മീഡിയപാഡ് - ഹ്വാവേയുടെ ക്വാഡ്‌കോര്‍ ടാബ്‌ലറ്റ്‌

Posted on: 02 Mar 2012


-പി.എസ്.രാകേഷ്‌




പ്രൊസസറുകളാണ് ഓരോ കമ്പ്യൂട്ടറിനും ജീവന്‍ പകരുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് പ്രൊസസറുകളുടെ കരുത്ത് വര്‍ധിക്കേണ്ടത് അത്യാവശ്യമായി വന്നു. അങ്ങനെയാണ് ഡ്യുവല്‍ കോര്‍ പ്രൊസസറുകളുടെ പിറവി. രണ്ടു പ്രൊസസറുകള്‍ അഥവാ കോറുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കും എന്നതാണിതിന്റെ ഗുണം. അതിനനുസരിച്ച് വേഗവും ഇരട്ടിയാകും. എം.എം.ഡി.യുടെ ഫെനം 2 എക്‌സ്6, ഇന്റലിന്റെ കോര്‍ ഡ്യുവോ എന്നിവയാണ് ഇന്ന് വിപണിയില്‍ നന്നായി വിറ്റുപോകുന്ന ഡ്യുവല്‍ കോര്‍ പ്രൊസസറുകള്‍. ഡ്യുവല്‍കോറും കടന്ന് നാലു കോറുകളുളള ക്വാഡ്‌കോര്‍ പ്രൊസസറുകളും ആറു കോറുകളുള്ള ഹെക്‌സാ-കോര്‍ പ്രൊസസറുകളും പിറവിയെടുത്തുകഴിഞ്ഞു. എട്ട് കോറുകളുള്ള ഒക്ടാ-കോര്‍ പ്രൊസസറുകള്‍ വികസിപ്പിച്ചെടുത്തുകൊണ്ട് ഇന്റല്‍ ഈ രംഗത്ത് മുന്നേറ്റം തുടരുകയാണ്.

ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ കഴിഞ്ഞദിവസം ലോകത്തിനുമുമ്പാകെ അവതരിക്കപ്പെട്ടു. ചൈനീസ് കമ്പനിയായ ഹ്വാവേയുടെ മീഡിയാപാഡ് 10 എഫ്എച്ച്ഡി എന്ന പത്തിഞ്ച് ടാബ്‌ലറ്റിനാണ് ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്തു പകരുന്നത്. ക്വാഡ്‌കോറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ പത്തിഞ്ച് ടാബ്ലറ്റാണ് തങ്ങളുടേതെന്ന് ഹ്വാവേ അവകാശപ്പെടുന്നു. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മീഡിയാപാഡ് അവതരിപ്പിച്ചത്.

മീഡിയാപാഡ് എന്ന പേരില്‍ നേരത്തേ ഏഴിഞ്ച് വിസ്താരമുള്ള ഒരു ടാബ്‌ലറ്റ് ഹ്വാവേ വിപണിയിലെത്തിച്ചിരുന്നു. അതിന്റെ അപ്‌ഡേറ്റഡ് പതിപ്പായാണ് പത്തിഞ്ച് വിസ്താരമുള്ള സ്‌ക്രീനും ക്വാഡ്‌കോഡ് പ്രൊസസറുമായി പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹ്വാവേ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 1.5 ജിഗാഹെര്‍ട്‌സ് കെ3 ക്വാഡ്‌കോര്‍ പ്രൊസസറാണ് പുതിയ ടാബ്‌ലറ്റില്‍ ഉപയോഗിക്കുന്നത്. ഇന്ന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ചെറിയ ക്വാഡ്‌കോര്‍ പ്രൊസസറാണ് ഹ്വാേവയുടേത്. ഹൈഡെഫനിഷന്‍ വീഡിയോകള്‍ കാണുന്നതിനും ത്രിഡി ഗ്രാഫിക്‌സ് ജോലികള്‍ ചെയ്യുന്നതിനും ത്രിഡി ഗെയിംസ് കളിക്കുന്നതിനുമൊക്കെ മികച്ച വേഗം ഉറപ്പാക്കാന്‍ ഈ പ്രൊസസറിനാകും.


ആന്‍ഡ്രോയ്്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാപാഡ് ടാബ്‌ലറ്റില്‍ രണ്ട് ജിബി റാമാണുള്ളത്. ഹൈഡെഫനിഷന്‍ വീഡിയോകളും ഫോട്ടോകളും പകര്‍ത്താന്‍ ഈ മെമ്മറി ഗുണംചെയ്യും. അഞ്ച് മെഗാപിക്‌സല്‍ ഓട്ടോമാറ്റിക് ഫോക്കസ് ക്യാമറയും വീഡിയോകോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സിനിമകള്‍ കാണാനും സംഗീതം ആസ്വദിക്കാനുമായി ഡോള്‍ബി സറൗണ്ട് സാങ്കേതികവിദ്യയും മീഡിയാപാഡ് വാഗ്ദാനം ചെയ്യുന്നു.

അലൂമിനിയം അലോയ് ബോഡിയോടു കൂടിയ മീഡിയപാഡ് കാഴ്ചയില്‍ സുന്ദരനാണ്. 8.8 മില്ലിമീറ്റര്‍ ഘനവും 598 ഗ്രാം ഭാരവുമുള്ള ഈ ടാബ്‌ലറ്റ് കൊണ്ടുനടക്കാനും സൗകര്യപ്രദം. ഈ വര്‍ഷം പകുതിയോടുകൂടി മീഡിയാപാഡ് 10 എഫ്എച്ച്ഡി വിപണിയിലെത്തുമെന്ന് ഹ്വാവേ കമ്പനി അറിയിക്കുന്നു.



Stories in this Section