ജൊഹാനസ്ബര്‍ഗ്: മനുഷ്യരോട് ഏറ്റവും കൂടുതല്‍ രൂപസാദൃശ്യമുള്ള പൂര്‍വികരുടെ അവശിഷ്ടങ്ങളില്‍നിന്ന് അവയുടെ അസ്ഥികൂടം പുനഃസൃഷ്ടിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും സങ്കരരൂപമുള്ള ഈ പൂര്‍വികന് 20 ലക്ഷം വര്‍ഷം പഴക്കമുണ്ട്.
ഇവയുടെ അവശിഷ്ടങ്ങള്‍ 2008-ല്‍ ജൊഹാനസ്ബര്‍ഗില്‍നിന്ന് കണ്ടെത്തിയിരുന്നു. അവ കൃത്യമായി കൂട്ടിച്ചേര്‍ക്കുന്നതിലാണ് ശാസ്ത്രം വിജയിച്ചത്.
'ആസ്ത്രലോപിതേക്കസ് സെദിബ' എന്നാണ് ഈ പൂര്‍വികന് പേരുനല്‍കിയിട്ടുള്ളത്.
ആസ്ത്രലോപിതേക്കസ് വിഭാഗത്തില്‍പ്പെടുന്ന ഇവയുടെ ഇടുപ്പെല്ലും കൈകളും പല്ലുകളും മനുഷ്യരുടേതിനു സമാനമാണ്. കാല്‍പ്പാദങ്ങള്‍ ചിമ്പാന്‍സിയുടേതു പോലെയും. ഒരു ആണ്‍കുട്ടിയുടെയും സ്ത്രീയുടെയും അസ്ഥികൂടാവശിഷ്ടങ്ങളും മുതിര്‍ന്ന പുരുഷന്റെ കണങ്കാല്‍ അസ്ഥികളുമാണ് ഗവേഷകര്‍ കണ്ടെടുത്തത്. ജൊഹാനസ്ബര്‍ഗിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മലാപയില്‍നിന്നാണ് ഇവ ലഭിച്ചത്. ആണ്‍കുട്ടിയും സ്ത്രീയും അമ്മയും മകനുമാണെന്നാണ് കരുതുന്നത്.
ഒരു ഗുഹയില്‍ കുടുങ്ങിയനിലയിലായിരുന്നു ഇവ. പ്രകൃതിദുരന്തത്തെത്തുടര്‍ന്ന് മരിച്ചതോ അബദ്ധത്തില്‍ ഗുഹയില്‍ കുടുങ്ങിയതോ ആകാം ഇവരെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
മനുഷ്യരെപ്പോലെ ഇരുകാലില്‍ നടന്നിരുന്നവയാണ് ആസ്ത്രലോപിതേക്കസ് വിഭാഗം. ഇരുപതു ലക്ഷം വര്‍ഷം മുമ്പും നാല്പതു ലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറവുമാണ് 'സെദിബ' ആഫ്രിക്കയിലുണ്ടായിരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ചിമ്പാന്‍സികളോട് സാദൃശ്യമുള്ള കാലുകളുടെ പ്രത്യേകത മൂലം അല്പം ഉള്ളിലേക്കു വളഞ്ഞായിരിക്കാം ഇവ നടന്നിരിക്കുകയെന്ന് ഗവേഷകര്‍ കരുതുന്നു.
ദക്ഷിണാഫ്രിക്കയിലെ മറ്റൊരു ആദിമവിഭാഗമായി കണക്കാക്കപ്പെടുന്ന ആസ്ത്രലോപിതേക്കസ് ആഫ്രക്കാനസിന്‍േറതുമായി സാമ്യമുള്ളവയാണ് ഇവയുടെ പല്ലുകള്‍.
സെദിബ വര്‍ഗത്തിന്റെ കണ്ടെത്തലിന് ശാസ്ത്രലോകത്തെ സഹായിച്ചത് ഗൂഗിള്‍ എര്‍ത്ത് ആയിരുന്നു.