എച്ച്.ടി.സി. ഏരിയ-ശരിക്കും സ്മാര്‍ട്ട്
ആളുകളെ വിളിക്കാനും എസ്.എം.എസ്സുകള്‍ വായിക്കാനും മാത്രമായി മൊബൈല്‍ഫോണുകള്‍ കീശയിലിട്ടു നടക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. ഇന്റര്‍നെറ്റില്‍ പരതാനും സിനിമകള്‍ കാണാനും ഓഫീസ് ജോലികള്‍ ചെയ്യാനുമുള്ള പലവിധ ഉപയോഗങ്ങളാണ് പുതിയ മൊബെല്‍ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നത്. 'സ്മാര്‍ട്‌ഫോണുകള്‍' എന്നറിയപ്പെടുന്ന പുത്തന്‍തലമുറ മൊബൈലുകളിലേക്ക് കൂടുതല്‍ കൂടുതല്‍ ആളുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ആപ്പിളിന്റെ ഐഫോണ്‍ 4 കൂടി വിപണിയിലെത്തിയതോടെ സ്മാര്‍ട്‌ഫോണ്‍ രംഗം ശരിക്കും തിളച്ചുമറിയുകയാണ്. ഇതിനിടെയാണ് 'ഏരിയ' എന്ന പുതുപുത്തന്‍ മോഡലുമായി എച്ച്.ടി.സി.യുടെ രംഗപ്രവേശം.
ഹൈടെക് കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ എന്ന തായ്‌വാന്‍ കമ്പനിയാണ് എച്ച്.ടി.സി. സാക്ഷാല്‍ ഗൂഗിളിന്റെ ഫോണായ 'നെക്‌സസ് വണ്‍' നിര്‍മിക്കുന്ന കമ്പനി. ലോകത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയതിന്റെ ക്രെഡിറ്റ് എച്ച്.ടി.സി.ക്കുള്ളതാണ്. വന്‍കമ്പനികളില്‍ പലതും പുതിയതായി സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്കു തിരിഞ്ഞിട്ടും മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ എച്ച്.ടി.സി.ക്കായിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും പ്രത്യേകതകളില്ലാതെ ഐഫോണ്‍യുഗത്തില്‍ എച്ച്.ടി.സി. പുതിയ മോഡല്‍ അവതരിപ്പിക്കില്ലെന്നുറപ്പ്.
ഏറെക്കാലമായി കേട്ടുതുടങ്ങിയ വാര്‍ത്തയായിരുന്നു ഏരിയയുടെ അവതാരം. ആപ്പിള്‍ ഐഫോണ്‍ 4 ഇറക്കിയതിനുതൊട്ടുപിന്നാലെയാണ് ഈ മോഡല്‍ ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. ആപ്പിളുമായുള്ള മത്സരത്തിനായി എച്ച്.ടി.സി. ആവനാഴിയില്‍ സൂക്ഷിച്ചുവച്ചിരുന്ന ദിവ്യാസ്ത്രമായിരുന്നു ഈ ഫോണെന്നുവേണം മനസിലാക്കാന്‍.
ഏരിയയുടെ ഏറ്റവും വലിയ പ്രത്യേകത ഇതു ചെറുതാണ് എന്നതാകും. സ്മാര്‍ട്‌ഫോണുകളുടെ വലിപ്പം കൂടിക്കൂടി വരുന്ന ഈ കാലത്ത് സാധാരണമൊബെലിന്റെ അതേ വലിപ്പത്തില്‍ ഒരു സ്മാര്‍ട് ഫോണ്‍ ഇറക്കുകയെന്നത് ചെറിയകാര്യമല്ല. 480 ഗുണം 320 റെസല്യൂഷന്‍ ടച്ച്‌സ്‌ക്രീനോടു കൂടിയ ഏരിയയില്‍ 3.2 ഇഞ്ചാണ് സ്‌ക്രീനിന്റെ വീതി. സ്‌ക്രീനിന് താഴെ കീപാഡും ഒപ്ടിക്കല്‍ ട്രാക്ക്പാഡുമുണ്ട്. തടിയന്‍കൈവിരലുള്ളവര്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്നതല്ല ഒപ്ടിക്കല്‍ ട്രാക്ക്പാഡെന്ന് ചിലരെങ്കിലും വിമര്‍ശനമുന്നയിച്ചേക്കാം.
