ദിവസവും പുത്തന്‍ മോഡലുകളുടെ കുടമാറ്റം നടക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തയ്യാറെടുക്കുകയാണ് തയ്‌വാന്‍ കമ്പനിയായ എച്ച്ടിസി. ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് സ്വന്തം സ്ഥാനം കണ്ടെത്തിയ എച്ച്ടിസി, അതേ വിജയം ടാബ്‌ലറ്റുകളിലും ആവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഫ് ളയര്‍ എന്നതാണ് എച്ച്ടിസി ആദ്യമായി വിപണിയിലെത്തിക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ പേര്. ഈ വര്‍ഷമാദ്യം നടന്ന മൊബൈല്‍വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഫ് ളയറിന്റെ വൈഫൈ മോഡല്‍ കഴിഞ്ഞ ദിവസമാണ് വിവിധ രാജ്യങ്ങളില്‍ രംഗത്തെത്തിയത്.
ഗൂഗിള്‍ വികസിപ്പിച്ച മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് തുടക്കം മുതലേ ഉപയോഗിക്കുകയും അത് പ്രചരിപ്പിക്കുന്നതില്‍ മുന്‍കൈയെടുക്കുകയും ചെയ്ത കൂട്ടരാണ് എച്ച്ടിസി. ടാബ്‌ലറ്റിന്റെ കാര്യത്തിലും കാര്യം വ്യത്യസ്തമായില്ല. ആന്‍ഡ്രോയിഡ് തന്നെയാണ് ഫ് ളയറിന്റെ പ്ലാറ്റ്‌ഫോം. എന്നാല്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായി ഗൂഗില്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡ് 3.0 പതിപ്പായ ഹണികോമ്പിന് പകരം മൊബൈലുകളില്‍ ഉപയോഗിക്കുന്ന 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനാണ് ഫ് ളയറിലെ പ്ലാറ്റ്‌ഫോം.
ഹണികോമ്പ് വെര്‍ഷനിലുള്ള ടാബ്‌ലറ്റുകള്‍ പുറത്തിറക്കാന്‍ മറ്റു കമ്പനികള്‍ മത്സരിക്കുമ്പോള്‍ എച്ച്ടിസി ജിഞ്ചര്‍ബ്രെഡ് ടാബ്ലറ്റ് ഇറക്കാന്‍ കാരണമെന്ത്? ഉത്തരം വ്യക്തം. ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് വെര്‍ഷന്റെ സോഴ്‌സ്‌കോഡ് വെളിപ്പെടുത്താന്‍ ഗൂഗിള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഹണികോമ്പിന്റെ അടുത്തവെര്‍ഷനായ 'ആന്‍ഡ്രോയ്ഡ് സാന്‍വിച്ച്' പുറത്തിറക്കിയ ശേഷമേ ഹണികോമ്പിന്റെ കോഡ് പുറത്തുവിടൂ എന്ന തീരുമാനത്തിലാണ് ഗൂഗിള്‍. സാന്‍വിച്ചാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെയേ പുറത്തുവരൂ.
സോഴ്‌സ്‌കോഡ് കിട്ടിയില്ലെങ്കില്‍ എച്ച്.ടി.സി.യൂടെ സ്വന്തം യുസര്‍ഇന്റര്‍ഫേസായ 'സെന്‍സ്' ടാബ്‌ലറ്റില്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല. കുറേ കാശുമുടക്കി വികസിപ്പിച്ചെടുത്ത സെന്‍സ് യുഐയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് എച്ച്ടിസി. ടാബ്‌ലറ്റ് രംഗത്തേക്കുകടന്നതുതന്നെ. അതുകൊണ്ട് തന്നെ സെന്‍സ് കൂടി പ്രവര്‍ത്തിപ്പിക്കാനാകുന്ന ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലേ ഇപ്പോള്‍ ഫ് ളയര്‍ ടാബ് ലഭിക്കൂ.
