തായ്‌വാന്‍ കമ്പനിയായ എച്ച്.ടി.സിയുടെ പുതിയ മോഡല്‍ മൊബൈല്‍ഫോണ്‍ കൂടി ഇന്ത്യന്‍വിപണിയിലെത്തി. എച്ച്.ടി.സി. ഡിസയര്‍ സെഡ് എന്ന പുത്തന്‍മോഡല്‍ വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് കമ്പനി ഇന്ത്യന്‍വിപണിയില്‍ അവതരിപ്പിച്ചത്. സാധാരണയുണ്ടാകുന്ന പ്രൊഡക്ട് ലോഞ്ച് പരിപാടികളും പത്രസമ്മേളനവുമെല്ലാം ഒഴിവാക്കി നേരെ കടകളിലെത്തിക്കുകയായിരുന്നു ഡിസയര്‍ സെഡിനെ.
സ്മാര്‍ട്‌ഫോണുകളുടെ ശ്രേണിയില്‍ ഏറെ ആരാധകരുള്ള കമ്പനിയാണ് എച്ച്.ടി.സി. ഇവരുടെ ഫോണുകളുടെ ഹാര്‍ഡ്‌വെയര്‍ മികവിനെ വെല്ലാന്‍ കാര്യമായി എതിരാളികളില്ലെന്നതുതന്നെ കാര്യം. ഗുണമേന്‍മയ്ക്കനുസൃതമായി ഉ്യര്‍ന്ന വില ഈടാക്കുന്നതിലും എച്ച്.ടി.സി. പുറകിലല്ല. ഇപ്പോഴിറങ്ങിയ ഡിസയര്‍ സെഡിന്റെ വില തന്നെ ഉദാഹരണം-26,000 രൂപ.
കാല്‍ലക്ഷത്തിലേറെ രൂപ മുടക്കി ഈ ഫോണ്‍ വാങ്ങാന്‍ ആളുകളുണ്ടാകുമെന്ന കാര്യത്തില്‍ കമ്പനിക്ക് ആശങ്കയില്ല. ഇതിനുമുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലുകളെല്ലാം ഏറെ സ്വീകരിക്കപ്പെട്ട വസ്തുതയും എച്ച്.ടി.സി.ക്ക് ആത്മവിശ്വാസം പകരുന്നു.
180 ഗ്രാം ഭാരമുള്ള എച്ച്.ടി.സി. ഡിസയര്‍ സെഡ് പിള്ളേര്‍ക്കുള്ള ചെറുഫോണല്ലെന്ന് ആദ്യകാഴ്ചയില്‍ തന്നെ വ്യക്തമാകും. റബ്ബര്‍ കൊണ്ടുപൊതിഞ്ഞ പ്ലാസ്റ്റിക് കേസും വീതിയേറിയ കീബോര്‍ഡുമാണ് ഡിസയറിനെ തടിയനാക്കുന്നത്. പക്ഷേ പോക്കറ്റില്‍ കൊള്ളാന്‍ പ്രയാസമില്ലാത്ത മോഡലാണിതെന്ന് കമ്പനി ആണയിടുന്നു. 3.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഡിസറയിലുള്ളത്. ടച്ച്‌സ്‌ക്രീന്‍ പാനലിന് താഴെയായി ഒരു ഒപ്ടിക്കല്‍ ട്രാക്ക് പാഡുമുണ്ട്. ഫോണ്‍ സ്‌ലൈഡ് ചെയ്തു തുറന്നാല്‍ ഉള്ളില്‍ ക്യുവെര്‍ട്ടി ടൈപ്പ് കീബോര്‍ഡും കാണാം.
