നമ്മുടെ നാട്ടില്‍ ത്രീജി വിപ്ലവം അതിന്റെ ആരംഭദശയിലാണല്ലോ. തൊട്ടുമുമ്പുള്ള ടുജി സ്‌പെക്ട്രം വിതരണത്തിലെ കോടികളുടെ അഴിമതിയെക്കുറിച്ചുള്ള വിവാദങ്ങളാണെങ്കില്‍ തീര്‍ന്നിട്ടുമില്ല. എന്നാല്‍ ആഗോളസാങ്കേതികരംഗം ത്രീജിയും കടന്ന് 4ജിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ട് നാളുകളേറെയായി. 4ജി സാങ്കേതികവിദ്യയുമായി ഒട്ടേറെ പുതിയ ഫോണുകളാണ് ഏതാനും ദിവസം മുമ്പ് അമേരിക്കയിലെ ലാസ് വേഗാസില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേള (CES 2011)യില്‍ അവതരിപ്പിക്കപ്പെട്ടത്. അതിലൊരെണ്ണമാണ് എച്ച്ടിസി കമ്പനിയുടെ തണ്ടര്‍ബോള്‍ട്ട്.
ത്രീജിയെക്കാള്‍ പത്തിരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന സങ്കേതമാണ് 4ജി. അതുകൊണ്ട് പേര് സൂചിപ്പിക്കും പോലെ മിന്നല്‍വേഗത്തിലുള്ള ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ് സൗകര്യമാണ് എച്ച്.ടി.സി. തണ്ടര്‍ബോള്‍ട്ടിലുള്ളത്. അമേരിക്കയിലെ വെറൈസോണ്‍ ടെലികമ്യൂണിക്കേഷന്‍സ് ആണ് അവരുടെ 4ജി നെറ്റ്‌വര്‍ക്കിന്റെ പിന്തുണയോടെ തണ്ടര്‍ബോള്‍ട്ട് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.
4ജി സംവിധാനം പരമാവധി പ്രയോജനപ്പെടുത്താനുള്ള എല്ലാവിധ സംവിധാനങ്ങളുമായാണ് എച്ച്ടിസി തണ്ടര്‍ബോള്‍ട്ട് വരുന്നത്. ഇതില്‍ ഏറ്റവും പ്രധാനം വീഡിയോ ഫോണ്‍വിളിയാണ്. നിലവില്‍ ത്രീജി വാഗ്ദാനം ചെയ്യുന്ന വീഡിയോ കോളിങിനേക്കാള്‍ വ്യക്തമായ ചിത്രങ്ങളും വേഗവും 4ജി വീഡിയോകോളിങില്‍ ലഭിക്കും. വിളിക്കുന്നയാളെ നേരില്‍ കണ്ടു സംസാരിക്കുന്ന അതേ പ്രതീതി ജനിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. അതിനായി 1.3 മെഗാപിക്‌സല്‍ േശഷിയുള്ള ഫ്രണ്ട് ക്യാമറയും തണ്ടള്‍ബോള്‍ട്ടില്‍ സജ്ജമാക്കിയിട്ടുണ്ട്. ഫോണിന്റെ പിന്നിലുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയ്ക്ക് പുറമെയാണ് ഇത്.
ഫോണിലുള്ള വീഡിയോകളും ചിത്രങ്ങളും ഹൈഡെഫനിഷന്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്ന വൈഫൈ ഡി.എല്‍.എന്‍.എ. സംവിധാനവും തണ്ടര്‍ബോള്‍ട്ടിലുണ്ട്. ഈ സംവിധാനം നോക്കിയ എന്‍-സീരീസ് മുമ്പേ നടപ്പാക്കിയതാണെങ്കിലും എച്ച്ടിസി തങ്ങളുടെ മോഡലുകളില്‍ ആദ്യമായാണ് ഇതു കൊണ്ടുവരുന്നത്.
4.3 ഇഞ്ച് ഡബ്ല്യു.വി.ജി.എ. ടച്ച് സ്‌ക്രീനും ഡോള്‍ബി സറൗണ്ട് സംവിധാനവും തണ്ടര്‍ബോള്‍ട്ടിലുണ്ട്. ആന്‍ഡ്രോയ്ഡ് 2.2 പതിപ്പാണ് തണ്ടര്‍ബോള്‍ട്ടിലെ ഒ.എസ്. ഇത് 2.3 പതിപ്പിലേക്ക് ഉടന്‍ അപ്‌ഗ്രേഡ് ചെയ്യുമെന്ന് എച്ച്ടിസി ഉറപ്പുനല്‍കുന്നു. എച്ച്ടിസി സ്വന്തംനിലയ്ക്ക് വികസിപ്പിച്ച യൂസര്‍ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ആയ 'സെന്‍സും' തണ്ടര്‍ബോള്‍ട്ടിലുണ്ട്. ഒരു ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിലേത്. എട്ട് ജിബി ഇന്റേണല്‍ മെമ്മറി, 768 എം.ബി. റാം, 32 ജി.ബി. വരെ എക്സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുമുണ്ട് തണ്ടര്‍ബോള്‍ട്ടില്‍.
സംസാരത്തിലെ ശബ്ദസുഖമുറപ്പുവരുത്തുന്ന ഡ്യുവല്‍മൈക്ക്, ജി-സെന്‍സര്‍, പ്രോകസ്മിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, കോംപസ് സെസര്‍, ജി.പി.എസ്., എ.ജി.പി.എസ്. എന്നിവ ഈ ഫോണിന്റെ മറ്റു സവിശേഷതകളാകുന്നു. കാഴ്ചയില്‍ അല്പം വലിപ്പക്കൂടുതലുള്ള ഈ ഫോണ്‍ പോക്കറ്റിലൊതുക്കാന്‍ പണിപ്പെടേണ്ടിവരും. തണ്ടര്‍ബോള്‍ട്ടിന് എന്തുവില വരുമെന്നോ എന്നു വിപണിയിലെത്തുമെന്നോ പ്രഖ്യാപിക്കാന്‍ എച്ച്.ടി.സി. തയ്യാറായിട്ടില്ല. എന്തായാലും ഏപ്രിലിനു മുമ്പ് ഈ ഫോണ്‍ അമേരിക്കയിലെങ്കിലും ലഭ്യമാകുമെന്നാണ് സൂചനകള്‍.