ചിത്രം, ശബ്ദം, ഇന്‍സ്റ്റന്റ് പേജസ് -ഗൂഗിള്‍ സെര്‍ച്ചിന് പുതിയ മുഖം

Posted on: 16 Jun 2011


-സ്വന്തം ലേഖകന്‍




മൊബൈലില്‍ പരീക്ഷിച്ച സെര്‍ച്ച് ഫീച്ചറുകള്‍ ഡെസ്‌ക്‌ടേപ്പ് കമ്പ്യൂട്ടറുകളിലേക്ക് ഗൂഗിള്‍ പറിച്ചു നടുമ്പോള്‍, പരിചിതമായ സെര്‍ച്ചിന്റെ അലകും പിടിയും മാറുകയാണ്. ചിത്രങ്ങളുപയോഗിച്ചും ശബ്ദം വഴിയും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ തേടാനുള്ള വഴിയാണ് ഗൂഗിള്‍ തുറക്കുന്നത്. കഴിഞ്ഞ ദിവസം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന 'ഇന്‍സൈഡ് സെര്‍ച്ച്' ഇവന്റിലാണ് പുതിയ സെര്‍ച്ച് ഫീച്ചറുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചത്.

അതില്‍ ഏറ്റവും ശ്രദ്ധേയം 'ഇന്‍സ്റ്റന്റ് പേജസ്' എന്ന ഫീച്ചറാണ്. സെര്‍ച്ച് സംവിധാനത്തിന്റെ പരിധിക്കുള്ളില്‍ ആവശ്യമുള്ള പേജുകള്‍ ലോഡ് ചെയ്ത് വരുന്ന താമസം ഒഴിവാക്കാനും, ക്ലിക്ക് ചെയ്യും മുമ്പ് തന്നെ ഉപയോക്താവ് ഉദ്ദേശിക്കുന്ന പേജ് മിന്നല്‍വേഗത്തില്‍ ലോഡ് ചെയ്ത് വരാനും സഹായിക്കുന്ന ഫീച്ചറാണിത്. ഗൂഗിള്‍ സെര്‍ച്ചില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുള്ള 'ഗൂഗിള്‍ ഇന്‍സ്റ്റന്റി'ന്റെ കുറച്ചുകൂടി വിപുലീകരിച്ച രൂപമാണിതെന്ന് വേണമെങ്കില്‍ പറയാം.

നിലവില്‍ 'ഇന്‍സ്റ്റന്റ് പേജസ്' ഫീച്ചര്‍ ഗൂഗിളില്‍ ലഭ്യമല്ല. അതിന് ക്രോം ബ്രൗസറിന്റെ അടുത്ത ബീറ്റാ പതിപ്പ് പുറത്തിറങ്ങുംവരെ കാക്കണമെന്നന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് പറയുന്നു.


സ്മാര്‍ട്ട്‌ഫോണുകളില്‍ നിലവില്‍ ശബ്ദമുപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ കഴിയും. 'വോയ്‌സ് സെര്‍ച്ച്' എന്ന ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്ത ശേഷം സെര്‍ച്ച് ചെയ്യേണ്ട വാക്ക് പറഞ്ഞാല്‍ മതി, വെബ്ബ് ബ്രൈസറില്‍ സെര്‍ച്ച് ഫലങ്ങള്‍ പ്രത്യക്ഷപ്പെടും. ഈ തിരച്ചില്‍ ഫീച്ചറാണ് ഗൂഗിള്‍ ഇപ്പോള്‍ ഡെസ്‌ക്‌ടോപ്പിലേക്കും എത്തിക്കുന്നത്.

ചിത്രങ്ങളുപയോഗിച്ച് സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ ഗൂഗിളില്‍ ലഭ്യമായിക്കഴിഞ്ഞു. കമ്പ്യൂട്ടറിലുള്ള ചിത്രം ഡ്രാഗ് ചെയ്ത് ഗൂഗിള്‍ ഇമേജസിന്റെ സെര്‍ച്ച് ബോക്‌സില്‍ ഇട്ടാല്‍ മതി. സമാനമായ ചിത്രങ്ങളും, അതേ വലിപ്പത്തിലുള്ള ചിത്രങ്ങളും സെര്‍ച്ച് ഫലങ്ങളായി നൊടിയിടയില്‍ മുന്നിലെത്തും.


ഗൂഗിള്‍ ഇമേജ്‌സിന്റെ സെര്‍ച്ച് ബോക്‌സില്‍ ഇപ്പോള്‍ ഒരു ക്യാമറ ഐക്കണുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറില്‍ നിന്ന് ചിത്രം അപ്‌ലോഡ് ചെയ്ത് സെര്‍ച്ച് ചെയ്യാനും, ചിത്രത്തിന്റെ യുആര്‍എല്‍ ചേര്‍ത്ത് സെര്‍ച്ച് ചെയ്യാനുമുള്ള സെര്‍ച്ച് ബോക്‌സ് പ്രത്യക്ഷപ്പെടും. ഗൂഗിളിന്റെ ഈ പേജില്‍ എങ്ങനെ ചിത്രങ്ങളുപയോഗിച്ച് സെര്‍ച്ച് ചെയ്യാം എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

സെര്‍ച്ച് എന്ന പ്രക്രിയയുടെ മാനങ്ങള്‍ തന്നെ മാറ്റുന്ന ഫീച്ചറുകളാണ് ഗൂഗിള്‍ പുതിയ നീക്കത്തിലൂടെ രംഗത്തെത്തിക്കുന്നത്. കൂടുതല്‍ എളുപ്പത്തില്‍ ആവശ്യമായ വിവരം ലഭ്യമാക്കാന്‍ പുതിയ ഫീച്ചറുകള്‍ സഹായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
TAGS:
image search  |  voice search  |  inside search  |  instant pagse  |  google 


Stories in this Section