ഒന്നാമനാകാന്‍ എച്ച്ടിസി വണ്‍ എക്‌സ്‌

Posted on: 07 Apr 2012


-പി.എസ്.രാകേഷ്‌




2010. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എച്ച്ടിസി എന്ന തായ്‌വാന്‍ കമ്പനി താരമായ കാലമായിരുന്നു അത്. ഡിസയര്‍, ലെജന്‍ഡ്... കമ്പനി വിപണിയിലെത്തിച്ച സ്മാര്‍ട്‌ഫോണ്‍ മോഡലുകളെല്ലാം സൂപ്പര്‍ഹിറ്റായ നല്ല കാലം. പക്ഷേ, ഒരുവര്‍ഷം കഴിഞ്ഞതോടെ കഥയാകെ മാറി, ഉപഭോക്താക്കളുടെ അഭിരുചിയും. ആ സമയത്തായിരുന്നു സാംസങ് ഗാലക്‌സി രണ്ടിന്റെ വരവ്. ആ സ്മാര്‍ട്ട്‌ഫോണ്‍ പെട്ടെന്ന് സ്വീകാര്യത നേടി. സാംസങ് പിന്നീടിറക്കിയ സ്മാര്‍ട്‌ഫോണുകളും നന്നായി സ്വീകരിക്കപ്പെട്ടു. അതോടെ സാംസങ് എന്ന കമ്പനിയുടെ ശുക്രദശ തുടങ്ങി. സ്വാഭാവികമായും മത്സരത്തില്‍ എച്ച്ടിസി പിന്തള്ളപ്പെട്ടു.

മത്സരച്ചൂടില്‍ പുറകിലായിപ്പോയെങ്കിലും എച്ച്ടിസി പിന്നെയും സ്മാര്‍ട്‌ഫോണുകളുടെ വിവിധ മോഡലുകള്‍ ഇറക്കിക്കൊണ്ടിരുന്നു. സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ഇല്ലെന്നത് കമ്പനിക്ക് ചിലപ്പോഴെല്ലാം തിരിച്ചടിയായി. സ്വന്തമായി വികസിപ്പിച്ചെടുത്ത ബഡാ ഓഎസുമായി സാംസങ് ബഹുദൂരം മൂന്നേറിയപ്പോള്‍ വിന്‍ഡോസ് 7, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ മാറിമാറി ഭാഗ്യം പരീക്ഷിക്കുകയായിരുന്നു എച്ച്ടിസി ചെയ്തത്. അപ്പോഴും കുറ്റമറ്റ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കമ്പനി ശ്രമിച്ചുകൊണ്ടേയിരുന്നു.


ഇപ്പോഴിതാ അത്തരമൊരു സുന്ദരമുഹൂര്‍ത്തത്തിന്റെ നിറവിലാണ് എച്ച്ടിസി കമ്പനി. കമ്പനിയുടെ 'വണ്‍ എക്‌സ്' എന്ന മോഡലിനെക്കുറിച്ച് നല്ലതുമാത്രമേ കേള്‍ക്കാനുളളൂ. വണ്‍ എക്‌സാവും ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ രംഗത്തെ രാജാവെന്ന് പല ടെക്പണ്ഡിതന്‍മാരും വിധിയെഴുതിക്കഴിഞ്ഞു. ഇറങ്ങും മുമ്പേ ഹിറ്റായ ഈ ഫോണിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

1. മികച്ച ഡിസ്‌പ്ലേ:
4.7 ഇഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഫോണിലേത്. 720/1280 പിക്‌സല്‍ റിസൊല്യൂഷനോടു കുടിയ വണ്‍ എക്‌സ് ഇതുവരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച ഡിസ്‌പ്ലേയുളള ഫോണ്‍ തന്നെ. പോറലുകളില്‍ നിന്ന് പരിരക്ഷ ഉറപ്പുനല്‍കുന്ന ഗോറില്ല ഗഌസാണ് ഉപയോഗിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐഫോണില്‍ 4.6 ഇഞ്ച് ഡിസ്‌പ്ലേയാകും ഉള്ളതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, 4.7 ഇഞ്ച് ഡിസ്‌പ്ലേയുമായി വണ്‍ എക്‌സിന്റെ വരവ്.

2. ക്വാഡ്‌കോര്‍ പ്രൊസസര്‍:
രണ്ടു ഡ്യുവല്‍കോര്‍ പ്രൊസസറുകളുടെ കരുത്ത് സമ്മാനിക്കുന്ന ക്വാഡ്‌കോര്‍ പ്രൊസസറാണ് എക്‌സ് വണ്ണിലുള്ളത് (quadcore Tegra 3 processor clocked at 1.5GHz). ഈ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ എച്ച്ടിസി ഫോണാണിത്. വിരലിലെണ്ണാവുന്ന കമ്പനികളേ ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ഇറക്കിയിട്ടുള്ളു. എച്ച്ടിസിയുടെ മുഖ്യ എതിരാളികളായ സാംസങ് ആകട്ടെ ഈ വഴിക്ക് ചിന്തിച്ചുതുടങ്ങിയിട്ടുമില്ല. ക്വാഡ്‌കോര്‍ പ്രൊസസറിനൊപ്പം യു.എല്‍.പി. ജിഫോഴ്‌സ് ജി.പി.യുവും ഒരു ജിബി റാമും വണ്‍ എക്‌സിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.


