കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് പരിചിതമായ പേരാണ് ഐബോള്‍. കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ്, യു.പി.എസ്. കാബിനറ്റ് എന്നിവയുടെ നിര്‍മാതാക്കളും വിതരണക്കാരുമാണ് 2001 മുതല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഐബോള്‍ കമ്പനി. ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഐബോള്‍ 2010 മുതല്‍ മൊബൈല്‍ഫോണ്‍ നിര്‍മാണരംഗത്തേക്കും തിരിഞ്ഞു. മൂവായിരം രൂപയില്‍ താഴെ വിലയുള്ള ബേസിക് മോഡലുകളാണ് കമ്പനി ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരുന്നത്. ഇപ്പോഴിതാ ആന്‍ഡി എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചുകൊണ്ട് ഐബോള്‍ ശ്രദ്ധ നേടുന്നു.
ഐബോള്‍
ആന്‍ഡി 3ഇ (Andi 3e), ആന്‍ഡി 4ഡി (Andi 4d) എന്നീ രണ്ടു സ്മാര്‍ട്‌ഫോണ്‍ മോഡലുകളാണ് ഐബോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇരുമോഡലുകളും ഡ്യുവല്‍ സിമ്മാണ്.
ആന്‍ഡ്രോയ്ഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡി 3 ഇ യ്ക്ക് 6990 രൂപയാണ് വില. 650 മെഗാഹെര്‍ട്‌സ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന 3ഇയ്ക്ക് 3.2 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണുള്ളത്. ജി-സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, 3.2 മെഗാപിക്‌സല്‍ ക്യാമറ, വീഡിയോകോളിങിനായി ഫ്രണ്ട് ക്യാമറ, കണക്ടിവിറ്റിക്കായി ത്രീജി, ബ്ലൂടുത്ത്, വൈഫൈ, ജി.പി.എസ് എന്നിവയുമുണ്ട് ആന്‍ഡി 3 ഇ യില്‍. ഫോണിന്റെ നിറംമാറ്റാനായി എക്‌സ്ട്രാ ബാക്ക് കവറുകള്‍ സൗജന്യമായി ലഭിക്കും.
ബ്രീത്തിങ് ലൈറ്റ് എന്നൊരു സ്വന്തം സംവിധാനവും ഐബോള്‍ ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്‍കമിങ് കോളിനും മെസേജ് സ്വീകരിക്കുമ്പോഴുമെല്ലാം ഫോണില്‍ പ്രത്യേകം ലൈറ്റ് തെളിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കാണാന്‍ ഒരു ചന്തം എന്നതില്‍ കവിഞ്ഞ് ഇതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. 1400 എം.എ.എച്ച്. ബാറ്ററിയാണ് ആന്‍ഡി 3 ഇ യിലുള്ളത്.
ആന്‍ഡി 4ഡി കുറച്ചുകൂടി സൗകര്യങ്ങളൂം സംവിധാനങ്ങളുമുള്ള ഫോണാണ്. വിലയും അതിനനുസരിച്ച് കൂടും- 9,490 രൂപ. ആന്‍ഡ്രോയ്ഡ് 2.3 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന 4 ഡിയില്‍ നാലിഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസറുളളതിനാല്‍ ബ്രൗസിങ് വേഗം കൂടും. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലുള്ളത്. മറ്റ് സംവിധാനങ്ങളെല്ലാം
ആന്‍ഡി 3 ഇയിലുള്ളതു തന്നെ.
മൈക്രോമാക്‌സിന്റെ സൂപ്പര്‍ഫോണ്‍, സാംസങിന്റെ ഗാലക്‌സി വൈ എസ് 5360, എല്‍ജി യുടെ ഒപ്ടിമസ് മി പി 350, സ്‌പൈസ് മൈ-350 എന്‍ എന്നീ ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകളോടാകും ഐബോളിന്റെ ആന്‍ഡി മോഡലുകള്‍ക്ക് മത്സരിക്കേണ്ടിവരുക.