ഐഫോണുകളില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ ബാറ്ററികള്‍ എത്തുമോ

Posted on: 27 Dec 2011


-സ്വന്തം ലേഖകന്‍




ഭാവിയുടെ ഊര്‍ജസ്രോതസ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സങ്കേതമാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടേത്. ഓക്‌സിജനും ഹൈഡ്രജനും സംയോജിച്ച് ജലവും താപവും വൈദ്യുതിയും ഉണ്ടാകുന്ന വിദ്യയാണത്. ഇത്തരം ബാറ്ററികളാകുമോ ഐഫോണുകള്‍ ഉള്‍പ്പടെ ആപ്പിളിന്റെ ഉപകരണങ്ങളില്‍ ഭാവിയില്‍ സ്ഥാനം പിടിക്കുക!

യു.എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസ് അടുത്തയിടെ പുറത്തുവിട്ട ആപ്പിളിന്റെ രണ്ട് പേറ്റന്റ് അപേക്ഷകളാണ് ഇങ്ങനെയൊരു സംശയം ഉണര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ എങ്ങനെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് ആപ്പിളിന്റേത്.

യഥാര്‍ഥത്തില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ ബാറ്ററികള്‍ പുതിയ ആശയമല്ല. ഹോണ്ടയുടെ കാറുകളില്‍ ഇത്തരം ബാറ്ററികള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാല്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങളില്‍ ഈ സങ്കേതം സാധ്യമാക്കുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് ആപ്പിള്‍ സമ്മതിക്കുന്നു.

ഈ പ്രശ്‌നത്തിനുള്ള പരിഹാരം ആപ്പിള്‍ അതിന്റെ പേറ്റന്റ് അപേക്ഷയില്‍ നിര്‍ദേശിക്കുന്നുണ്ട്. ഒരേസമയം വൈദ്യുതി ഉത്പാദിപ്പിക്കാനും, റീച്ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ നിന്ന് വൈദ്യുതി സ്വീകരിക്കാനും സാധിക്കുന്ന ഫ്യുവല്‍ സെല്‍ സംവിധാനമാണ് ആപ്പിള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

അതുപ്രകാരം വലിപ്പവും ഭാരവുമേറിയ ബാറ്ററി ആവശ്യമില്ല. ഫ്യുവല്‍ സെല്‍ സംവിധാനത്തിന്റെ വലിപ്പവും ഭാരവും ചെലവും കാര്യമായി കുറയ്ക്കാന്‍ സാധിക്കും. 'ചാര്‍ജുചെയ്യാതെ ദിവസങ്ങളോ ആഴ്ചകളോ' പ്രവര്‍ത്തിക്കാന്‍ ഇത്തരം ഫ്യുവല്‍ സെല്‍ സംവിധാനത്തിന് കഴിയുമെന്നും ആപ്പിള്‍ പറയുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് ദിവസങ്ങളോളം ബാറ്ററി ബാക്കപ്പ് ലഭിക്കുകയെന്നത്. നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി ആയുസ്സ് പരമാവധി ഒരു ദിവസമാണെന്ന് ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

പുതിയ ബാറ്ററിയുമായി ഐഫോണും മാക്ബുക്‌സുമൊക്കെ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഏതായാലും, ബാറ്ററി രംഗത്തെ ഒരു മുന്നേറ്റം അനിവാര്യമായ ഘട്ടമാണിത്. മൊബൈല്‍ രംഗത്തിന്റെ മുഖമുദ്ര തന്നെ മാറ്റാന്‍ അത്തരമൊരു മുന്നേറ്റത്തിന് സാധിച്ചേക്കും.


TAGS:
hydrogen fuel cells  |  apple  |  energy technology  |  apple  |  patents 


Stories in this Section