സൗഹൃദക്കൂട്ടായ്മാ സൈറ്റായ ഫെയ്‌സ്ബുക്കിന് ദിനംപ്രതി ആരാധകര്‍ ഏറിവരികയാണ്. അതുകൊണ്ടു തന്നെ ഫെയ്‌സ്ബുക്കിലേക്ക് പ്രവേശിക്കാവുന്ന ആപ്ലിക്കേഷനുകള്‍ പുതുതലമുറ ഫോണുകളിലെല്ലാമുണ്ട്. ഇതൊക്കെയുണ്ടെങ്കിലും ഫെയ്‌സ്ബുക്ക് ഉപയോഗത്തിന് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രത്യേകമൊരു ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഏവരെയും അദ്ഭുതപ്പെടുത്തുകയാണ് എച്ച്.ടി.സി.
മൊബൈല്‍വിപണിയില്‍ അതിവേഗം വളര്‍ച്ചനേടിക്കൊണ്ടിരിക്കുന്ന ഈ തയ്‌വാന്‍ കമ്പനി ഫിബ്രവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തന്നെ ഫെയ്‌സ്ബുക്ക് ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. അന്നതിന് ചാച്ച എന്നായിരുന്നു പേരിട്ടിരുന്നത്. അഞ്ചുമാസത്തിനുശേഷം ആഗോളവിപണിയിലേക്കെത്തിക്കുമ്പോള്‍ ഫെയ്‌സ്ബുക്ക് ഫോണിന്റെ പേര് സ്റ്റാറ്റസ് എന്നു പരിഷ്‌കരിച്ചിട്ടുണ്ട് കമ്പനി.
ഒറ്റക്ലിക്കിന് ഫെയ്‌സ്ബുക്കിലേക്ക് പ്രവേശിക്കാവുന്ന പ്രത്യേക ഫെയ്‌സ്ബുക്ക് ബട്ടണുള്ളതാണ് എച്ച്.ടി.സി. സ്റ്റാറ്റസ്. ഒരൊറ്റ ക്ലിക്ക് കൊണ്ട് ഫെയ്‌സ്ബുക്കിലെ ഏത് ജോലിയും നടത്താന്‍ ഉപയോക്താവിന് അവസരമൊരുക്കുന്നതാണ് ഈ ബട്ടണ്‍.
ഫെയ്‌സ്ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുക, ഫോട്ടോ അപ്‌ലോഡ് ചെയ്യുക, വെബ്‌സൈറ്റുകള്‍ പങ്കിടുക, നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ട് പോസ്റ്റ് ചെയ്യുകതുടങ്ങി ഏത് ജോലിക്കും ഈ ബട്ടണ്‍ ധാരാളം മതി. സ്റ്റാന്‍ഡ്‌ബൈ ആയ ഫോണിലെ ഫെയ്‌സ്ബുക്ക് ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ തെളിയുക ഫെയ്‌സ്ബുക്കിലെ വാള്‍പോസ്റ്റ് ആകും. നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ഉടന്‍തന്നെ അവിടെ കുത്തിക്കുറിക്കാനുമാകും.
ക്യാമറ ഓണാക്കിയതിനുശേഷം ഫെയ്‌സ്ബുക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ എടുക്കുന്ന ഫോട്ടോ നേരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ചെയ്യപ്പെടും, ഒരു നിമിഷത്തിന്റെ പോലും സാവകാശമില്ലാതെ. ഇന്റര്‍നെറ്റില്‍ പരതുമ്പോഴും ഫെയ്‌സ്ബുക്ക് ബട്ടന്‍ കൊണ്ട് പ്രയോജനമുണ്ട്. ഇഷ്ടമുള്ള സൈറ്റിന്റെ ലിങ്ക് പോസ്റ്റ് ചെയ്യാന്‍ ഞൊടിയിടയില്‍ ഈ ബട്ടനുപയോഗിച്ച് സാധിക്കും.
