നിലവിലുള്ളതിന്റെ ഏതാണ്ട് പകുതി ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഇന്റല്‍ കമ്പനി അടുത്തവര്‍ഷം വിപണിയിലെത്തിക്കും. പത്ത് വാട്ട് ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് 'ഹാസ്‌വെല്‍' എന്ന പേരിലുള്ള പുതിയ ചിപ്പ്.
ഊര്‍ജോപയോഗത്തിന്റെ കാര്യത്തില്‍, ഇന്റലിന്റെ നിലവിലുള്ള 'ഐവി ബ്രിഡ്ജ്' ചിപ്പിനെ അപേക്ഷിച്ച് പകുതിയേ വരൂ പത്ത് വാട്ട് എന്നത്. അതിനാല്‍ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കൂടുതല്‍ മെലിയാനും, കൂടുതല്‍ വേഗത്തിലാക്കാനും, ബാറ്ററി ലൈഫ് വര്‍ധിക്കാനും പുതിയ ചിപ്പ് സഹായിക്കും.
ഇന്റലിന്റെ കോര്‍ പ്രൊസസര്‍ കുടുംബത്തിലെ നാലാം തലമുറയാണ്
ഹാസ്‌വെല്‍ (Haswell). ഭാവിയില്‍ മൊബൈല്‍ കമ്പ്യൂട്ടിങിന് ദിശാബോധം നല്‍കാന്‍ ഈ ചിപ്പ്
സഹായിക്കുമെന്ന് ഇന്റല്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഡവലപ്പേഴ്‌സ് സമ്മേളനത്തിലാണ് പുതിയ ചിപ്പിന്റെ വിവരങ്ങള്‍ ഇന്റല്‍ അവതരിപ്പിച്ചത്.
പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലുപയോഗിക്കുന്ന ചിപ്പുകളുടെ കാര്യത്തില്‍ ഇന്റല്‍ തന്നെയാണ് ഇപ്പോഴും ലോകനേതാവ്. ഈ രംഗത്ത് ഇന്റലിനോട് മത്സരിക്കുന്ന എ.എം.ഡി.യുടെ x86 അധിഷ്ഠിത ചിപ്പുകള്‍ക്ക് ഇതുവരെ മുന്നിലെത്താന്‍ സാധിച്ചിട്ടില്ല.
ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വരാന്‍ പോകുന്ന വിന്‍ഡോസ് ആര്‍.റ്റി. തുടങ്ങിയ മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍, ആം (ARM) കമ്പനി ഡിസൈന്‍ ചെയ്യുന്ന ചിപ്പികള്‍ക്ക് യോജിച്ച വിധത്തിലാണ് രൂപകല്‍പ്പന ചെയ്യുന്നത്.
എന്നുവെച്ചാല്‍, ലോകം സാക്ഷിയാകുന്ന മൊബൈല്‍ വിപ്ലവത്തില്‍ ഇന്റലിന് കാര്യമായ പങ്കില്ല എന്നര്‍ഥം. കുറഞ്ഞ ഊര്‍ജോപയോഗം എന്നതാണ് ആം ചിപ്പുകള്‍ക്ക് മൊബൈല്‍ രംഗം കൈയടക്കാന്‍ അവസരമൊരുക്കിയത്.
ഊര്‍ജക്ഷമതയേറിയ ഹാസ്‌വെല്‍ ചിപ്പുകള്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് ഇന്റല്‍ കരുതുന്നത്. വിന്‍ഡോസ് 8 ന്റെ സാധ്യതകളുപയോഗിച്ച് പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ രംഗത്തുവരുന്നതിന് ഹാസ്‌വെല്‍ ചിപ്പുകള്‍ അവസരമൊരുക്കും.
നിലവില്‍ അഞ്ചു മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന ലാപ്‌ടോപ്പുകളുടെ ബാറ്ററി ലൈഫ് ഒന്‍പത് മണിക്കൂറാകാന്‍ പുതിയ ചിപ്പ് വഴിയൊരുക്കുമെന്ന്, ഇന്റലിലെ ആദം കിം പറയുന്നു.
നിലവിലുള്ള 22 നാനോമീറ്റര്‍ പ്രക്രിയ തന്നെയാണ് ഹാസ്‌വെല്‍ ചിപ്പുകളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നത്. ചിപ്പിന്റെ ഡിസൈനാണ് ഇന്റല്‍ പുതുക്കി നിശ്ചയിച്ചത്. 'സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ്' (സി.പി.യു), 'പ്ലാറ്റ്‌ഫോം കണ്‍ട്രോളര്‍ ഹബ്ബ്' (പി.സി.എച്ച്) എന്നിവ സംയോജിപ്പിക്കുന്നു എന്നതാണ് പുതിയ ഡിസൈനിലെ മുന്നേറ്റം.
കാല്‍ക്കുലേഷനുകളും പ്രോഗ്രാം നിര്‍ദേശങ്ങളും അനുസരിക്കുന്നത് സി.പി.യു.ആണ്. അതേസമയം, യു.എസ്.ബി., ഓഡിയോ, സ്‌റ്റോറേജ് മുതലായ സംഗതികളാണ് പി.സി.എച്ച്. കൈകാര്യം ചെയ്യുന്നത്.
ഇന്റലിന്റെ നിലവിലുള്ള ഐവി ബ്രിഡ്ജ് (Ivy Bridge) ചിപ്പുകളില്‍ സി.പി.യു. പ്രവര്‍ത്തിക്കാന്‍ 17 വാട്ടും, പി.സി.എച്ചിന് നാല് വാട്ടും ഊര്‍ജം വേണം- ആകെ 21 വാട്ട്.
ഹാസ്‌വെല്‍ പ്രൊസസറിന്റെ രണ്ട് വ്യത്യസ്ത വേര്‍ഷനുകള്‍ രംഗത്തെത്തിക്കാനാണ് ഇന്റലിന്റെ ശ്രമം-15 വാട്ടും 10 വാട്ടും ഊര്‍ജക്ഷമതയുള്ളവ. എന്നുവെച്ചാല്‍, ഐവി ബ്രിഡ്ജിനെ അപേക്ഷിച്ച് 29 ശതമാനവും 52 ശതമാനവും ഊര്‍ജക്ഷമത പുതിയ ചിപ്പുകള്‍ക്കുണ്ടാകും.