എച്ച്.ടി.സി.യുടെ 'വൈല്‍ഡ്ഫയര്‍' ഇന്ത്യയിലേക്ക്‌

Posted on: 29 Jul 2010


-പി.എസ്.രാകേഷ്‌






എല്ലാം ഒത്തിണങ്ങിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ 2.1 എഡിഷന്റെ പിന്‍ബലത്തോടെ, 16,000 രൂപായ്ക്ക് ഇന്ത്യയില്‍ ലഭിക്കുകയെന്നു പറഞ്ഞാല്‍ തീര്‍ച്ചയായും അത് നല്ല വാര്‍ത്തയാണ്. അതും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ എച്ച്.ടി.സിയുടെ ഹാന്‍സെറ്റാകുമ്പോള്‍ അതിന്റെ ആകര്‍ഷണീയത ഏറുന്നു. എച്ച്.ടി.സിയുടെ 'വൈല്‍ഡ്ഫയര്‍' ആണ് ഈ പുത്തന്‍ അതിഥി. താമസിയാതെ ഈ ടച്ച്‌സ്‌ക്രീന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തും.

സാംസങിന്റെ കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയ ആന്‍ഡ്രോയിഡ് ഫോണായ 'ഗാലക്‌സി സ്‌പൈക' മോഡലിനെക്കാള്‍ അല്‍പ്പം കൂടുതലേ വരൂ ഇന്ത്യയില്‍ വൈല്‍ഡ്ഫയറിന്റെ വില. എന്നാല്‍, ഗാലക്‌സി സ്‌പൈകയെക്കാള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വൈല്‍ഡ്ഫയറിനാകും. കാരണം, സ്‌പൈകയില്‍ ആന്‍ഡ്രോയിഡ് 1.5 വകഭേദമാണുള്ളത്, ക്യാമറയാണെങ്കില്‍ 3.2 മെഗാപിക്‌സലും. അതേസമയം, ആന്‍ഡ്രോയിഡ് 2.1 വകഭേദത്തില്‍ പ്രവര്‍ത്തിക്കുന്ന വൈല്‍ഡ്ഫയറില്‍ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.

ഗൂഗിളിന്റെ സ്വന്തം ഫോണായ 'നെക്‌സസ് വണ്‍' പോലും നിര്‍മിക്കുന്ന കമ്പനിയാണ് എച്ച്.ടി.സി. അതിനാല്‍ സാങ്കേതികത്തികവിന്റെ കാര്യത്തില്‍ എച്ച്.ടി.സി.യെക്കുറിച്ച് സംശയത്തിനിടയില്ല. സ്വാഭാവികമായും ആ മികവ് ഒത്തിണങ്ങിയ മോഡല്‍ തന്നെയാണ് വൈല്‍ഡ്ഫയറും. പുതുതലമുറ സ്മാര്‍ട് ഫോണുകളിലെ സൗകര്യങ്ങളായ മള്‍ട്ടിടച്ച്, ഒപ്ടിക്കല്‍ ട്രാക്ക്പാഡ്, സെന്‍സ് യൂസര്‍ ഇന്റര്‍ഫേസ് എന്നിവയെല്ലാം വൈല്‍ഡ്ഫയറില്‍ സമ്മേളിപ്പിച്ചിട്ടുണ്ട്.

3.2 ഇഞ്ച് ക്യു.വി.ജി.എ. ടച്ച് സ്്ക്രീന്‍ ഡിസ്‌പ്ലേ, വൈഫൈ, ജി.പി.എസ്., 3.6 എം.എം. ഹെഡ്‌സെറ്റ് ജാക്ക്, എച്ച്.ടി.എം.എല്‍. ബ്രൗസര്‍, റേഡിയോ ഡാറ്റ സിസ്റ്റമടങ്ങുന്ന എഫ്.എം. സൗകര്യം എന്നിവയെല്ലാം വൈല്‍ഡ്ഫയറിലുണ്ട്. അഞ്ച് മെഗാപിക്‌സല്‍ ക്യാമറ എല്‍.ഇ.ഡി. ഫ്ലഷിന്റെ അകമ്പടിയോടെയാണ് ഇതിലുള്ളത്. 528 മെഗാഹെര്‍ട്‌സ് ക്വാല്‍കോം എം.എസ്്.എം. പ്രൊസസറും 384 എം.ബി. റാമുമാണ് ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നത്.



ആന്‍ഡ്രോയിഡിന്റെ 2.1 വകഭേദം കൂടിയാകുമ്പോള്‍ ശരിക്കുമത് 'കാട്ടുതീ' പോലെ കരുത്താര്‍ജിക്കും. നെറ്റ്ബ്രൗസിങ് അതിവേഗത്തില്‍ സാധ്യമാകുന്നതിനൊപ്പം, ആന്‍ഡ്രോയിഡിന്റെ ഭാഗമായുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകളെല്ലാം വൈല്‍ഡ്ഫയറില്‍ സജ്ജമാണ്. ഒപ്പം ഫെയ്‌സ്ബുക്ക് പോലെ സൗഹൃദക്കൂട്ടായ്മകളിലേക്ക് വേഗമെത്താനുള്ള സംവിധാനവും സജ്ജമാണ്.

ഇത്രയും ശക്തിയേറിയ കോണ്‍ഫിഗരേഷനുള്ള മറ്റൊരു ഫോണ്‍ ഈ വിലയ്ക്ക കിട്ടില്ലെന്ന് എച്ച്.ടി.സി.യുടെ എതിരാളികള്‍ പോലും സമ്മതിക്കും. വൈല്‍ഡ്ഫയര്‍ രാജ്യത്ത് ഹിറ്റാക്കാനുള്ള കഠിനശ്രമത്തിലാണ് എച്ച്ടി.സി. കമ്പനി. അതിനായി വന്‍തോതിലുള്ള പരസ്യ ക്യാമ്പയിനും ഉടന്‍ ആരംഭിക്കും. ആഗസ്ത് അവസാനവാരേത്താടെ ഇന്ത്യയിലെങ്ങും 'വൈല്‍ഡ്ഫയര്‍' ഫോണ്‍ ലഭിച്ചുതുടങ്ങും.

TAGS:
htc wildfire  |  htc  |  android phones 
Related News:


Stories in this Section