ലോകത്തേറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി ഹ്വാവേ

Posted on: 19 Jun 2013


-സ്വന്തം ലേഖകന്‍




ലോകത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മാതാക്കളെന്ന ബഹുമതിയായിരുന്നു ഇതുവരെ ചൈനീസ് കമ്പനിയായ ഹ്വാവേയ്ക്കുണ്ടായിരുന്നത്. ഇപ്പോഴിതാ, ലേകത്തേറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഹ്വവേ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു.

ഏറ്റവും കനംകുറഞ്ഞത് മാത്രമല്ല, കൈയുറയിട്ട് പോലും പ്രവര്‍ത്തിക്കാവുന്നത്ര ക്ഷമതയേറിയ ടച്ച്‌സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണാണ് ഹ്വാവേയുടെ അസെന്‍ഡ് പി 6 ( Huawei Ascend P6 ). 6.18 മില്ലിമീറ്റര്‍ കനമുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണിന് വെല്ലുവിളിയുയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

720 X 1280 പിക്‌സെല്‍സ് റിസല്യൂഷനുള്ള 4.7 ഇഞ്ച് ഡിസ്‌പ്ലെയാണ് അസെന്‍ഡ് പി 6 ലുള്ളത്. വെള്ള, കറുപ്പ്, പിങ്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.


സാധാരണ ഇതേ സ്‌ക്രീന്‍ വലിപ്പമുള്ള മറ്റ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകളുടെ മുന്‍വശത്തെ ക്യാമറ 1.2 എം.പി, അല്ലെങ്കില്‍ 2 എം.പി.ആയിരിക്കുമ്പോള്‍, അസെന്‍ഡ് പി 6 ലില്‍ അത് 5 എം.പി.യാണ് (ഓര്‍ക്കുക ഐഫോണ്‍ 5 ലെ മുന്‍ക്യാമറ വെറും 1.2 എം.പി.മാത്രം). അസെന്‍ഡ് പി 6 ന്റെ പിന്‍ഭാഗത്തുള്ള മുഖ്യക്യാമറ 8 എം.പി.യാണ്; ഐഫോണിലേതിന് തുല്ല്യം.

ഹ്വാവേ കമ്പനിയുടെ ഫോണുകള്‍ സാധാരണഗതിയില്‍ അവതരിപ്പിക്കപ്പെടുക ബാര്‍സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണെങ്കില്‍, അസെന്‍ഡ് പി 6 അവതരിപ്പിച്ചത് വടക്കന്‍ ലണ്ടനിലെ ഒരു കലാപ്രദര്‍ശന വേദിയിലാണ്.

1.5 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ് അസെന്‍ഡ് പി 6 ന് കരുത്തുപകരുന്നത്. 2 ജിബി റാമും 8 ജിബി സ്‌റ്റോറേജ് സൗകര്യവും ഫോണിലുണ്ട്. മൈക്രോഎസ്.ഡി.കാര്‍ഡുപയോഗിച്ച് സ്‌റ്റോറേജ് വികസിപ്പിക്കാനും തടസ്സമില്ല. 2000 mAh ബാറ്ററിയാണ് ഇതിലുള്ളത്.


ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് സിംകാര്‍ഡുപയോഗിക്കാം. 3ജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി സങ്കേതങ്ങളൊക്കെയുണ്ട്. എന്‍.എഫ്.സി.ഇല്ല എന്നത് വേണമെങ്കില്‍ ഒരു പോരായ്മയായി ചൂണ്ടിക്കാട്ടാം.

ജൂലായില്‍ വില്‍പ്പനയ്‌ക്കെത്തുന്ന അസെന്‍ഡ് പി 6 ന് ബ്രിട്ടനില്‍ 21 പൗണ്ട് പ്രതിമാസ കോണ്‍ട്രാക്ടോടുകൂടി 385 പൗണ്ട് (35376 രൂപ) ആയിരിക്കും വില. ഇത് ഐഫോണ്‍ 5 ന്റെ ബ്രിട്ടനിലെ വിലയെക്കാളും കുറവാണ്. ഇന്ത്യയില്‍ ഈ ഫോണ്‍ എപ്പോള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നോ എന്ത് വിലയാകുമെന്ന് അറിവായിട്ടില്ല.


Stories in this Section