എച്ച്.ടി.സി.മിസ്റ്റ്- ഫെയ്‌സ്ബുക്ക് സ്മാര്‍ട്ട്‌ഫോണ്‍

Posted on: 11 Mar 2013




ഒരു പ്രത്യേക ഫെയ്‌സ്ബുക്ക് ബട്ടനോടുകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ എച്ച്.ടി.സി.പുറത്തിറക്കിയത് രണ്ടുവര്‍ഷം മുമ്പാണ്. 'എച്ച്.ടി.സി.സ്റ്റാറ്റസ്' എന്നായിരുന്നു അതിന്റെ പേര്. ഏതാണ്ട് അതേ സവിശേഷതയോടുകൂടിയ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ താമസിയാതെ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'എച്ച്.ടി.സി.മിസ്റ്റ്' (HTC Myst) എന്നാണ് പുതിയ ഫോണിന്റെ പേര്.

എച്ച്.ടി.സിയും ഫെയ്‌സ്ബുക്കും എ.ടി ആന്‍ഡ് ടി കമ്പനിയും സഹകരിച്ചാണ് രണ്ടുവര്‍ഷം മുമ്പ് 'ഫെയ്‌സ്ബുക്ക് ഫോണ്‍' രംഗത്തിറക്കിയത്. ഈ മൂന്നുകക്ഷികളും എച്ച്.ടി.സി.മിസ്റ്റിന്റെ കാര്യത്തിലും കൈകോര്‍ക്കുന്നതായി 'അണ്‍വയേര്‍ഡ് വ്യൂ' (UnwiredView) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

മാത്രമല്ല, എച്ച്.ടി.സി.മിസ്റ്റിന്റെ സ്‌പെസിഫിക്കേഷനുകളും പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ട്. 1.5 GHz ഡ്യുവല്‍-കോര്‍ MSM8960 SoC പ്രൊസസറാകും മിസ്റ്റിന് കരുത്തുപകരുക. 1 ജിബി റാമും 16 ജിബി സ്റ്റോറേജുമുണ്ട്. പക്ഷേ, മൈക്രോ എസ്ഡി കാര്‍ഡ് പറ്റില്ല.

ആന്‍ഡ്രോയിഡ് ജല്ലി ബീന്‍ 4.1.2 പതിപ്പാണ് മിസ്റ്റിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 4.3 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണില്‍ 5 മെഗാപിക്‌സല്‍ പിന്‍ക്യാമറയും, 1.6 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.

വിവിധ ഫെയ്‌സ്ബുക്ക് സോഫ്റ്റ്‌വേറുകള്‍ മുന്‍കൂറായി ലോഡു ചെയ്തതായിരിക്കും ഫോണ്‍. ഫെയ്‌സ്ബുക്ക് ആപ്, ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയൊക്കെ ലോഡ് ചെയ്തിരിക്കും.

ഫെയ്‌സ്ബുക്ക് സ്വന്തം ബ്രാന്‍ഡഡ് ഫോണിറക്കാന്‍ പോകുന്നതായി കുറെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, അത്തരമൊരു ഫെയ്‌സ്ബുക്ക് ഫോണ്‍ 'ശരിയായ തന്ത്രമായിരിക്കില്ലെ'ന്ന്, കമ്പനി സ്ഥാപകനും മേധാവിയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതിയായത്.
TAGS:
htc  |  facebook smartphone  |  htc myst  |  facebook 


Stories in this Section