോഷന്‍, ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സറുകളോടെയെത്തുന്ന ഫോണില്‍ 1800 എം.എ.എച്ച്. ബാറ്ററിയാണുപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നരമണിക്കൂര്‍ സംസാരസമയവും മൂന്ന് ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
9,990 രുപയാണ് ഇന്‍ടെക്‌സ് അക്വാ വണ്ടറിന്റെ വില. ഇതിനൊപ്പം സ്‌ക്രീന്‍ഗാര്‍ഡും പൗച്ചും കമ്പനി സൗജന്യമായി നല്‍കുന്നുമുണ്ട്. പതിനായിരം രുപയ്ക്ക് ക്വാഡ്‌കോര്‍ സ്മാര്‍ട്‌ഫോണ്‍ ലഭിക്കുമെന്നത് ഇന്‍ടെക്‌സ് അക്വാവണ്ടറിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. എന്നാല്‍ 512 എം.ബി. റാമും 1800 എം.എ.എച്ച്. ബാറ്ററിയും ഉപയോക്താക്കളെ നിരാശപ്പെടുത്തിയേക്കാം. ഈ റാമും ബാറ്ററിയുമുപയോഗിക്കുന്ന ഫോണില്‍ ക്വാഡ്‌കോറിന്റെ മുഴുവന്‍ പ്രയോജനവും ലഭിക്കില്ല എന്നതാണ് പ്രശ്‌നം.