ആന്‍ഡ്രോയിഡ് 2.2 പതിപ്പാണ് ഫോണിന്റെ പ്ലാറ്റ്‌ഫോം. ഒപ്പം എച്ച്.ടി.സി.യുടെ സ്വന്തമായ സെന്‍സ് യൂസര്‍ ഇന്റര്‍ഫേസും. ഹാന്‍ഡ്‌സെറ്റിലെ ഫോണ്‍ നമ്പറുകളും മറ്റു വിവരങ്ങളും ക്ലൗഡ് രീതിയില്‍ ഓണ്‍ലൈനില്‍ സൂക്ഷിച്ചുവെക്കാമെന്നതാണ് ഡിസയര്‍ സെഡിന്റെ പ്രധാന സവിശേഷത. സെന്‍സ് യൂസര്‍ഇന്റര്‍ഫേസിന്റെ സഹായത്തോടെയാണ് ഇതു സാധ്യമാകുന്നത്. ആന്‍ഡ്രോയ്ഡ് 2.2 പതിപ്പിന്റെ സൗകര്യങ്ങളും ഏറെയാണ്. ഫോണ്‍ എവിടെയെങ്കിലും കളഞ്ഞുേപായാല്‍ ജി.പി.എസിന്റെ സഹായത്തോടെ ഓണ്‍ലൈനായി കണ്ടുപിടിക്കാനുമാകും.
യാത്രയ്ക്കിടയില്‍ ഓഫീസ്‌ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന ക്വിക്ക്ഓഫീസ് അപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍ബില്‍ട്ടാണ്. മൈക്രോസോഫ്ട് വേഡ്, എക്‌സല്‍, അഡോബി പി.ഡി.എഫ്. ഫയലുകള്‍ പരിശോധിക്കാനും തിരുത്തലുകള്‍ വരുത്തി മറുപടി അയക്കാനുമെല്ലാം ഇതുവഴി സാധിക്കും. മറ്റ് ഗാഡ്ജറ്റുകളിലേക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടാന്‍ സഹായിക്കുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ടായും ഡിസയര്‍ സെഡ് പ്രവര്‍ത്തിക്കും.
800 മെഗാഹെര്‍ട്‌സ് പ്രൊസസറും 512 എം.ബി. റാമുമാണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ ശേഷി. ത്രീജി, വൈഫൈ സൗകര്യങ്ങളുപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ മിന്നല്‍ വേഗത്തിലുള്ള ബ്രൗസിങ് ഉറപ്പുനല്‍കാന്‍ ഡിസയറിനായിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒപ്പം ഒന്നര ജി.ബി. ഓണ്‍ബോര്‍ഡ് മെമ്മറിയുമുണ്ട്. അതുപോരെങ്കില്‍ ഡാറ്റ കാര്‍ഡുപയോഗിച്ച് 32 ജി.ബി. വരെ മെമ്മറി കൂട്ടാം.
എച്ച്.ടി.സി. ഫോണുകളെക്കുറിച്ച് എന്നും കേള്‍ക്കുന്ന പരാതിയാണ് ഗുണമേന്‍മ കുറഞ്ഞ ക്യാമറകള്‍. എന്നാല്‍ ഡിസയര്‍ സെഡില്‍ ആ കുറവു പരിഹരിക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അഞ്ച് മെഗാപിക്‌സലോടുകൂടിയ ക്യാമറയില്‍ ഫ്ലഷും ഓട്ടോഫോക്കസുമെല്ലാമുണ്ട്. 720 പി ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങും ഡിസയര്‍ സെഡില്‍ സാധ്യമാണ്.
ബാറ്ററിആയുസിനെക്കുറിച്ച് സ്ഥിരമായി എച്ച്.ടി.സി. ഫോണുകള്‍ കേള്‍ക്കാറുള്ള പഴി ഡിസയര്‍ സെഡും കേള്‍ക്കേണ്ടിവരുമെന്നതാണ് റിപ്പോര്‍ട്ട്. 1300 എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുപയോഗിക്കുന്നത്. ഒരുദിവസം മുഴുവന്‍ ബാറ്ററി ചാര്‍ജ് നില്‍ക്കാന്‍ ഏറെ പ്രയാസമാണെന്ന് ഉപയോഗിച്ചവര്‍ വിധിയെഴുതിക്കഴിഞ്ഞു. ഫോണിന്റെ ബ്രൈറ്റ്‌നെസ് കുറച്ചും ഇന്റര്‍നെറ്റ്, ജി.പി.എസ്. സൗകര്യങ്ങള്‍ ഏറെ ഉപയോഗിക്കാതെയും ബാറ്ററി ആയുസ് വര്‍ധിപ്പിക്കുകയേ പോംവഴിയുള്ളൂ. ഇതുതന്നെയാണ് ഡിസയര്‍ സെഡിന്റെ പ്രധാന പോരായ്മയും.