നോക്കിയ പിന്‍മാറി; ഇന്റലിന്റെ സ്മാര്‍ട്ട്‌ഫോണ്‍ മോഹങ്ങള്‍ക്ക് തിരിച്ചടി

Posted on: 21 Apr 2011


-സ്വന്തം ലേഖകന്‍




വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലേക്ക് ചുവട് മാറ്റാനുള്ള നോക്കയയുടെ തീരുമാനം, ഇന്റലിന്റെ സ്മാര്‍ട്ട്‌ഫോണ്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. 'മെഡ്ഫീല്‍ഡ്' എന്ന കോഡുനാമം നല്‍കിയിട്ടുള്ള ആറ്റം സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പ് ഇന്റല്‍ വികസിപ്പിച്ചത് നോക്കയയെ മുന്നില്‍ കണ്ടാണ്. പുതിയ സാഹചര്യത്തില്‍ മറ്റ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായി സഹകരിക്കാനാണ് ഇന്റലിന്റെ നീക്കം.

ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മാതാക്കളായ ഇന്റലിന് ഇതുവരെ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ തിരിച്ചടി മറികടക്കാനാണ്, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി മീഗോ ഒഎസ് വികസിപ്പിക്കാന്‍ നോക്കയയുമായി കഴിഞ്ഞ വര്‍ഷം ഇന്റല്‍ സഹകരിച്ചത്.

എന്നാല്‍, മീഗോ പ്ലാറ്റ്‌ഫോം ഇനി കാര്യമായി പ്രോത്സാഹിപ്പിക്കാന്‍ പോകുന്നില്ലെന്നും, ഭാവിയില്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസായിരിക്കും കമ്പനി ആശ്രയിക്കുകയെന്നും കഴിഞ്ഞ ഫിബ്രവരിയില്‍ നോക്കിയ പ്രഖ്യാപിച്ചു.

അതാണ് ഇന്റലിന്റെ സ്മാര്‍ട്ട്‌ഫോണ്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ഇന്റലിന്റെ ചിപ്പില്‍ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കില്ല. ഈ സാഹചര്യത്തില്‍ മറ്റ് കമ്പനികളുമായി സഹകരണം വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഇന്റല്‍ മേധാവി പോള്‍ ഒറ്റെലിനി കഴിഞ്ഞ ദിവസം പ്രസ്താവിച്ചു.

മീഗോ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് ഒട്ടേറെ സഹായങ്ങല്‍ നോക്കിയയ്ക്ക് ഇന്റല്‍ ചെയ്തുകൊടുത്തിരുന്നു. പുതിയ ഉപഭോക്താക്കള്‍ക്ക് മെഡ്ഫീല്‍ഡ് സ്വീകരിക്കാന്‍ പാകത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി വീണ്ടും ആരംഭിക്കേണ്ട സ്ഥിതിയിലാണ് ഇന്റല്‍. പുതിയ സാഹചര്യത്തില്‍ ഇന്റലിന്റെ പ്രോസസര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്താന്‍ ഇനിയും വൈകും.

എല്‍ജി കമ്പനിയാകാം ഇന്റലിനെ സഹായിക്കാന്‍ ആദ്യം തയ്യാറാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മീഗോ പ്ലാറ്റ്‌ഫോമിലും മെഡ്ഫീല്‍ഡ് ചിപ്പിലും എല്‍ജി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പുതിയ ഉപഭോക്താക്കളെ കണ്ടെത്താനായാല്‍ തന്നെ, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന എആര്‍എം പ്രോസസറുകളെ കടത്തിവെട്ടാന്‍ ഇന്റലിന് കഴിയുമോ എന്ന സംശയം നിലനില്‍ക്കുന്നു. ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും ഇപ്പോള്‍ ഉപയോഗിക്കുന്നത് എആര്‍എം പ്രോസസറുകളാണ്. പിസി ചിപ്പുകളുടെ വകഭേദമായി രൂപപ്പെടുത്തുന്ന ഇന്റലിന്റെ ആറ്റം പ്രോസസറുകളെ അപേക്ഷിച്ച്, ഊര്‍ജക്ഷമതയുള്ളതാണ് എആര്‍എം ചിപ്പുകള്‍.

32 നാനോമീറ്റര്‍ ഉത്പാദന പ്രക്രിയ വഴിയാണ് ഇന്റല്‍ മിഡ്ഫീല്‍ഡ് നിര്‍മിക്കുന്നത്. 22 നാനോമീറ്റര്‍ പ്രക്രിയയിലേക്ക് അത് ഭാവിയില്‍ മാറ്റാനാകുമെന്ന് കരുതുന്നു. അങ്ങനെ വന്നാല്‍ ചിപ്പിന്റെ വലിപ്പവും ഊര്‍ജോപയോഗവും കുറയ്ക്കാനും വേഗം കൂട്ടാനും സാധിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഭാവിയില്‍ ഇന്റലിന് ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്ന് പോള്‍ ഒറ്റെലിനി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മീഗോ, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, മൈക്രോസോഫ്ടിന്റെ ഭാവി വിന്‍ഡോസ് ഒഎസ് തുടങ്ങിയവയെ പിന്തുണയ്ക്കാന്‍ ഭാവിയില്‍ ഇന്റലിന്റെ സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസറുകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു.

മൊബൈല്‍ വിപണിയില്‍ ഇനി പിന്‍വലിഞ്ഞു നിന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇന്റലിന്റെ പുതിയ നീക്കം. ടാബ്‌ലറ്റുകള്‍ക്കായി ഊര്‍ജക്ഷമതയേറിയ പുതിയ ഓക്ക് ട്രയല്‍ പ്രോസസറുകള്‍ ഇന്റല്‍ വികസിപ്പിച്ചു കഴിഞ്ഞു. മെയ് മാസത്തോടെ ഒട്ടേറെ ടാബ്‌ലറ്റുകള്‍ പുതിയ പ്രോസസറുമായി രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
TAGS:
intel  |  atom smartphone chip  |  medfield  |  nokia  |  windows phone os  |  meego os  |  arm processor 


Stories in this Section