ചിന്തകള്‍ വായിക്കാന്‍ കഴിയുന്ന ഒരുപകരണം വികസിപ്പിക്കുകയാണെങ്കില്‍, അത് പരീക്ഷീക്കാന്‍ പറ്റിയ വ്യക്തിയാരാണ്. സംശയം വേണ്ട, സാക്ഷാല്‍ സ്റ്റീഫന്‍ ഹോക്കിങ് തന്നെ. ചലനശേഷിയില്ലാതെ പതിറ്റാണ്ടുകളായി യന്ത്രക്കസേരയില്‍ കഴിയുകയും, യന്ത്രങ്ങളുടെ മാത്രം സഹായത്തോടെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന ആ വിഖ്യാതശാസ്ത്രജ്ഞന്‍ ഇപ്പോള്‍ അത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമാവുകയാണ്.
തീപ്പെട്ടിയുടെ വലിപ്പമുള്ള ആ ഉപകരണത്തിന്റെ പേര്
'ഐബ്രെയിന്‍' (iBrain). ഹോക്കിങിന്റെ ചിന്തകള്‍ മനസിലാക്കാന്‍ ആ യന്ത്രത്തിന് കഴിയുമോ എന്നാണ് പരീക്ഷിക്കപ്പെടുന്നത്.
ചിന്തകളുടെയുടെ വിചാരങ്ങളുടെയും ഫലമായി മസ്തിഷ്‌ക്കത്തില്‍ രൂപപ്പെടുന്ന വ്യത്യസ്ത വൈദ്യുതസിഗ്നലുകള്‍ പിടിച്ചെടുക്കാനും വിശകലനം ചെയ്യാനും ഉദ്ദേശിച്ച് രൂപംനല്‍കിയിട്ടുള്ള ഉപകരണമാണ് ഐബ്രെയിന്‍.
സാന്‍ ഡിയോഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
'ന്യൂറോവിജില്‍'(NeuroVigil) കമ്പനിയാണ് ഐബ്രെയിന്‍ വികസിപ്പിച്ചത്. കമ്പനി മേധാവിയായ 32-കാരനും ന്യൂറോഗവേഷകനുമായ ഫിലിപ്പ് ലോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
മസ്തിക്കത്തിനുള്ളില്‍ ഒട്ടേറെ അടരുകളുണ്ട്, പോരാത്തതിന് തലയോട്ടിയെന്ന സംരക്ഷണകവചവും. അതിനാല്‍, തലച്ചോറിനുള്ളിലുണ്ടാകുന്ന സിഗ്നലുകള്‍ പുറത്തെത്തുമ്പോള്‍ അത് വിശകലനം ചെയ്‌തെടുക്കുക സങ്കീര്‍ണമായ സംഗതിയാകുന്നു. ഇക്കാര്യത്തില്‍ ഐബ്രെയിനിനെ സഹായിക്കുന്നത് ഫിലിപ്പ് ലോ രൂപപ്പെടുത്തിയ ഒരു സവിശേഷ ഗണിതസമീകരണം (ആല്‍ഗരിതം) ആണ്.
സാന്‍ ഡിയോഗോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പി.എച്ച്.ഡി.ചെയ്യുമ്പോഴാണ് മസ്തിഷ്‌ക്കത്തില്‍നിന്നുള്ള വൈദ്യുതസിഗ്നലുകള്‍ വിശകലനം ചെയ്യാന്‍ സഹായിക്കുന്ന ആല്‍ഗരിതം ഫിലിപ്പ് ലോ രൂപപ്പെടുത്തിയത്. 'സ്പിയേഴ്‌സ്' (Spears) എന്നാണതിന്റെ പേര്.
'റീയല്‍ ടൈമില്‍ തന്നെ ഐബ്രെയിനിന് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും-കിടക്കുമ്പോഴോ, ടിവി കാണുമ്പോഴോ, മറ്റെന്തെങ്കിലും പ്രവര്‍ത്തി ചെയ്യുമ്പോഴോ ഒക്കെ'-ഫിലിപ്പ് ലോ പറഞ്ഞു.
'ഒരു അക്ഷരമോ, വാക്കോ അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ നിര്‍ദേശമോ, ഇത്തരത്തിലെന്തെങ്കിലും ഒരു ചിന്ത സ്റ്റീഫന് ആവര്‍ത്തിക്കാന്‍ കഴിയുമോ, അതില്‍നിന്ന് കമ്പ്യൂട്ടറിന് അക്കാര്യം മനസിലാക്കാന്‍ സാധിക്കുന്ന ഒരു പാറ്റേണ്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഹോക്കിങിനെ ഈ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ഫിലിപ്പ് ലോ അറിയിച്ചു.
ഹോക്കിങിന്റെ ചിന്തകളെ സ്പിയേഴ്‌സ് ആല്‍ഗരിതത്തിന് സിഗ്നലുകളായി പിടിച്ചെടുക്കാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. സിഗ്നലില്‍ എന്ത് മാറ്റമുണ്ടാകുന്നു എന്നറിയാനാണ് ഗവേഷകരുടെ ശ്രമം.
എഴുപതുകാരനായ ഹോക്കിങിനെ തന്റെ ഇരുപതുകളിലാണ്
'അമിയോട്രോഫിക് ലാറ്റെറല്‍ സ്‌ക്‌ളീറോസിസ്' (ALS) എന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം പിടികൂടിയത്. ക്രമേണ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുത്തുന്ന രോഗമാണിത്.
കൂടുതല്‍ എ.എല്‍.എസ്.രോഗികളില്‍ ഐബ്രെയിന്‍ പരീക്ഷിക്കാനാണ് ന്യൂറോവിജില്‍ സംഘത്തിന്റെ പരിപാടി.
'ഈ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഡോ.ലോയും അദ്ദേഹത്തിന്റെ കമ്പനിയും നടത്തുന്നത്'-ഹോക്കിങ് പ്രസ്താവനയില്‍ പറഞ്ഞു. 'ന്യൂറോവിജിലിന് പ്രായോഗിക ഉപദേശങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ പദ്ധതിയില്‍ പങ്കാളിയായത്. ഈ ഗവേഷണത്തെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും. അതുവഴി എ.എല്‍.എസും മറ്റ് ന്യൂറോഅപചയരോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതീക്ഷയേകാനും ഞാന്‍ ആഗ്രഹിക്കുന്നു'.