ഒരു സുഹൃത്ത് നിങ്ങളെ ഫോണ്‍ വിളിക്കുമ്പോള്‍, അയാളുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് സ്‌ക്രീനില്‍ തെളിഞ്ഞു വരും. മാത്രമല്ല, ഫെയ്ബുക്ക് ബ്രാന്‍ഡഡ് ഹോംസ്‌ക്രീന്‍ വിഡ്ജറ്റുകളും ഉണ്ടാകും. ഫെയ്‌സ്ബുക്ക് ചാറ്റ്, ഫെയ്‌സ്ബുക്ക് മെസേജിങ് തുടങ്ങിയവ ഫോണ്‍ മെസേജിങിന്റെ ഭാഗമാക്കി യോജിപ്പിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ലാത്ത ഒരാള്‍ക്ക് ഈ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും കഴിയില്ലെന്നതാണ് രസകരമായ കാര്യം. ഫോണ്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെങ്കില്‍ ആദ്യം ഫെയ്‌സ്ബുക്ക് ലോഗിന്‍ഐ.ഡിയും പാസ്‌വേഡും എന്റര്‍ ചെയ്യണം.
ഫെയ്‌സ്ബുക്ക് സൗകര്യം മാത്രമല്ല പുത്തന്‍ സ്മാര്‍ട്‌ഫോണുകളിലുള്ള മറ്റെല്ലാ സംവിധാനങ്ങളും എച്ച്.ടി.സി. സ്്റ്റാറ്റസിലുമുണ്ട്. ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രെഡ്) പതിപ്പിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം എച്ച്.ടി.സി.യുടെ സ്വന്തം യൂസര്‍ഇന്റര്‍ഫേസായ സെന്‍സിന്റെ അകമ്പടിയും.
എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ കോളിങിനായി മുന്‍വശത്ത് വി.ജി.എ. ക്യാമറ, ഇന്റഗ്രേറ്റഡ് അസിസ്റ്റഡ് ജി.പി.എസ്്, പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ് എന്നിവ സ്റ്റാറ്റസിന്റെ ഗമ വര്‍ധിപ്പിക്കുന്നു. എണ്ണൂറ് മെഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 512 എം.ബി. റാം എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.
സ്‌ക്രീന്‍ വലിപ്പം തീരെ കുറവാണെന്നതാണ് എച്ച്.ടി.സി. സ്റ്റാറ്റസിനെതിരെയുള്ള പ്രധാന വിമര്‍ശനം. 2.6 ഇഞ്ച് വീതി മാത്രമുള്ള സ്‌ക്രീനില്‍ ഐക്കണുകള്‍ നിറഞ്ഞതിനാല്‍ വായിക്കുക പ്രയാസമാകും. ക്യൂവെര്‍ട്ടി കീപാഡ് ഉള്‍ക്കൊള്ളിക്കാനാണ് സ്‌ക്രീന്‍ വലിപ്പം ഇത്രയും കുറച്ചതെന്ന് തോന്നുന്നു.
സ്‌ക്രീനില്‍ ലാന്‍ഡ്‌സ്‌കേപ്പ് മോഡ് ഡിസ്‌പ്ലേ ഡിഫോള്‍ട്ട് ആക്കിയതും പ്രശ്‌നങ്ങള്‍ സശഷ്ടിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡിലെ പല ആപ്ലിക്കേഷനുകളും ഗെിയമുകളും സ്‌ക്രീനില്‍ കുത്തനെ നിറയുന്ന തരത്തിലുളള പോര്‍ട്രെയ്റ്റ് മോഡിലുള്ളതാണ്. അത്തരം ആപ്ലിക്കേഷനുകള്‍ സ്‌റ്റേറ്റസില്‍ തുറക്കുമ്പോള്‍ കാണാന്‍ അത്ര സുഖമുണ്ടാകില്ല.
തുടര്‍ച്ചയായ ആറര മണിക്കൂര്‍ സംസാരസമയവും 16 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് എച്ച്.ടി.സി. സ്റ്റാറ്റസിന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്. ജൂലായ് 17 മുതല്‍ യൂ.എസ്.വിപണിയില്‍ ലഭിച്ചുതുടങ്ങിയ ഈ ഫോണിന് രണ്ടുവര്‍ഷത്തെ സര്‍വീസ് കോണ്‍ട്രാക്‌േടാടുകൂടി അമ്പതു ഡോളറാണ് വിലയിട്ടിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് ഭ്രാന്തന്‍മാരെ ലക്ഷ്യമിട്ടു നിര്‍മിച്ച ഫോണ്‍ വരും ആഴ്ചകളില്‍ ഇന്ത്യന്‍വിപണികളിലും ലഭിച്ചുതുടങ്ങു. 12,000 രുപയ്ക്കടുത്തായിരിക്കും ഇതിന്റെ ഇന്ത്യന്‍വിലയെന്ന് സൂചനയുണ്ട്.