ഇതത്രയും പുറംമോഡിയുടെ കാര്യം. ഏര്യയുടെ ഉള്ളിലേക്കിറങ്ങിയാല്‍ എച്ച്.ടി.സി.യുടെ സാങ്കേതികത്തികവ് കൃത്യമായി ബോധ്യമാകും. 700 മെഗാഹെര്‍ട്‌സ് പ്രൊസസറും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 2.1 ഓപ്പറേറ്റിങ് സിസ്റ്റവുമാണ് ഫോണിലേത്. ആന്‍ഡ്രോയ്ഡ് 2.2 വെര്‍ഷന്‍ ഇറങ്ങിക്കഴിഞ്ഞല്ലോ എന്ന് വിമര്‍ശകര്‍ക്ക് ചോദ്യമുന്നയിക്കാം. പക്ഷേ 2.1 വെര്‍ഷന്‍ തന്നെ മികച്ച വേഗം നല്‍കുന്നുണ്ടെന്ന് ഫോണ്‍ ഉപയോഗിച്ചവര്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്നുള്ള നിരവധി അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഏരിയ വാഗ്ദാനം ചെയ്യുന്നു.
മിക്ക സ്മാര്‍ട്‌ഫോണുകളിലുമുള്ള ഹൈസ്പീഡ്വെബ് ബ്രൗസര്‍, മള്‍ട്ടിമീഡിയ, അഞ്ച് മെഗാപിക്‌സല്‍ കാമറ, വി.ജി.എ. റെക്കോഡിങ്, ഓട്ടോഫോക്കസ് എന്നിവയും ഏരിയയിലുണ്ട്. ബ്ലൂടൂത്ത്, വൈഫൈ, ജിപിആര്‍എസ്, യുഎസ്ബി എന്നിവ കണക്ടിവിറ്റിയായുണ്ട്. ജിപിആര്‍എസ്, എഡ്ജ്, ത്രിജി എന്നിവയും എച്ച്ടിഎംഎല്‍ ഇന്റര്‍നെറ്റ് ബ്രൗസറുമാണ് ഡേറ്റ മോഡുകള്‍.
512 എംബി റോമും 384 എംബി റാമുമാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി. കാര്‍ഡുപയോഗിച്ച് 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. കോളുകള്‍ റിക്കോര്‍ഡു ചെയ്യാനുമാകും. 1200 എംഎച്ച് ലി-അയണ്‍ ബാറ്ററിക്ക് സ്റ്റാന്‍ഡ്‌ബൈയില്‍ 372 മണിക്കൂറാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ആയുസ്സ്, ആറ് മണിക്കൂര്‍ ടോക്ക് ടൈമും. കറുത്ത നിറമുള്ള ഫോണിന്റെ ഭാരം 107.7 ഗ്രാം വരും.
ഇന്ത്യന്‍ വിപണിയില്‍ അധികം വൈകാതെ എത്തുന്ന ഈ ഫോണിന് ഇവിടെ വില ഏതാണ്ട് 14000 രൂപ വരുമെന്നാണ് കണക്കാക്കുന്നത്. എന്നുവെച്ചാല്‍, താങ്ങുന്ന വിലയ്ക്ക് ലോകത്തെ ഏറ്റവും മികച്ച മൊബൈല്‍ സാധ്യത പോക്കറ്റിലെത്തുകയാവും എച്ച്.ടി.സി. ഏരിയ സ്വന്തമാക്കുക വഴി സംഭവിക്കുക.