അതിവേഗ കണക്ടിവിറ്റിക്ക് ഇന്റലിന്റെ തണ്ടര്‍ബോള്‍ട്ട്‌

Posted on: 25 Feb 2011


-സ്വന്തം ലേഖകന്‍




ഹൈഡഫിനിഷന്‍ വീഡിയോകളുടെ കാലമാണിത്. കമ്പ്യൂട്ടറുകളിലും അനുബന്ധ ഉപകരണങ്ങളിലും ഡേറ്റാകൈമാറ്റ സങ്കേതങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കാലത്തിന്റെ ഈ ചുവരെഴുത്ത് മനസിലാക്കി, ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ സങ്കേതമാണ് തണ്ടര്‍ബോള്‍ട്ട് കണക്ടര്‍ (Thunderbolt connector). യുഎസ്ബി 3.0 (USB 3.0) യുടേതിന്റെ ഇരട്ടി വേഗത്തില്‍ കണക്ടിവിറ്റി സാധ്യമാകുന്ന സങ്കേതമാണിത്.

യു.എസ്.ബി 3.0 യുടെ ഡേറ്റാകൈമാറ്റ വേഗം സെക്കന്‍ഡില്‍ 4.8 ജിബിയാണ്. എന്നാല്‍, സെക്കന്‍ഡില്‍ 10 ജിബി വേഗത്തില്‍ കണക്ടിവിറ്റി സാധ്യമാകുന്ന സങ്കേതമാണ് തണ്ടര്‍ബോള്‍ട്ട്. 'ലൈറ്റ് പീക്ക്' (Light Peak) എന്ന പേരില്‍ 2009 ല്‍ ഇന്റല്‍ പ്രഖ്യാപിച്ച സങ്കേതമാണ് ഇപ്പോള്‍ പേരു മാറ്റി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സങ്കേതം ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഉപകരണം ആപ്പിളിന്റെ മാക്ബുക്ക് പ്രോ കമ്പ്യൂട്ടറുകളായിരിക്കും.

തണ്ടര്‍ബോള്‍ട്ടില്‍ ഇപ്പോള്‍ ഉപയോഗിച്ചിട്ടുള്ളത് ചെമ്പ് വയറുകളാണ്. ഇരുദിശകളിലും ഒരേ സമയം സെക്കന്‍ഡില്‍ 10 ജിബി ഡേറ്റാകൈമാറ്റം സാധ്യമാകുന്ന ഇരട്ട ചാനലാണിതിലുള്ളത്. അതിനാല്‍, ആവശ്യംവന്നാല്‍ ഒരേ വയറിലൂടെ ഒരേ സമയം സെക്കന്‍ഡില്‍ 40 ജിബി ഡേറ്റ കൈമാറാനാകും. ഹൈഡഫിനിഷന്‍ വീഡിയോയൊക്കെ കൈകാരം ചെയ്യേണ്ട സമയത്ത് ഇത് വലിയ അനുഗ്രഹമാകുമെന്ന് വ്യക്തം.

മാത്രമല്ല, കമ്പ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകളുടെ എണ്ണം കുറയ്ക്കാനും ഇന്റലിന്റെ പുതിയ സംവിധാനം സഹായിക്കും. തണ്ടര്‍ബോള്‍ട്ട് സങ്കേതത്തില്‍ ഒറ്റ വയറില്‍ക്കൂടി തന്നെ വിവിധ തരം സിഗ്നലുകള്‍ ഒരേ സമയം കടത്തിവിടാനാകും. എന്നാല്‍, കുറച്ചു കാലത്തേക്കെങ്കിലും മറ്റ് ഉപകരങ്ങണങ്ങള്‍ തണ്ടര്‍ബോള്‍ട്ട് സോക്കറ്റുകളില്‍ ബന്ധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ പ്രത്യേക അഡാപ്റ്ററുകള്‍ കാശുകൊടുത്ത് വാങ്ങേണ്ടി വരും.

സെക്കന്‍ഡില്‍ 480 എംബി വേഗമുള്ള കണക്ടറാണ് യുഎസ്ബി 2.0 (USB 2.0). അതിന്റെ പരിഷ്‌ക്കരിച്ച സങ്കേതമാണ് യുഎസ്ബി 3.0. സെക്കന്‍ഡില്‍ 800 എംബി വേഗമുള്ള ഫയര്‍വയര്‍ 800 (Firewire 800) കണക്ടിവിറ്റിയാണ് ഈ മേഖലയിലെ മറ്റൊരു സങ്കേതം. ഇതിനെയൊക്കെ കവച്ചുവെയ്ക്കുന്നതാണ് തണ്ടര്‍ബോള്‍ട്ട് കണക്ടര്‍. നിലവില്‍ ചെമ്പ് വയറാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഭാവിയില്‍ അത് ഫൈബര്‍ ഓപ്ടിക്കിലേക്കു മാറുമെന്നും, വേഗം സെക്കന്‍ഡില്‍ 100 ജിബി വരെയാകുമെന്നും ഇന്റല്‍ പറയുന്നു.


തണ്ടര്‍ബോള്‍ട്ടിന്റെ രംഗപ്രവേശം, യുഎസ്ബി, ഫയര്‍വയര്‍ പോലുള്ള ഇതര കണക്ടര്‍ സ്റ്റാന്‍ഡേര്‍ഡുകളുടെ ഭാവിയില്‍ ചോദ്യചിഹ്നമുയര്‍ത്തുകയാണ്. ലോകത്തെ ഒന്നാം നമ്പര്‍ ഗാഡ്ജറ്റ് നിര്‍മാതാക്കളായ ആപ്പിന്റെ പിന്തുണയോടെയാണ് ഇന്റല്‍ അതിന്റെ പുതിയ സങ്കേതം അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, പുതിയ സങ്കേതത്തിന്റെ പിന്തുണയോടെ അവതരിപ്പിക്കപ്പെടുന്ന ഉപകരണങ്ങളുടെ വിലയില്‍ എന്തു വര്‍ധനയുണ്ടാകുമെന്ന് ഇന്റല്‍ വെളിപ്പെടുത്തിയിട്ടില്ല.

തണ്ടര്‍ബോള്‍ട്ട് സാങ്കേതികവിദ്യയോടെ അവതപ്പിക്കപ്പെടുന്ന ഉപകരണങ്ങള്‍ക്ക് വിലയേറും എന്നതില്‍ തര്‍ക്കമില്ല. ആപ്പിളിന്റെ മാക്ബുക് പ്രോ വാങ്ങുന്നവരെ സംബന്ധിച്ച് വിലവര്‍ധന അത്ര പ്രശ്‌നമായിരിക്കില്ല. എന്നാല്‍, സാധാരണ ഉപഭോക്താക്കളുടെ കാര്യം അങ്ങനെയല്ല. അതിനാല്‍, താഴ്ന്ന തലത്തിലുള്ള ലാപ്‌ടോപ്പുകളും മറ്റ് കമ്പ്യൂട്ടറുകളും വിപണിയിലെത്തിക്കുന്ന എച്ച്.പി, സോണി, ഡെല്‍, ഏയ്‌സര്‍, അസ്യൂസ് തുടങ്ങിയ കമ്പനികള്‍ തണ്ടര്‍ബോള്‍ട്ടിനെ പിന്തുണയ്ക്കാന്‍ കൂട്ടാക്കുമോ എന്ന് കണ്ടറിയേണ്ട കാര്യമാണെന്ന്, ടെക് രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.


TAGS:


Stories in this Section