3. മികവാര്‍ന്ന ക്യാമറ: പുതുതലമുറ സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം നില്‍ക്കാനായി ഏറ്റവും മികച്ച ക്യാമറ തന്നെ വണ്‍ എക്‌സില്‍ ഉള്‍പ്പെടുത്താന്‍ എച്ച്ടിസി ശ്രമിച്ചിരിക്കുന്നു. എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്. ഓട്ടോഫോക്കസും എല്‍ഇഡി.ഫ് ളാഷും കൂടിയതാണിത്. എച്ച്ഡി വീഡിയോ, ഫേസ്, സ്‌മൈല്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളും ക്യാമറയിലുണ്ട്. വീഡിയോകോളിങിനായി 1.3 മെഗാപിക്‌സലോടുകുടിയ രണ്ടാം ക്യാമറയും ഫോണില്‍ ഒരുക്കിയിരിക്കുന്നു.

4. ഏറ്റവും പുതിയ ഒ.എസ്.:
ആന്‍ഡ്രോയിഡിന്റെ 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാണ് എച്ച്ടിസി വണ്‍ എക്‌സിലുള്ളത്. ഒപ്പം എച്ച്ടിസി പുതുതായി വികസിപ്പിച്ചെടുത്ത സെന്‍സ് 4 എന്ന യൂസര്‍ ഇന്റര്‍ഫേസും. ഒട്ടും തടസങ്ങളില്ലാതെ മിന്നല്‍വേഗത്തിലുള്ള ആപ്‌സ് ഉപയോഗമാണ് ഐസ്‌ക്രീം സാന്‍വിച്ച് ഉറപ്പുതരുന്നത്.

5. കരുത്തേറിയ ഫോണ്‍:
ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, ആന്‍ഡ്രോയ്ഡ് 4.0 വെര്‍ഷന്‍... ഫോണിന്റെ പ്രവര്‍ത്തനമികവിനെക്കുറിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് വ്യക്തം. കുട്ടികള്‍ക്ക് പോലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍.


6. കണ്ക്ടിവിറ്റി: കണക്ടിവിറ്റിക്കുള്ള എല്ലാ സംവിധാനങ്ങളുമായാണ് എച്ച്ടിസി വണ്‍ എക്‌സിന്റെ വരവ്. ജിപിആര്‍എസ്, എഡ്ജ്, ത്രിജി, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ഡിഎല്‍എന്‍എ തുടങ്ങി എല്ലാവിധ കണക്ടിവിറ്റി ഓപ്ഷനുകളും ഫോണ്‍ ഉറപ്പുനല്‍കുന്നു.

ഗുണങ്ങളൊരുപാടുണ്ടെങ്കിലും ഈ ഫോണിന് ചില ന്യൂനതകളുള്ളത് ചുണ്ടിക്കാട്ടാതെ പറ്റില്ല. മോശം ബാറ്ററിആയുസാണ് അതില്‍ പ്രധാനം. ഊരിമാറ്റാന്‍ ആവാത്ത തരത്തിലുള്ള ബാറ്റിയാണ് ഇതിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ലെന്നതും പോരായ്മ തന്നെ. 32 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുള്ളതിനാല്‍ അതൊരു പ്രശ്‌നമാകില്ലെന്ന മറുവാദവുമുണ്ട്. പ്ലാസ്റ്റിക് ബോഡിയാണ് ഫോണിന്. സൗന്ദര്യമേറിയ മെറ്റല്‍ ബോഡി ആരാധകരെ അത് തെല്ല് നിരാശരാക്കുമെന്നുറപ്പ്.


താമസിയാതെ ഇന്ത്യന്‍ വിപണിയിലെത്തുന്ന വണ്‍ എക്‌സിന് എന്തു വിലവരുമെന്ന് എച്ച്ടിസി സൂചനയൊന്നും നല്‍കിയിട്ടില്ല. ഇന്ത്യയില്‍ ഇതിന് 30,000 മുതല്‍ 35,000 രൂപ വരെ വിലയുണ്ടാകുമെന്ന് വിവിധ ടെക് സൈറ്റുകള്‍ പ്രവചിക്കുന്നു.

ഇപ്പോള്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ വണ്‍ എക്‌സ് തന്നെയാകുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. പക്ഷേ, ഉടന്‍ വിപണിയിലെത്താന്‍ പോകുന്ന സാംസങ് ഗാലക്‌സി എസ് 3, അസ്യൂസ് പാഡ്‌ഫോണ്‍ എന്നീ മോഡലുകളാകും വണ്‍ എക്‌സിന് വെല്ലുവിളിയാവുക. (ചിത്രങ്ങള്‍ കടപ്പാട് : venturebeat.com)


TAGS:
htc one x  |  htc  |  smartphone  |  android phones 


Stories in this Section