ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍: ആ വിശ്വാസവും തകരുന്നു

Posted on: 09 Feb 2010


-ബി.എസ്.ബിമിനിത്‌



ഇന്‍റര്‍നെറ്റ് എന്നാല്‍ ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നു കരുതുന്നവരാണ് ഇന്നും സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താക്കളില്‍ ഭൂരിപക്ഷവും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രേമികളുടെ ഇഷ്ടബ്രൗസറായ മോസില്ലയും ഓപറയും മുതല്‍ ഗൂഗിള്‍ ക്രോം വരെയുള്ളവയുള്‍പ്പടെ പുതിയ സവിശേഷതകള്‍ നിരവധിയുള്ള ബ്രൗസറുകള്‍ രംഗത്തെത്തിയിട്ടും അതിന്റെ ജനപ്രീതിയെ തകര്‍ക്കാനായിരുന്നില്ല.

സൈബര്‍ ആക്രമണകാരികളുടെ കളിപ്പാട്ടമായി മാറിയിരിക്കുന്നു ഇതെന്ന് സ്ഥാപിക്കുന്ന വാര്‍ത്തകളാണ് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ ആക്രമണത്തിനും ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇരയായെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ തന്നെ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ചൈനയെ പ്രതിക്കൂട്ടിലാക്കി ഏറെ വിവാദംസൃഷ്ടിച്ച മറ്റൊരു ആക്രമണം നടന്നിട്ട് ഒരുമാസമേ ആയുള്ളൂ.

ചില ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററുകള്‍ ഉപയോഗിക്കുന്നവരുടെ കമ്പ്യൂട്ടറില്‍ കടന്നുകൂടുന്ന ചില ഉപദ്രവകാരികളായ 'കോഡുകള്‍'വഴി ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിട്ടുള്ള വിവിധ ഫയലുകള്‍ നമ്മള്‍ പോലും അറിയാതെ കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് പുതിയ ആക്രമണത്തെപ്പറ്റി മൈക്രോസോഫ്റ്റിന്റെ വിശദീകരണം. ഇങ്ങനെ കടത്തിക്കൊണ്ടുപോകുന്നത് നമ്മുടെ സ്വകാര്യവിവരങ്ങള്‍ മുതല്‍ സാമ്പത്തിക ഇടപാടുകളുടെയും മറ്റും രഹസ്യങ്ങള്‍ വരെ ആകാം.

ഒരുസാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിന് ഈ പിന്‍വാതിലിലൂടെയുള്ള കള്ളക്കടത്ത് കണ്ടുപിടിക്കാനാവുകയുമില്ല. പൊതുജനങ്ങളുടെയും കമ്പനികളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയമായി ഇതുമാറിയതോടെ ലോകം മുഴുവന്‍ ഇതിനെതിരെ രംഗത്തുവന്നു. മൈക്രോസോഫ്റ്റ് തന്നെ ഭീഷണിയുള്ള ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പതിപ്പുകള്‍ ഉപയോഗിക്കരുതെന്ന് ഉപയോക്താക്കളെ വിലക്കിയിരിക്കുകയാണ്.

ഫ്രാന്‍സിലേയും ജര്‍മനിയിലേയും സര്‍ക്കാറുകള്‍ ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തന്നെ എടുത്തുകളഞ്ഞ് പകരം ഗൂഗിള്‍ ക്രോം, മോസില്ല ഇവയിലേതെങ്കിലും മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഔദ്യോഗികമായി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

2001 ലിറങ്ങിയ വിന്‍ഡോസ് എക്‌സ്പിയുടെ ആദ്യ പതിപ്പ് ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ടതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 7, 8 പതിപ്പുകള്‍ക്കും വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 എന്നീ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം ലഭിക്കുന്ന പതിപ്പിനും ആക്രമണമേല്‍ക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം സൗജന്യമായി ലഭിക്കുന്ന ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഏത് പതിപ്പാണെന്ന് ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ഇതൊക്കെ ആക്രമണത്തെ സുഗമമാക്കുന്നുവെന്നാണ് കണ്ടെത്തല്‍.

ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 6 അടിസ്ഥാനമാക്കി ഗൂഗിള്‍ അടക്കമുള്ള അമേരിക്കയിലെ ഇരുപതോളം അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുനേരെ ആക്രമണം നടത്തിയതിന്റെ രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞമാസം ഉണ്ടായ ഈ ആക്രമണത്തിലൂടെ ചൈന അവിടത്തെ മനുഷ്യാവകാശപ്രവര്‍ത്തകരടക്കമുള്ളവരുടെ ഗൂഗിള്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറിയെന്നും ഗൂഗിളിനെതിരെ ആക്രമണം നടത്തിയെന്നും ആരോപിച്ച് അമേരിക്ക വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ഗൂഗിള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുമായി കരാറുണ്ടാക്കി ചൈനക്കെതിരെ നീങ്ങുന്നതും വാര്‍ത്തയായിട്ട് ദിവസങ്ങളേ ആവുന്നുള്ളൂ.

ഈ സംഭവത്തെത്തുടര്‍ന്ന് തത്കാലത്തേക്ക് ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ആറാം പതിപ്പ് ഉപയോഗിക്കരുതെന്ന് പ്രഖ്യാപിക്കുകയും ആ പ്രശ്‌നം പരിഹരിക്കുന്ന സംവിധാനം (പാച്ച്) പിന്നീട് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം നല്‍കുകയും ചെയ്തു. എങ്കിലും ഈസംഭവത്തോടെ ലോകവ്യാപകമായി ആളുകള്‍ ഫയര്‍ഫോക്‌സ് മോസില്ലയോ ഗൂഗിള്‍ ക്രോമോ ഉപയോഗിക്കാന്‍ തുടങ്ങുകയും ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ വിശ്വാസ്യത പാടേ ഇടിയുകയും ചെയ്തു.

-biminith@gmail.com
TAGS:


Stories in this Section