ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ 'ഹ്വാവേ' സ്മാര്‍ട്‌ഫോണുകളിറക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. 'ഐഡിയോസ്' എന്നു പേരിട്ടിരിക്കുന്ന ഈ ഫോണുകള്‍ക്ക് 4500 മുതല്‍ 9000 രൂപ വരെയാകും വിലയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്തെ രണ്ടാമത്തെ വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനി എന്ന ഖ്യാതിയുള്ള ഹ്വാവേ ഇന്ത്യയടക്കമുള്ള അമ്പതോളം രാജ്യങ്ങളിലേക്ക് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കയറ്റിഅയക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ബി.എസ്.എന്‍.എല്ലും റിലയന്‍സും എയര്‍ടെല്ലുമൊക്കെ ഹ്വാവേയുടെ ഇടപാടുകാരാണ്.
കഴിഞ്ഞ സപ്തംബറിലാണ് 'ഐഡിയോസ്' എന്ന പേരിലുള്ള സ്മാര്‍ട്‌ഫോണുകള്‍ കമ്പനി ലോകവിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ സംഗതി ഇന്ത്യയിലുമെത്തിയിരിക്കുന്നു. ആന്‍ഡ്രോയ്ഡ് 2.2 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയോസിന് 8,499 രൂപയാണ് വില. ഇതേവിലയ്ക്ക് ആന്‍ഡ്രോയ്ഡ് മോഡലായ സാംസങ് ഗാലക്‌സി 5 കിട്ടുമല്ലോ എന്നു വിവരമുള്ളവര്‍ ഉടന്‍ ചോദ്യമുയര്‍ത്തിയേക്കാം. ശരിയാണ്, ഡെല്ലിന്റെ ആന്‍ഡോയ്ഡ് ഫോണ്‍ എക്‌സ്.സി.ഡി. 28800 രൂപയ്ക്കും മൈക്രോമാക്‌സിന്റെ ആന്‍ഡ്രോ 7,000 രൂപയ്ക്കും കിട്ടാനുണ്ട്.
പിന്നെയെന്തിന് ഐഡിയോസ് വാങ്ങണം എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങളുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ടത് ഐഡിയോസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 2.2 (ഫ്രോയോ) പതിപ്പിലാണ് എന്നതുതന്നെ. ആന്‍ഡ്രോയ്ഡ് 2.1 ഉം 2.2വും തമ്മിലുള്ള വ്യത്യാസം അതു രണ്ടുംഉപയോഗിച്ചവരോടു ചോദിച്ചാല്‍ പറഞ്ഞു തരും. ആന്‍ഡ്രോയ്ഡ് 2.2 വെര്‍ഷനില്‍ മാത്രമൊതുങ്ങുന്നില്ല ഐഡിയോസിന്റെ പെരുമ. ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഈ ചൈനക്കാരന്‍ കേമന്‍ തന്നെ. 528 മെഗാഹെര്‍ട്‌സ് പ്രൊസസറും 256 എം.ബി. റാമുമുളള ഫോണില്‍ 200 എം.ബി. മെമ്മറിയുമുണ്ട്. 32 ജി.ബി. കാര്‍ഡ് വരെ ഉപയോഗിക്കാവുന്ന ഐഡിയോസില്‍ അപ്ലിക്കേഷനുകള്‍ ഡാറ്റ കാര്‍ഡില്‍ സൂക്ഷിക്കാനാകും. ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന നൂറായിരം അപ്ലിക്കേഷന്‍സ് കാരണം ഫോണ്‍ മെമ്മറി നിറയുമെന്ന ഭയം വേണ്ടെന്നര്‍ഥം.
2.8 ഇഞ്ച് ക്യു.വി.ജി.എ. സ്‌ക്രീനുള്ള ഐഡിയോസില്‍ 3.2 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍ എന്നീ സൗകര്യങ്ങളുള്ള ഈ ഫോണില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഹ്വാവേ ഉറപ്പുനല്‍കുന്നുണ്ട്. സെക്കന്‍ഡില്‍ 7.2 എം.ബി. ഡൗണ്‍ലോഡിങ് വേഗമുള്ള ഐഡിയോസില്‍ വൈഫൈ, ത്രീജി സംവിധാനങ്ങളുണ്ട്. ഒരേസമയം എട്ട് ഗാഡ്ജറ്റുകളിലേക്ക് കണക്ട് ചെയ്യാവുന്ന വൈഫൈ റൂട്ടറായും ഐഡിയോസ് പ്രവര്‍ത്തിക്കും. സൗഹൃദക്കൂട്ടായ്മസൈറ്റുകളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശം കൂടാതെ, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ ടോക്ക്, യൂട്യൂബ്, ജിമെയില്‍ എന്നിവ ഞൊടിയിടയില്‍ ഫോണില്‍ ലഭ്യമാകും.
കറുപ്പ്, മഞ്ഞ, നീല, തവിട്ടു നിറങ്ങളില്‍ ലഭിക്കുന്ന ഐഡിയോസ് ഫോണുകള്‍ കാഴ്ചയിലും സുന്ദരന്‍ തന്നെ. അതുകൊണ്ടാകാം രണ്ടുമാസത്തിനുള്ളില്‍ ലോകമെങ്ങുമായി പത്തുലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റുപോയതെന്ന് ഹ്വാവേ കമ്പനി മേനി പറയുന്നു. ഇപ്പോള്‍ ഡോകോമോ, എയര്‍സെല്‍ ഷോറുമുകളില്‍ മാത്രമാണ് ഐഡിയോസ് ലഭിക്കുക. രണ്ടാഴ്ചക്കുള്ളില്‍ രാജ്യത്തെ മുഴുവന്‍ മൊബൈല്‍ ഷോറൂമുകളിലും സാധനമെത്തും.