ആന്‍ഡ്രോയിഡിനെ വെല്ലുവിളിക്കാന്‍ മൈക്രോസോഫ്ട് തയ്യാറാക്കിയ മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് വിന്‍ഡോസ് ഫോണ്‍ 7. അതിന്റെ പുതിയ ഏറ്റവും പുതിയ വേര്‍ഷനാണ് വിന്‍ഡോസ് ഫോണ്‍ 7.5 അഥവാ മാങ്കോ. പത്തു മുന്‍നിര മൊബൈല്‍ക്കമ്പനികള്‍ മാങ്കോയില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുമെന്ന് മൈക്രോസോഫ്ട് സിഇഒ സ്റ്റീവ് ബാല്‍മര്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു.
ഇവയില്‍ സാംസങും എല്‍ജിയും ഡെല്ലും എച്ച്ടിസിയുമെല്ലാം ഉള്‍പ്പെടുന്നു. സാംസങും ഡെല്ലും മാസങ്ങള്‍ക്കുമുമ്പ് തന്നെ വിന്‍ഡോസ് ഫോണുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ തായ്‌വാന്‍ കമ്പനിയായ എച്ച്ടിസിയുടെ ഊഴമായിരിക്കുന്നു. മാങ്കോയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസി റഡാര്‍ സ്മാര്‍ട്‌ഫോണ്‍ കഴിഞ്ഞയാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ അവതരിപ്പിക്കപ്പെട്ടു.
ചെറിയൊരു സ്മാര്‍ട്ട്‌ഫോണ്‍ എന്നേ ആദ്യകാഴ്ചയില്‍ റഡാറിനെക്കുറിച്ച് പറയാനാകൂ. 3.8 ഇഞ്ച് സൂപ്പര്‍ എല്‍സിഡി സ്‌ക്രീന്‍ കാരണമാകാം ഫോണ്‍ ചെറുതെന്ന് തോന്നിക്കുന്നത്. ഇപ്പോഴിറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളുടെയും സ്‌ക്രീന്‍വലിപ്പം നാല് ഇഞ്ചിനു മുകളിലാണല്ലോ. എങ്കിലും റഡാറിന്റെ സോളിഡ് മെറ്റല്‍ബോഡി ഒരു വിലയേറിയ ഫോണിന്റെ പ്രതീതി ജനിപ്പിക്കുന്നു.
ലോ-ലൈറ്റ് സെന്‍സറോടുകുടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണ് റഡാറിലുള്ളത്. രണ്ട് ഫോട്ടോകള്‍ ഒരുമിച്ച് ചേര്‍ത്ത് പനോരമിക് ദൃശ്യാനുഭവം സമ്മാനിക്കുന്ന ഇന്‍ബില്‍ട്ട് പനോരമ മോഡുള്ളതാണ് ക്യാമറ. പ്രൊഫഷനല്‍ ക്യാമറകളില്‍ ഉള്ളതുപോലെ ഫോക്കസ് ശരിയാക്കാന്‍ സഹായിക്കുന്ന ഷട്ടര്‍ബട്ടനും ഇതിലുണ്ട്. വീഡിയോകോളിങിനായി 0.3 വിജിഎ ക്യാമറയും റഡാറിലുണ്ട്്.
മൈക്രോസോഫ്ടിന്റെ മാങ്കോ ഒഎസിന്റെ മികവ് പൂര്‍ണമായും ആസ്വദിക്കാന്‍ റഡാര്‍ സഹായിക്കും. തൊട്ടതിനും പിടിച്ചതിനുമൊക്കെ ആപ്ലിക്കേഷനുണ്ടെന്ന് ആര്‍ത്തുവിളിക്കുന്ന ആന്‍ഡ്രോയിഡിന്റെ രീതിയല്ല മാങ്കോയ്ക്ക്. ആപ്ലിക്കേഷനുകളുടെ എണ്ണം കൂട്ടുകയല്ല ഉള്ള ആപ്ലിക്കേഷനില്‍ വ്യത്യസ്തമായ പരമാവധി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുകയെന്നതാണ് മാങ്കോയുടെ രീതിയെന്നു തോന്നുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്ട് ലൈവ് അപ്‌ഡേറ്റുകളെല്ലാം ഒരിടത്ത് ലഭ്യമാക്കുന്ന 'പീപ്പിള്‍സ് ഹബ്' സംവിധാനം തന്നെ ഏറ്റവും നല്ല ഉദാഹരണം. മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷനായതിനാല്‍ മൈക്രോക്രോസോഫ്ട് ഔട്ട്‌ലുക്ക്, ഓഫീസ്, കലണ്ടര്‍ എന്നിവയുമായുള്ള ഇന്റഗ്രേഷന്‍ എളുപ്പത്തില്‍ നടക്കും.
ഒരു ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 512 എംബി.ാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി, ഇന്‍ബില്‍ട്ട് ബാറ്ററി എന്നിവയാണ് എച്ച്ടിസി റഡാറിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ജിപിആര്‍എസ്, എഡ്ജ് സംവിധാനങ്ങള്‍ ഫോണിലുണ്ട്.
5.1 സറൗണ്ട് സൗണ്ട്, എല്ലാ ഫോര്‍മാറ്റിലുമുള്ള ഓഡിയോ, വീഡിയോ സപ്പോര്‍ട്ട്, എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്, ജി-സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവയും റഡാറിന്റെ മേന്‍മ വര്‍ധിപ്പിക്കുന്നു.
മൈക്രോ എസ്്ഡി കാര്‍ഡ്, യുഎസ്ബി മാസ് സ്‌റ്റോറേജ് സൗകര്യങ്ങളില്ലാത്തത് റഡാറിന്റെ പേരായ്മ തന്നെയാണ്. ഫോണിലെ എട്ട് ജിബി ഇന്‍ബില്‍ട്ട് മെമ്മറി ധാരാളം മതിയെന്നു തോന്നുന്നവര്‍ക്ക് ഇതൊരു പോരായ്മയായി അനുഭവപ്പെടില്ലെന്ന് മാത്രം. ഇന്ത്യയില്‍ ഈ ഫോണിന് 23,990 രുപയായിരിക്കും വില. (ചിത്രങ്ങള്‍ക്ക് കടപ്പാട് : engadget)