നോക്കിയയോളം വളര്‍ന്ന എച്ച്.ടി.സി.

Posted on: 18 Apr 2011


-പി.എസ്.രാകേഷ്‌




ആഗോളവ്യാപകമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് സ്മാര്‍ട്‌ഫോണ്‍ വിപണി. നോക്കിയയും ആപ്പിളും റിം കമ്പനി (ബ്ലാക്ക്ബറി നിര്‍മാതാക്കള്‍)യുമൊക്കെ അരങ്ങുവാഴുന്നിടത്ത് താരതമ്യേനെ പുതുമുഖമായ ഒരു കമ്പനി സ്വാധീനമുറപ്പിക്കുകയാണ്. തയ്‌വാനില്‍ പിറവിയെടുത്ത ആ കമ്പനിയുടെ പേര് എച്ച്.ടി.സി. ആഗോള കുത്തകബ്രാന്‍ഡുകളുടെ ഉറക്കം കെടുത്തിക്കൊണ്ട് എച്ച്.ടി.സി. വന്‍ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു.

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എച്ച്.ടി.സി.യുടെ വിപണിമൂല്യം 3300 കോടി ഡോളറാണ്. മൊബൈല്‍ഫോണ്‍ രംഗത്തെ ഒന്നാംനിര കമ്പനിയെന്ന് ഖ്യാതി നേതിയ നോക്കിയയുടെ വിപണിമൂല്യവും 3300 കോടി ഡോളറാണെന്നറിയുമ്പോഴേ എച്ച്.ടി.സി എത്ര വളര്‍ന്നിരിക്കുന്നു എന്ന് മനസിലാകൂ. ബ്ലാക്ക്‌ബെറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനിയുടെ ഒടുവിലത്തെ വിപണിമൂല്യം 2800 കോടി രൂപയാണെന്നു കൂടി അറിയുക.

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തോ എണ്ണംപറഞ്ഞ മാനേജ്‌മെന്റ് വിദഗ്ധരുടെ തലച്ചോറിന്റെ പിന്‍ബലമോ ഒന്നുമില്ലാതെ തുടങ്ങിയ പാവം കമ്പനിയാണ് എച്ച്.ടി.സി. ചെര്‍വാങ് എന്നു പേരുള്ള ഒരു തയ്‌വാന്‍ വനിതയും സുഹൃത്ത് പീറ്റര്‍ ചൂവും ചേര്‍ന്ന് 1997-ലാണ് എച്ച്.ടി.സി എന്ന 'െൈഹടെക്ക് കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍' തുടങ്ങിയത്. വയര്‍ലെസ് ഹാന്‍ഡ്‌ഹെല്‍ഡ് ഡിവൈസുകളായിരുന്നു കമ്പനി ആദ്യം വിപണിയിലെത്തിച്ചത്. മറ്റു പല തയ്‌വാന്‍ കമ്പനികളെയും പോലെ വന്‍കിട ബ്രാന്‍ഡുകള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഗാഡ്ജറ്റുകള്‍ നിര്‍മിച്ചുകൊടുത്തുകൊണ്ടായിരുന്നു എച്ച്.ടി.സിയുെടയും തുടക്കം.

2000 ത്തില്‍ ലോകത്തെ ആദ്യ ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനി ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് 2002-ല്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് അവര്‍ക്കു വേണ്ടി സ്മാര്‍ട്‌ഫോണ്‍ ഉണ്ടാക്കി. 2006 മുതല്‍ക്കാണ് കമ്പനി സ്വന്തം പേരില്‍ ഫോണുകള്‍ വിപണിയിലെത്തിച്ചത്. 2008-ല്‍ ലോകത്തെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മിച്ചതോടെ കമ്പനിയുടെ സമയം തെളിഞ്ഞു. 'ഡ്രീം' എന്ന പേരിട്ട ആ മോഡല്‍ കമ്പനിക്ക് സ്വപ്‌നവിജയം തന്നെ സമ്മാനിച്ചു. പിന്നീട് തുടരെത്തുടരെ തകര്‍പ്പന്‍ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് എച്ച്.ടി.സി. സ്മാര്‍ട്‌ഫോണിന്റെ മറുപേരായി മാറി. ഇവയില്‍ എച്ച്.ടി.സി. ഡിസൈറും വൈല്‍ഡ്ഫയറുമൊക്കെ മാസങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിനു വിറ്റഴിഞ്ഞ ഫോണുകളാണ്.

