
നമ്മളെകൊണ്ട് ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികളെന്നു തോന്നുന്നു. മൈക്രോമാക്‌സ് തുടങ്ങിവച്ച മാര്‍ജിന്‍ഫ്രീ ആന്‍ഡ്രോയിഡ് ഉത്സവത്തിലേക്ക് പുതുതായി അണിചേരുന്നത് ഇന്‍ടെക്‌സ് എന്ന കമ്പനിയാണ്. ആന്‍ഡ്രോയിഡ് 2.1 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സിന്റെ ആന്‍ഡ്രോ എന്ന മോഡലിന് 6,990 രുപയായിരുന്നു വിലയെങ്കില്‍ ഇന്‍ടെക്‌സിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന് വില അതിലും 1500 രുപ കുറവാണ്. ആന്‍ഡ്രോയിഡ് 2.2 പതിപ്പിലാണ് ഇന്‍ടെക്‌സ് പ്രവര്‍ത്തിക്കുന്നത.
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്ക് ലോകമെങ്ങും പ്രിയമേറിവരികയാണ്. ഇന്ത്യയില്‍ സാംസങും എല്‍.ജി.യും മോട്ടറോളയുമെല്ലാം വിവിധ ആന്‍ഡ്രോയിഡ് മോഡലുകളുമായി മുമ്പേ രംഗത്തുണ്ട്. പതിനായിരം രൂപയ്ക്കു മുകളിലേക്കായിരുന്നു ഈ മോഡലുകള്‍ മിക്കതിന്റെയും വില. ആ സ്ഥിതിക്ക് മാറ്റം വന്നത് മൈക്രോമാക്‌സിന്റെ എ-60 ആന്‍ഡ്രോ എന്ന മോഡലിന്റെ വരവോടെയാണ്. 6,990 രുപ വിലയുള്ള ഈ മോഡല്‍ ലോകത്തെ തന്നെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണാണെന്ന് മൈക്രോമാക്‌സ് അവകാശപ്പെട്ടിരുന്നു. അവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇന്‍ടെക്‌സ് 5,500 രൂപയ്ക്ക് ആന്‍ഡ്രോയിഡ് ഫോണിറക്കാന്‍ പോകുന്നത്.
ഫിബ്രവരി ആദ്യവാരത്തില്‍ പുതിയ ഫോണ്‍ വിപണിയിലെത്തുമെന്ന് ഇന്‍ടെക്‌സ് ടെലികോം ഡിവിഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുധീര്‍കുമാര്‍ വ്യക്തമാക്കി. വെറും ആന്‍ഡ്രോയിഡിലൊതുങ്ങുന്നില്ല ഈ ഫോണിന്റെ പെരുമ. 3.2 മെഗാപിക്‌സല്‍ ക്യാമറ, 2.8 ഇഞ്ച് റെസിസ്റ്റീവ് ടച്ച്്‌സ്‌ക്രീന്‍, വൈഫൈ, ജി.പി.എസ് സൗകര്യങ്ങളും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 2.1 പതിപ്പിനെക്കാള്‍ ഒട്ടേറെ സവിേശഷതകളും സൗകര്യങ്ങളുമുള്ള പതിപ്പാണ് ആന്‍ഡ്രോയിഡിന്റെ 2.2 പതിപ്പ്. ആ സ്ഥിതിക്ക് ഇന്‍ടെക്‌സിന്റെ പുതിയ ഫോണ്‍ ഏറെപേരെ ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊസസറിനെക്കുറിച്ച് ഇന്‍ടെക്‌സ് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ആന്‍ഡ്രോയ്ഡ് 2.2 പതിപ്പ് താങ്ങാന്‍ ശേഷിയുള്ള പ്രൊസസറെങ്കില്‍ ഇടയ്ക്കിടെ ഫോണ്‍ ഹാങാകുമെന്ന കാര്യം ഉറപ്പ്.
സ്‌റ്റൈലസ് കൊണ്ട് പ്രവര്‍ത്തിപ്പിക്കേണ്ട പഴയ രീതിയിലുള്ള റെസിസ്റ്റീവ് ടച്ച്‌സ്‌ക്രീനാണ് ഇന്‍ഡക്‌സിലുളളത് എന്നതും മറ്റൊരു പോരായ്മയാണ്. വിരല്‍ത്തുമ്പില്‍ വഴങ്ങുന്ന കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഇപ്പോള്‍ പുതിയ ഫോണുകളില്ലൊം ഉപയോഗിക്കുന്നത്. ആദ്യമൊന്നും കുഴപ്പമുണ്ടാകില്ലെങ്കിലും റെസിസ്റ്റീവ് ടച്ച്്‌സ്‌ക്രീനുകള്‍ കുറേക്കാലം കഴിയുമ്പോള്‍ ഉപയോഗിക്കാന്‍ വിഷമമാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഫുള്‍ടച്ച്‌സ്‌ക്രീന്‍ ഫോണുകളില്‍ ഇതു സൃഷ്ടിക്കുന്ന അലോസരം ചില്ലറയല്ല.
ആന്‍ഡ്രോയിഡിനായി ഗൂഗിള്‍ രൂപംനല്‍കിയ ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് എന്ന ബിസിനസ് കൂട്ടായ്മയില്‍ ലോകമെങ്ങുമുള്ള 79 മൊബൈല്‍ കമ്പനികള്‍ ഇപ്പോള്‍ പങ്കാളികളായിട്ടുണ്ട്. ഇവയില്‍ സാംസങും എല്‍.ജി.യും മോട്ടറോളയുമെല്ലാം ഉള്‍പ്പെടുന്നു. ഈ കൂട്ടായ്മയിലെ അംഗമായ ചൈനയിലെ സെഡ്.ടി.ഇ. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനാണ് മൈക്രോമാക്‌സിനുവേണ്ടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിച്ചുനല്‍കുന്നത്്. ചിലപ്പോള്‍ ഇതേ കമ്പനി തന്നെയാകും ഇന്‍ടെക്‌സിനും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിച്ചുനല്‍കുന്നത് എന്നതാണ് രസകരമായ വസ്തുത. എന്തായാലും തങ്ങളുടെ ആന്‍ഡ്രോയ്ഡ് പാര്‍ട്ണര്‍ ആരാണെന്ന കാര്യം ഇന്‍ടെക്‌സ് വെളിപ്പെടുത്തിയിട്ടില്ല.