ഇന്റര്‍നെറ്റില്‍ വീഡിയോ കാണുന്നവരുടെ സംഖ്യ ഇന്ത്യയിലും വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പ്രതിമാസം 371 കോടി വീഡിയോകള്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈലില്‍ കാണുന്നുണ്ടത്രേ. രണ്ടുവര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.
'കോംസ്‌കോര്‍' ( comScore ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്, ഇന്ത്യക്കാരുടെ വര്‍ധിച്ചു വരുന്ന വീഡിയോ ആസ്വാദനത്തിന്റെ സ്ഥിതിവിവരക്കണക്കുള്ളത്. 2011 മാര്‍ച്ചില്‍ പ്രതിമാസം 186 കോടി വീഡിയോകളാണ് ഇന്ത്യക്കാര്‍ കണ്ടിരുന്നതെന്ന് കോംസ്‌കോറിന്റെ വീഡിയോ മാട്രിക്‌സ് റിപ്പോര്‍ട്ട് പറയുന്നു.
കാണുന്ന വീഡിയോകളുടെ എണ്ണത്തില്‍ മാത്രമല്ല, വീഡിയോ കാണുന്നവരുടെ എണ്ണത്തിലും ഇന്ത്യയില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2011 മാര്‍ച്ചില്‍ 3.19 കോടി പ്രേക്ഷകരാണ് ഓണ്‍ലൈന്‍ വീഡിയോകള്‍ക്ക് രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍, 2013 മാര്‍ച്ച് ആയപ്പോഴേക്കും അത് 5.402 കോടി ആയി. 69 ശതമാനം വര്‍ധന.
ഇന്ത്യയിലാകെ 13.7 കോടി ഇന്റര്‍നെറ്റ് യൂസര്‍മാരാണുള്ളത്.
ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂട്യൂബിന് തന്നെയാണ് ഏറ്റവുമധികം പ്രക്ഷകരുള്ളത്. 2013 മാര്‍ച്ചിലെ കണക്ക് പ്രകാരം 3.15 കോടി ആസ്വാദകര്‍ യൂട്യൂബിന് ഇന്ത്യയിലുണ്ട്. അടുത്ത സ്ഥാനങ്ങളില്‍ ഫെയ്‌സ്ബുക്കും (1.86 കോടി), യാഹൂ സൈറ്റുകള്‍ക്കും ( 0.82 കോടി) ആണ്.
ഓണ്‍ലൈന്‍ വീഡിയോ ആസ്വാദനത്തിലുള്ള ഈ വര്‍ധന, മീഡിയ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ഇന്ത്യയില്‍ നല്ല അവസരമാണ് തുറന്നുകൊടുക്കുന്നത് - കോംസ്‌കോര്‍ ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ കേദാര്‍ ഗവാനി പറഞ്ഞു.