ഇന്നിപ്പോള്‍ തയ്‌വാനിലെ ഏറ്റവും ലാഭമേറിയ കമ്പനിയാണ് എച്ച്.ടി.സി. കമ്പനിയുടെ സ്ഥാപകയും ചെയര്‍വുമണുമായ ചെര്‍വാങാകട്ടെ രാജ്യത്തെ ഏറ്റവും സമ്പന്നയായും മാറിക്കഴിഞ്ഞു. ലോകത്തെ അഞ്ചാമതു വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ് എച്ച്.ടി.സി. ഇപ്പോള്‍. നോക്കിയ, ആപ്പിള്‍, റിം, സാംസങ് എന്നിവയാണ് എച്ച്.ടി.സി.ക്ക് മുന്നിലുള്ള കമ്പനികള്‍. ഈ വര്‍ഷം ആദ്യപാദത്തിലെ ലാഭക്കണക്കുകളിലും കമ്പനി വന്‍കുതിപ്പു നടത്തിയിട്ടുണ്ട്. 510 മില്യണ്‍ ഡോളറാണ് ലാഭം കാണിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ലാഭവര്‍ധനവ്.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വര്‍ധിച്ചു വരുന്ന സ്വീകാര്യത ഏറ്റവും കൂടുതല്‍ ഗുണംചെയ്യുക എച്ച്.ടി.സി.ക്കായിരിക്കുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. 2011 അവസാനിക്കുമ്പോഴേക്കും ലോകമെങ്ങുമുള്ള സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 38.5 ശതമാനം പേരും ആന്‍ഡ്രോയിഡ് ഫോണ്‍ ആകും ഉപയോഗിക്കുക. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചരക്കോടി എച്ച്.ടി.സി. സ്മാര്‍ട്‌ഫോണുകളെങ്കിലും വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ വര്‍ഷം ടാബ്‌ലറ്റ് വിപണിയിലേക്കും കടക്കാനൊരുങ്ങുകയാണ് എച്ച്.ടി.സി. ഫ്ലൈയര്‍ എന്നു പേരിട്ടിരിക്കുന്ന ടാബ്‌ലറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും. ആദ്യവര്‍ഷത്തില്‍ ഇരുപതുലക്ഷം ടാബ്‌ലറ്റുകള്‍ വില്‍ക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

എച്ച്.ടി.സി.യുടെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അതിന്റെ സാരഥി ചെര്‍വാങിനാണ് ഏവരും കല്‍പ്പിച്ചുകൊടുക്കുന്നത്. 52-കാരിയായ ചെര്‍വാങ് തന്നെയാണ് കമ്പനിയുടെ എല്ലാമെല്ലാം. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടി നാട്ടില്‍ തിരിച്ചെത്തിയ ചെര്‍വാങ്, പിതാവിന്റെ സ്ഥാപനങ്ങളില്‍ പരിശീലനത്തിനു നിന്നുകൊണ്ടാണ് ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. 1997ല്‍ എച്ച്.ടി.സി. ആരംഭിച്ച ശേഷം ഒരു നിമിഷം വിശ്രമിക്കാതെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ചെര്‍വാങ് കമ്പനിയെ ലോകോത്തരനിലവാരത്തിലെത്തിച്ചത്.

എച്ച്.ടി.സി.യുടെ വളര്‍ച്ച തലവേദന സൃഷ്ടിക്കുക ബദ്ധവൈരികളായ ആപ്പിള്‍ കോര്‍പറേഷനാണ്. പേറ്റന്റ് നിയമലംഘനത്തിന്റെ പേരില്‍ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധം നടന്നുവരികയാണ്. എതിരാളികളുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു രണ്ടു കമ്പനികളും യു.എസ്. ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്.
TAGS:
htc  |  nokia  |  rim  |  apple  |  smartphone market 


Stories in this Section