നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ പലതുകൊണ്ടും വ്യത്യസ്തമാണ് എച്ച്ടിസി റീസൗണ്ട്. കരുത്ത്, ഡിസ്‌പ്ലെ മികവ്, ശബ്ദമികവ് എന്നിവയില്‍ മറ്റ് ഫോണുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് റീസൗണ്ട്. അതേസമയം സാധാരണഫോണുകളെക്കാള്‍ ഭാരക്കൂടുതലുണ്ട് എന്നത് ഇതിന്റെ പോരായ്മയായി വിലയിരുത്തപ്പെടുന്നു.
'ബീറ്റ്‌സ് ഓഡിയോ ടെക്‌നോളജി' ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണിത്. ഡോ.ഡ്രേസ് ബീറ്റ്‌സ് ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഓഹരിയില്‍ നല്ലൊരു പങ്ക് എച്ച്ടിസി സ്വന്തമാക്കിയിരുന്നു. ഒരു ജോടി ബീറ്റ്‌സ് ഓഡിയോ ഇയര്‍ബഡുകള്‍ ഫോണിനൊപ്പം ലഭിക്കും (ബീറ്റ്‌സ് ഓഡിയോബഡ് ഒരുജോഡി പുറമെ വാങ്ങാന്‍ നൂറു ഡോളര്‍ (ഏതാണ്ട് 5000 രൂപ) ആകുമെന്നോര്‍ക്കുക). ഇയര്‍ഫോണ്‍ റീസൗണ്ടില്‍ ഘടിപ്പിക്കുമ്പോള്‍ ഫോണ്‍ അക്കാര്യം മനസിലാക്കുകയും പ്രത്യേക ബീറ്റ്‌സ് ഓഡിയോ ആല്‍ഗരിതത്തിന്റെ സഹായത്തോടെ ശബ്ദം മികച്ചതാക്കും.
720 പി ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേ ഫോണാണ് എച്ച്ടിസി റീസൗണ്ട്. ഹൈഡെഫനിഷന്‍ ടെലിവിഷന്‍ മോഡിന്റെ വ്യക്തതയുടെ അളവുകോലാണ് പി എന്നറിയപ്പെടുന്ന പ്രൊഗ്രസീവ് സ്‌കാന്‍. ഹൈഡെഫനിഷന്‍ ടെലിവിഷനിലെ ഏറ്റവും മിഴിവാര്‍ന്ന ഡിസ്‌പ്ലേ 720 പി ഉറപ്പുനല്‍കുന്നു. അതുകൊണ്ടു തന്നെ എച്ച്ടിസി റീസൗണ്ടിന്റെ ഡിസ്‌പ്ലേ മികവിനോടു കിടപിടിക്കാന്‍ എതിരാളികള്‍ നന്നേ വിയര്‍ക്കേണ്ടിവരും. 4.3 ഇഞ്ച് സൂപ്പര്‍ എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഫോണിലേത്.
ഒരു ജിബി റാം, 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രൊസസര്‍, അഡ്രിനോ 220 ജി.പി.യു., ക്വാല്‍കോം എം.എസ്.എം. 8660 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ് എന്നിവയാണ് എച്ച്ടിസി റീസൗണ്ടിന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത്. ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറിനെ വെല്ലുന്ന സാങ്കേതികത്തികവാണ് ഫോണിലുള്ളതെന്ന് വ്യക്തം. 16 ജിബി ഇന്റേണല്‍ മെമ്മറിയും റീസൗണ്ടിലുണ്ട്. 32 ജിബി കാര്‍ഡ് വരെ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി സ്‌ലോട്ടുമുണ്ട്.
അതുകൊണ്ടാകും നിലവില്‍ ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകുമെന്ന് എച്ച്ടിസി ഉറപ്പുനല്‍കുന്നത്.
ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ഹൈഡെഫനിഷന്‍ ലിങ്കും (എം.എച്ച്.എല്‍.) എച്ച്്ടിസി റീസൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഫോണിലുള്ള വീഡിയോകള്‍ 5.1 സറൗണ്ട് ശബ്ദസുഖത്തോടെ ഹൈഡെഫനിഷന്‍ ടെലിവിഷനില്‍ പ്ലേ ചെയ്യാനാകും എന്നതാണിതുകൊണ്ടുള്ള നേട്ടം.
ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിലുള്ളത്. വീഡിയോ കോളിങിനായി രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ ടോക്ക് തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ ഫോണില്‍ ഇന്‍ബില്‍ട്ട് ആയി ഒരുക്കിയിട്ടുണ്ട്.
4ജിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസി റീസൗണ്ടില്‍ ഡൗണ്‍ലോഡിങടക്കമുള്ള ഇന്റര്‍നെറ്റ് പരിപാടികള്‍ മിന്നല്‍വേഗത്തില്‍ നടക്കുമെന്നുറപ്പ്. രണ്ടുവര്‍ഷത്തെ സര്‍വീസ് കോണ്‍ട്രോക്ട് അടക്കം 299 ഡോളറിനാണ് അമേരിക്കയില്‍ ഈ ഫോണ്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ എത്ര വിലവരും എന്ന് അറിവായിട്ടില്ല.