'സെന്‍സേഷനു'മായി എച്ച്.ടി.സി.

Posted on: 09 Jun 2011


-പി.എസ്.രാകേഷ്‌




ഗാലക്‌സി എസ് 2 എന്ന പുത്തന്‍ സ്മാര്‍ട്‌ഫോണുമായി സാംസങ് വാര്‍ത്ത സൃഷ്ടിക്കുമ്പോള്‍ എച്ച്.ടി.സി.ക്ക് നോക്കിയിരിക്കാന്‍ പറ്റുമോ? സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വന്‍വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഈ തയ്‌വാന്‍ കമ്പനി പുതിയൊരു മോഡലുമായി മത്സരത്തിനിറങ്ങിക്കഴിഞ്ഞു. 'എച്ച്.ടി.സി. സെന്‍സേഷന്‍ 4ജി' എന്നുപേരിട്ടിരിക്കുന്ന ഫോണ്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ടെക്‌നോളജി വെബ്‌സൈറ്റുകളും ഗാഡ്ജറ്റ് ഗുരുക്കന്‍മാരും മികച്ച അഭിപ്രായമാണ് ഈ മോഡലിനെക്കുറിച്ച് പറയുന്നത്. ഗാലക്‌സി എസ് 2 ന് ചേര്‍ന്ന എതിരാളിയായി എച്ച്.ടി.സി. സെന്‍സേഷന്‍ മാറുമെന്ന് മിക്കവരും കരുതുന്നു.


സെന്‍സേഷനില്‍ പെട്ടെന്ന് നമ്മുടെ ശ്രദ്ധ പതിയുക ഫോണിന്റെ സ്്ക്രീനിലേക്കായിരിക്കുമെന്നുറപ്പ്. 4.3 ഇഞ്ച് വലിപ്പത്തില്‍ ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയുള്ള സ്‌ക്രീന്‍ ഉയര്‍ന്ന റെസൊല്യൂഷനിലുള്ള വൈഡ്‌സ്‌ക്രീന്‍ ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഇതു പരമാവധി പ്രയോജനപ്പെടുത്താനായി 'വാച്ച്' എന്ന പേരില്‍ സിനിമാ ഡൗണ്‍ലോഡിങ് സര്‍വീസ് എച്ച്.ടി.സി. പുതുതായി ആരംഭിച്ചിട്ടുണ്ട്. പുതിയ സിനിമകള്‍ വാടകയ്‌ക്കോ വില കൊടുത്തുവാങ്ങിയോ മൊബൈലില്‍ കാണാവുന്ന സേവന സംവിധാനമാണ് എച്ച്.ടി.സി. വാച്ച്. ഈ സിനിമകള്‍ വലിയ സ്‌ക്രീനില്‍ കാണാനായി എച്ച്.ഡി.എം.ഐ. പോര്‍ട്ടും ഫോണിലുണ്ട്. എച്ച്.ഡി.എം.ഐ. കേബിള്‍ ഉപയോഗിച്ച് ഫോണിനെ ഹൈഡെഫനിഷന്‍ ടി.വി.യുമായി ബന്ധിപ്പിച്ച് സിനിമകള്‍ വീട്ടിലെല്ലാവര്‍ക്കും കാണാമെന്നര്‍ഥം.


ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 2.3.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനാണ് സെന്‍സേഷനിലെ ഒഎസ്. വെറുതെ ആന്‍ഡ്രോയിഡ് ഒഎസ് ലോഡ് ചെയ്ത് വിടുന്ന മൊബൈല്‍കമ്പനിയല്ല എച്ച്.ടി.സി. എന്ന് എല്ലാവര്‍ക്കുമറിയാം. ആന്‍ഡ്രോയിഡിന്റെ എല്ലാവിധ സൗകര്യങ്ങളും കാര്യക്ഷമമായി ഉപയോഗിക്കാനുതകുന്ന ഹാര്‍ഡ്‌വേര്‍ ഫോണില്‍ സജ്ജമാക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധവെക്കാറുണ്ട്. ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷനുകളുടെ മികവില്‍ എക്കാലവും മുന്നിട്ടുനില്‍ക്കുന്ന മൊബൈല്‍കമ്പനിയാണ് എച്ച്.ടി.സി. സെന്‍സേഷന്റെ കാര്യത്തിലും പതിവു തെറ്റിച്ചിട്ടില്ല. 1.2 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍കോര്‍ പ്രൊസസര്‍, 768 എംബി റാം എന്നിവയാണ് ഫോണിലുള്ളത്. ബ്രൗസിങും ആപ്‌സ് ഓപ്പണാകുന്നതുമെല്ലാം മിന്നല്‍വേഗത്തില്‍ നടക്കും.


ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ ഹോംസ്‌ക്രീനില്‍ തന്നെ സ്ട്രീം ചെയ്യുന്ന ലോക്ക് സ്‌ക്രീന്‍ മോഡാണ് ഫോണിന്റെ മറ്റൊരുസവിശേഷത. ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്ങോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് സെന്‍സേഷനിലുള്ളത്. വീഡിയോകോളിങിനായി ഫ്രണ്ട് കാമറയുമുണ്ട്. പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, ഇന്റഗ്രേറ്റഡ് അസിസ്റ്റഡ് ജിപിഎസ്്, വൈഫൈ, ബ്ലൂടൂത്ത്, ഡ്യുവല്‍ മൈക്രോഫോണുകള്‍ എന്നിവയും ഫോണിലുണ്ട്. എച്ച്.ടി.സി.യുടെ ഈ പുത്തന്‍ മോഡല്‍ സ്മാര്‍ട്‌ഫോണ്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍വിപണിയിലും എത്തുമെന്നാണ് അറിയുന്നത്. 30,000 രൂപയ്ക്കടുത്താകും വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.


വാല്‍ക്കഷണം : എച്ച്.ടി.സി.സെന്‍സേഷന്റെ കാര്യത്തില്‍ മറ്റൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഐഫോണ്‍ 4 നെ തുടക്കത്തില്‍ ബാധിച്ച 'ഡെത്ത് ഗ്രിപ്പ്' (Death Grip) പ്രശ്‌നം സെന്‍സേഷനെയും ബാധിച്ചിട്ടുണ്ടത്രേ. ഐഫോണ്‍ 4 ചില രീതിയില്‍ പടിക്കുമ്പോള്‍, അതിലേക്കുള്ള സിഗ്നല്‍ ദുര്‍ബലമാകുന്ന പ്രശ്‌നം ആപ്പിള്‍ കമ്പനിക്കുണ്ടാക്കിയ തലവേദന കുറവല്ല. അതുപോലെ എച്ച്.ടി.സി.സെന്‍സേഷന്‍ ചില പ്രത്യേകരീതിയില്‍ പിടിക്കുമ്പോള്‍ ചെറിയ തോതില്‍ സിഗ്നല്‍ ചോര്‍ച്ച സംഭവിക്കുന്നുണ്ടത്രേ. അങ്ങനെയെങ്കില്‍, ഈ ഫോണിന്റെ വിപണിസാധ്യതയ്ക്ക് അത് മങ്ങലേല്‍പ്പിച്ചേക്കും.


TAGS:


Stories in this Section