മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. മൊബൈല്‍ഫോണ്‍ കമ്പനികളുടെ ഈ ആഗോള ഒത്തുചേരലിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ലോകമെങ്ങുമുള്ള മൊബൈല്‍ഫോണ്‍ കമ്പനികളും ടെക്‌നോളജി ആരാധകരും. സ്‌പെയിനിലെ കടലോരനഗരമായ ബാഴ്‌സലോണയില്‍ ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് കോണ്‍ഗ്രസ് നടക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുന്‍നിരമൊബൈല്‍ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിക്കാറ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ്.
സാംസങും നോക്കിയയും മോട്ടറോളയും പോലുള്ള പ്രതാപികള്‍ അരങ്ങുവാഴാറുള്ള മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഇത്തവണ ചൈനീസ് കമ്പനിയായ ഹ്വാവേയും ശ്രദ്ധനേടി. ലോകത്തെ ഏറ്റവും വേഗമേറിയ സ്മാര്‍ട്‌ഫോണ്‍ മോഡല്‍ അവതരിപ്പിച്ചുകൊണ്ടാണ് ഹ്വാവേ വാര്‍ത്തകളില്‍ നിറയുന്നത്. അസെന്റ് ഡി ക്വാഡ് (Ascend D Quad)എന്നു പേരിട്ടിരിക്കുന്ന ഈ ഫോണിന് 'പറക്കും കുതിര'യുടെ വേഗമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതു ബോധ്യപ്പെടുത്താനായി സ്മാര്‍ട്‌ഫോണുകള്‍ കൊണ്ടുനിര്‍മ്മിച്ച ഒരു കൂറ്റന്‍ കുതിരയുടെ രൂപവും ഹ്വാവേ പവിലിയനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഹ്വാവേ സ്വന്തമായി വികസിപ്പിച്ചെടുത്ത കെ3വി2 ക്വാഡ്‌കോര്‍ 1.5 ജിഗാഹെര്‍ട്‌സ് പ്രൊസസറാണ് അസെന്റ് ഡി ക്വാഡിന് അദ്ഭുതവേഗം പകരുന്നത്. ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് പുതുമയല്ല. രണ്ടു ഡ്യുവല്‍ കോര്‍ പ്രൊസസറുകള്‍ ചേരുന്നതാണ് ക്വാഡ്‌കോര്‍ പ്രൊസസര്‍. ഡ്യുവല്‍കോര്‍ പ്രൊസസറുകളുടെ ഇരട്ടിവേഗം ന്യായമായും ക്വാഡ്‌കോറിന് ഉറപ്പുനല്‍കാനാകും. അതുകൊണ്ടാണ് പ്രതിയോഗികളുടെ ഫോണുകളെ അപേക്ഷിച്ച് 49 ശതമാനം അധികവേഗമുള്ള സ്മാര്‍ട്‌ഫോണാണിതെന്ന് ഹ്വാവേ അവകാശപ്പെടുന്നത്.
4.5 ഇഞ്ച് വിസ്താരത്തോടുകൂടിയ സ്‌ക്രീനുള്ള അസെന്റ് ഡി ക്വാഡിന്റെ കനം 8.9 മില്ലിമീറ്ററാണ്. കാഴ്ചയില്‍ ആപ്പിള്‍ ഐഫോണിനോടും സാംസങ് ഗാലക്‌സി നെക്‌സസിനോടും സാമ്യമുണ്ട് ഇതിന്. കാഴ്ചയില്‍ മാത്രമല്ല കാര്യത്തിലും ഡിക്വാഡ് ഇവരെ കിടപിടിക്കുമെന്ന് ഹ്വാവേ പറയുന്നു. 1280 ബൈ 720 റിസൊല്യൂഷനുള്ള ഡിസ്‌പ്ലേയാണ് ഈ ഫോണിലേത്. ഐഫോണിന്റെ റിസൊല്യൂഷന്‍ 960 ബൈ 640 മാത്രമേയുള്ളുവെന്നോര്‍ക്കുക.
എട്ട് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ഡോള്‍ബി 5.1 സറൗണ്ട് സൗണ്ട് സങ്കേതം, 1080 പി ഫുള്‍ ഹൈഡെഫനിഷന്‍ വീഡിയോ പിടിക്കാനും കാണാനുമുള്ള സൗകര്യം ഒക്കെ അസെന്റ് ഡിക്വാഡിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു സ്മാര്‍ട്‌ഫോണുകളേക്കാള്‍ മുപ്പതുശതമാനം അധിക ബാറ്ററി ആയുസ്സും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ടുദിവസം വരെ ഫോണ്‍ റീചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാനാകുമെന്നര്‍ഥം.
ഒരു ജിബി റാം, എട്ട് ജിബി റോം, 32 ജിബി വരെയുള്ള എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്, വൈഫൈ, ജിപിആര്‍എസ്., എഡ്ജ്, ത്രിജി സങ്കേതങ്ങള്‍ ഒക്കെ ഫോണില്‍ ഒരുക്കിയിരിക്കുന്നു. ക്വാഡ്‌കോര്‍ പ്രൊസസറായതിനാല്‍ ഇന്റര്‍നെറ്റ് ബ്രൗസിങും ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനവുമെല്ലാം മിന്നല്‍വേഗത്തില്‍ സാധിക്കും.
''സാദാഫോണുകളില്‍ നിന്ന് സ്മാര്‍ട്‌ഫോണുകളിലേക്ക് മാറുകയെന്നതാണ് ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രവണത. പക്ഷേ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സ്മാര്‍ട്‌ഫോണുകളുടെ കരുത്ത് വര്‍ധിക്കുന്നില്ല. ഫോണിന്റെ വലിപ്പം കൂടുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നു. നമ്മുടെ കൈയുടെ വലിപ്പം കൂടുന്നില്ലല്ലോ. സ്മാര്‍ട്‌ഫോണുകള്‍ക്ക് തീരെ ബാറ്ററി ആയുസില്ലെന്നതും കുഴപ്പമാണ്. ഈ പ്രശ്‌നങ്ങളെല്ലാം മറികടക്കുന്നതാണ് ഡിക്വാഡ് സ്മാര്‍ട്‌ഫോണുകള്‍''- ഹ്വാവേ കമ്പനി ചെയര്‍മാന്‍ റിച്ചാര്‍ഡ് യു പറയുന്നു. ഇരുപത്തയ്യായിരം രുപയ്ക്കടുത്താകും ഈ ഫോണിന്റെ വിലയെന്നും ചെയര്‍മാന്‍ സൂചന നല്‍കി.
ലോഎന്‍ഡ് മൊബൈല്‍ഫോണ്‍ മോഡലുകളുടെ വില്‍പനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഹ്വാവേയുടെ നയംമാറ്റത്തിന്റെ സൂചനയാണ് പുതിയ മോഡല്‍ലിന്റെ അവതരണം. സാംസങും ആപ്പിളും പോലുള്ള വന്‍കിട കമ്പനികളോടാണ് ഹ്വാവേ ഇനി മത്സരിക്കുകയെന്ന് കമ്പനി വൃത്തങ്ങള്‍ രണ്ടുവര്‍ഷം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യു.എസ്. വിപണിയിലേക്ക് പ്രവേശിക്കാനും ഹ്വാവേ പദ്ധതിയിട്ടിട്ടുണ്ട്. ഈ വര്‍ഷം ലോകമെങ്ങുമായി 60 ദശലക്ഷം ഫോണുകള്‍ വിറ്റഴിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.