ഇതുവരെ പറഞ്ഞത് ഫ് ളയറിന്റെ പ്ലാറ്റ്‌ഫോം വിശേഷങ്ങള്‍. ആന്‍ഡ്രോയിഡില്‍ ഒരല്‍പം പുറകിലാണെങ്കിലും ഹാര്‍ഡ്‌വേര്‍ കരുത്തിലും സാങ്കേതികസംവിധാനങ്ങളിലും ഫ് ളയര്‍ ഒരു ചുവടുമുന്നില്‍ തന്നെയാണ്. ഏഴിഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, 1.5 ജിഗാഹെര്‍ട്‌സ് സിംഗിള്‍കോര്‍ സിപിയു, 16 ജിബി മെമ്മറി, മെമ്മറി കാര്‍ഡ് സ്‌ലോട്ട് എന്നിവയൊക്കെ ഫ് ളയറിലുണ്ട്.
'സ്‌ക്രൈബ് പെന്‍' എന്ന പേരിലുള്ള ഡിജിറ്റല്‍ പേനയാണ് സ്‌ക്രൈബിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സ്‌ലേറ്റിലെന്ന പോലെ ടാബ്‌ലറ്റില്‍ എഴുതാനും വരയ്ക്കാനും കുറിപ്പുകളെടുക്കാനുമൊക്കെ 'സ്‌ക്രൈബ് പെന്‍' സഹായിക്കും. ടച്ച്‌സ്‌ക്രീന്‍ ഫോണുകളില്‍ സ്‌റ്റൈലസ് പ്രവര്‍ത്തിക്കുന്നതുപോലെയാണ് ഫ് ളയറില്‍ സ്‌ക്രൈബ് പ്രവര്‍ത്തിക്കുക. ശരിക്കും മാന്ത്രികസ്പര്‍ശം പോലെയാകും സ്‌ക്രൈബ് പെന്‍ പ്രദാനം ചെയ്യുന്ന അനുഭവം.
അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോകോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ബില്‍ട്ടിന്‍ ഡ്യുവല്‍ മൈക്രോഫോണ്‍ എന്നിവയും ഫ് ളയറിലുണ്ട്. 420 ഗ്രാമാണ് ഈ ടാബ്‌ലറ്റിന്റെ ഭാരം.
സേവനങ്ങളുടെ കാര്യത്തില്‍ എച്ച്ടിസി ഫ് ളയര്‍ ഐപാഡിനോടു കിടപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിനു ഹോളിവുഡ് സിനിമകള്‍ ശേഖരിച്ചുവച്ചിട്ടുള്ള 'വാച്ച്' എന്ന വീഡിയോ ലൈബ്രറി, വൈഫൈ, ബ്ലൂടൂത്ത്, അഡോബി ഫ്ലാഷ് സപ്പോര്‍ട്ട്, മികച്ച കണക്ടിവിറ്റിക്കായി ത്രിജി എന്നിവയും ഫ് ളയറിന്റെ പ്രത്യേകതകളാണ്. ഡോക്യുമെന്റുകള്‍ വൈഫൈ വഴി പ്രിന്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
വിലയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കുമില്ല എന്ന നിലപാടിലാണ് എച്ച്ടിസി എന്നു തോന്നുന്നു. വില എത്രയാണെന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആപ്പിളിന്റെ ഐപാഡ് രണ്ടിന്റെ അതേ വിലയാണ് ഫ് ളയറിനെന്ന് സൂചനകളുണ്ട്. ഈ ആഴ്ച തന്നെ ഫ് ളയര്‍ ഇന്ത്യയിലുമെത്തും. ബെസ്റ്റ് ബൈ എന്ന സൈറ്റില്‍ 500 ഡോളറിന് ഇപ്പോള്‍ ഫ് ളയര്‍ ബുക്ക് ചെയ്യാം. സ്‌ക്രൈബ് പെന്‍ വേണമെങ്കില്‍ 80 ഡോളര്‍ വേറെ നല്‍കണം.