ആദ്യ 'സൂപ്പര്‍ഫോണ്‍' വരുന്നു

Posted on: 19 May 2010


-സ്വന്തം ലേഖകന്‍





സ്മാര്‍ട്ട് ഫോണുകളുടെ യുഗമായിരുന്നു ഇതുവരെ. എന്നാല്‍, ഏത് സ്മാര്‍ട്ട് ഫോണിനെക്കാളും പത്തുമടങ്ങ് വേഗത്തില്‍ ഇന്റര്‍നെറ്റും ഡേറ്റാകൈമാറ്റവും സാധ്യമാകുന്ന 'സൂപ്പര്‍ഫോണു'കളുടെ യുഗം ആരംഭിക്കുകയാണ്. അമേരിക്കയില്‍ ജൂണ്‍ നാലിന് വില്‍പ്പനയ്‌ക്കെത്തുന്ന 'എച്ച്.ടി.സി. ഇവോ 4ജി' (HTC EVO 4G) ആണ് ഈ നിരയിലെ ആദ്യ ഫോണ്‍. സ്​പ്രിന്റിന്റെ 4ജി സെല്ലുലാര്‍ നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെയാണ് ആദ്യസൂപ്പര്‍ഫോണിന്റെ വരവ്.

നിലവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസിലെ രാജാവായ 3ജിയെ അപേക്ഷിച്ച് പത്തുമടങ്ങ് വേഗമുള്ളതാണ് 4ജി. ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും വീഡിയോ ചാറ്റിങ് നടത്താനും വീഡിയോ കോണ്‍ഫറന്‍സിങ് സാധ്യമാക്കാനുമൊക്കെ സഹായിക്കുന്നതാണ് 4ജി കണക്ഷന്‍. സെല്ലുലാര്‍ വയര്‍ലെസ്സ് സ്റ്റാന്‍ഡേര്‍ഡുകളുടെ നാലാം തലമുറയ്ക്കാണ് 4ജി എന്ന് പറയുന്നത്. 2ജി, 3ജി എന്നീ സങ്കേതങ്ങളുടെ പിന്‍ഗാമിയാണ് 4ജി.

ആപ്പിള്‍ 4ജി ഐഫോണ്‍ ജൂണ്‍ ഏഴിന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതു ശരിയാണെങ്കില്‍, ആപ്പിളിന്റെ പ്രഖ്യാപനത്തിന് മുമ്പേ 4ജി ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിച്ച് മേല്‍ക്കൈ നേടാനുള്ള നീക്കമാണ് എച്ച്.ടി.സി.യുടെയും സ്​പ്രിന്റിന്റെയും. നോക്കയയും 2010 -ല്‍ തന്നെ 4ജി ഫോണുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ നെറ്റ്‌വര്‍ക്കായ വെറൈസോണും 4ജി ഫോണിനായുള്ള പ്രവര്‍ത്തനം തുടരുന്നതായാണ് റിപ്പോര്‍ട്ട്.


ഗൂഗിളിന്റെ 'നെക്‌സസ് വണ്‍' നിര്‍മിക്കുന്ന കമ്പനിയാണ് എച്ച്.ടി.സി. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഈ കമ്പനി ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് ആദ്യ 4ജി ഫോണ്‍ രംഗത്തെത്തിക്കുന്നത്. ഗൂഗിള്‍, ക്വിക് (Qik) തുടങ്ങിയ ആപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ അവരുടെ സോഫ്ട്‌വേറുകളുടെ പുതിയ വകഭേദങ്ങള്‍ എച്ച്.ടി.സി. ഇവോ 4ജിക്കായി രൂപപ്പെടുത്തി. ഇന്റര്‍നെറ്റിന്റെ സ്​പീഡ് മനസിലാക്കി അതിനനുസരിച്ച് 3ജി, അല്ലെങ്കില്‍ 4ജിക്കായി വീഡിയോയുടെ ഡെഫിനിഷന്‍ മാറ്റിക്കൊടുക്കുന്ന യുടൂബ് ആപ്ലിക്കേഷനാണ് അവയിലൊന്ന്.

രണ്ട് ക്യാമറകള്‍ ഇവോ 4ജിയിലുണ്ട്. ഫോണിന്റെ പിന്‍ഭാഗത്ത് എട്ട് മെഗാപിക്‌സല്‍ ക്യാമറയും, മുന്‍ഭാഗത്ത് 1.3 മെഗാപിക്‌സല്‍ ക്യാമറയും. മുന്‍ഭാഗത്തുള്ള ക്യാമറയാണ് വീഡിയോ കോണ്‍ഫറന്‍സിങും മറ്റും നടത്താന്‍ സഹായിക്കുന്നത്. ആദ്യ 4ജി ഫോണിന് 200 ഡോളര്‍ ആണ് അമേരിക്കയില്‍ വിലയിട്ടിരിക്കുന്നത്.










TAGS:
htc evo  |  4g  |  android phones  |  htc 


Stories in this Section