മൊബൈല്‍ഫോണ്‍ മേഖലയില്‍ വ്യത്യസ്തമായ വഴികള്‍ തീര്‍ത്ത കമ്പനിയാണ് എച്ച്.ടി.സി. എന്ന െൈഹടെക്ക് കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍. ചെര്‍വാങ് എന്ന തയ്‌വാന്‍ വനിതയും സുഹൃത്ത് പീറ്റര്‍ ചൂവും ചേര്‍ന്ന് 1997ലാണ് എച്ച്.ടി.സി. തുടങ്ങിയത്. വയര്‍ലെസ് ഹാന്‍ഡ്‌ഹെല്‍ഡ് ഡിവൈസുകളായിരുന്നു കമ്പനി ആദ്യം വിപണിയിലെത്തിച്ചത്. മറ്റു പല തയ്‌വാന്‍ കമ്പനികളെയും പോലെ വന്‍കിടബ്രാന്‍ഡുകള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫോണ്‍ നിര്‍മിച്ചുകൊടുത്തുകൊണ്ടായിരുന്നു എച്ച്.ടി.സി.യുെടയും തുടക്കം.
2000 ല്‍ ലോകത്തിലെ ആദ്യ ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനി ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് 2002 ല്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് അവര്‍ക്കു വേണ്ടി സ്മാര്‍ട്‌ഫോണ്‍ ഉണ്ടാക്കി. 2006 മുതല്‍ക്കാണ് കമ്പനി സ്വന്തം പേരില്‍ ഫോണുകള്‍ വിപണിയിലെത്തിച്ചു തുടങ്ങിയത്. 2008 ല്‍ ലോകത്തിലെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മിച്ചതോടെ കമ്പനിയുടെ സമയം തെളിഞ്ഞു. ഡ്രീം എന്നു പേരിട്ട ആ മോഡല്‍ കമ്പനിക്ക് സ്വപ്‌നവിജയം തന്നെ സമ്മാനിച്ചു. പിന്നീട് തുടരെത്തുടരെ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് എച്ച്.ടി.സി. സ്മാര്‍ട്‌ഫോണിന്റെ മറുപേരായി മാറി.
വില്പനയുടെ കാര്യത്തില്‍ ലോകത്തെ അഞ്ചാമത് വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായിരുന്നു രണ്ടുവര്‍ഷം മുമ്പ് എച്ച്.ടി.സി. നോക്കിയ, ആപ്പിള്‍, ബ്ലാക്ക്‌ബെറി, സാംസങ് എന്നിവരായിരുന്നു എച്ച്.ടി.സി.ക്ക് മുന്നിലുള്ള നാലുപേര്‍. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനിക്ക് വന്‍തിരിച്ചടി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാംസങും ആപ്പിളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ എച്ച്.ടി.സി. വിയര്‍ക്കുകയാണിപ്പോള്‍.
2012 ല്‍ വെറും 1.8 ശതമാനം വിപണിപങ്കാളിത്തവുമായി ഒമ്പതാം സ്ഥാനത്തുനില്‍ക്കുകയാണ് എച്ച്.ടി.സി. ഒരുവര്‍ഷത്തിനുള്ളില്‍ എച്ച്.ടി.സി.യുടെ ഓഹരിവില 60 ശതമാനം കുറഞ്ഞു. ഇങ്ങനെ പോയാല്‍ കമ്പനിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ധനകാര്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ആപ്പിളുമായി തുടരുന്ന പേറ്റന്റ് തര്‍ക്കം കോടതിയിലെത്തിയതോടെ അമേരിക്കന്‍ വിപണിയില്‍ കുറച്ചുകാലം എച്ച്.ടി.സി. ഫോണുകള്‍ക്ക് വിലക്ക് ലഭിച്ചതും കമ്പനിയെ ബാധിച്ചു.
പ്രതിസന്ധികളില്‍ നിന്ന് കരകടക്കാന്‍ പുതിയ പദ്ധതികളുമായി പൊരുതുകയാണ് എച്ച്.ടി.സി. ഇപ്പോള്‍. അതിന്റെ ഭാഗമായി ഏറ്റവും പുതിയൊരു മോഡല്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനി കഴിഞ്ഞമാസം അവതരിപ്പിച്ചു. ഇ-വണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്‍ നിലവില്‍ ചൈനയില്‍ മാത്രമേ വില്പനയ്‌ക്കെത്തിയിട്ടുളളൂ. നമുക്കാവശ്യമുള്ള സ്‌പെസിഫിക്കേഷനോടു കൂടിയ കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്നതുപോലെ ഇ-വണ്ണിന്റെ വിവിധ വെര്‍ഷനുകള്‍ തിരഞ്ഞെടുക്കാനാവും.
എട്ട് ജി.ബി.യുടെയും 16 ജി.ബി.യുടെയും ഇന്റേണല്‍ മെമ്മറിയുള്ള മോഡലുകളുണ്ട്. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുള്ള മോഡല്‍ വേണോ, എട്ട് മെഗാപിക്‌സല്‍ ക്യാമറാമോഡല്‍ വേണോ? രണ്ടും ലഭ്യമാണ്. തിരഞ്ഞെടുക്കാന്‍ ആറു വ്യത്യസ്ത നിറങ്ങളിലാണ് ഇ-വണ്‍ എത്തുന്നത്. ഒരു മോഡലില്‍ തന്നെ വിവിധ വെര്‍ഷനുകളിറക്കി ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എച്ച്.ടി.സി. അധികൃതര്‍ പറയുന്നു.
4.3 ഇഞ്ച് സൂപ്പര്‍ എല്‍.സി.ഡി. ഡിസ്‌പ്ലേ, 1.15 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, 2,100 എം.എ.എച്ച്. ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇ-വണ്ണില്‍ എച്ച്.ടി.സി.യുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ സെന്‍സ് 4.0 വെര്‍ഷനുമുണ്ട്.
ഡ്യുവല്‍സിം മോഡലായ ഇ-വണ്ണില്‍ വൈഫൈ, ബ്ലൂടൂത്ത് 4.0, എന്‍.എഫ്.സി. തുടങ്ങിയ കണക്ടിങ് സാധ്യതകളാണുള്ളത്. ഇന്റേണല്‍ മെമ്മറിക്ക് പുറമെ 32 ജി.ബി. വരെയുളള എസ്.ഡി. കാര്‍ഡുകളും ഇതിലുപയോഗിക്കാനാകും. ഇ-വണ്ണിന്റെ വിവിധ വെര്‍ഷനുകള്‍ക്ക് 14,800 രൂപ മുതല്‍ 16,500 രൂപ വരെയാണ് ചൈനയിലെ വില. ഇന്ത്യയടക്കമുള്ളരാജ്യങ്ങളില്‍ ഈ ഫോണ്‍ എന്നു വില്പനയ്‌ക്കെത്തുമെന്നോ എന്തു വിലയാകുമെന്നോ വ്യക്തമാക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.