40 ലക്ഷം ജീന്‍ സ്വിച്ചുകള്‍ : മാനവജിനോമിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ വെളിവാകുന്നു

മനുഷ്യന്റെ ജനിതകസവിശേഷതകളെക്കുറിച്ചും, ജീവന്റെ തന്മാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യുടെ ഉള്ളടക്കത്തെക്കുറിച്ചുമുള്ള ധാരണകള്‍ തിരുത്താന്‍ സമയമായെന്ന് ഗവേഷകര്‍. 'പാഴ് ഡി.എന്‍.എ' എന്നുപറഞ്ഞ് എഴുതിത്തള്ളിയിരുന്ന ഡി.എന്‍.എ.ഭാഗങ്ങള്‍ പാഴല്ലെന്നും, അവയ്ക്കുള്ളില്‍ 40 ലക്ഷം ജീന്‍ സ്വിച്ചുകള്‍ ഒളിച്ചിരിപ്പുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
രണ്ടു പതിറ്റാണ്ടായി നടന്നുവന്ന
മാനവജിനോം പദ്ധതി അഥവാ ഹ്യുമണ്‍ ജിനോം പ്രോജക്ടില്‍ നിന്നാണ് മനുഷ്യ ഡി.എന്‍.എ.യുടെ പുതിയ രഹസ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ക്ക് പുതിയ ചികിത്സാമാര്‍ഗങ്ങള്‍ തേടാന്‍ ഗവേഷകലോകത്തെ പ്രാപ്തമാക്കുന്നതാണ് ജിനോം മുന്നേറ്റം.
അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍, സിങ്കപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ 32 ലബോറട്ടറികളിലായി 400 ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെട്ട പദ്ധതിയാണ് മാനവജിനോം പദ്ധതി. മനുഷ്യ ഡി.എന്‍.എയിലെ 300 കോടിയിലേറെ രാസബന്ധങ്ങളെ അവയുടെ ക്രമത്തില്‍ കണ്ടെത്തി വിശകലനം ചെയ്ത്, ജീവന്റെ തന്‍മാത്രയിലെഴുതിയിരിക്കുന്ന സംഗതികള്‍ വായിച്ചെടുക്കാനുള്ള ഈ പദ്ധിതി 1990 കളിലാണ് ആരംഭിച്ചത്. അതിന്റെ ആദ്യഘട്ടം 2003 ല്‍ പൂര്‍ത്തിയായി.
മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാകെ ആവശ്യമായ രാസനിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഡി.എന്‍.എ.യിലാണ്. മനുഷ്യശരീരത്തിലെ സര്‍വപ്രവര്‍ത്തനവും സാധ്യമാകുന്നത് ഡി.എന്‍.എ.ഭാഗങ്ങളായി ജീനുകളുടെ നിര്‍ദേശങ്ങളനുസരിച്ചാണ്.
മാനവജിനോമില്‍ ആകെ ഏതാണ്ട് 23000 ജീനുകളുണ്ടെന്നും, ബാക്കി വലിയൊരു പങ്ക് ഡി.എന്‍.എയും പ്രത്യേക ഉപയോഗമില്ലാത്ത പാഴ് ഡി.എന്‍.എ.ആണെന്നുമാണ് ഗവേഷകര്‍ കരുതിയത്.
എന്നാല്‍, 2003 ന് ശേഷം നടത്തിയ സൂക്ഷ്മമായ വിശകലനത്തില്‍ ആ ധാരണ ശരിയല്ലെന്ന് തെളിഞ്ഞു. മാനവജിനോമില്‍ 80 ശതമാനവും ജൈവപരമായി സജീവമാണെന്നും, 40 ലക്ഷം ജീന്‍ സ്വിച്ചുകള്‍ പാഴ് ഡി.എന്‍.എ ('junk DNA') എന്ന് കരുതിയ മേഖലകളില്‍ ഉണ്ടെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
നേച്ചര്‍ ഉള്‍പ്പെടെയുള്ള ഗവേഷണ ജേര്‍ണലുകളിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.
കോശങ്ങളില്‍ ജീനുകളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും നിര്‍ത്തുന്നതിനും ഈ സ്വിച്ചുകള്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. ഇവയെക്കുറിച്ചുള്ള പഠനം ഹൃദ്രോഗം, പ്രമേഹം, മാനസികരോഗം മുതലായവയുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് ഗവേഷകര്‍ കരുതുന്നു.