മൂന്നാംവഴിയുമായി എച്ച്പിയുടെ 'ടച്ച്പാഡ്'

Posted on: 14 Jun 2011


-പി.എസ്.രാകേഷ്‌




ആപ്പിളിന്റെ ഐപാഡ് അല്ലെങ്കില്‍ ഏതെങ്കിലും ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്-ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പെട്ടന്ന് മനസിലേക്കെത്തുക ഈ രണ്ട് സാധ്യകളാണ്. എന്നാല്‍, ടാബ്‌ലറ്റുകളുടെ കാര്യത്തില്‍ മൂന്നാമതൊരു വഴിയുണ്ടെന്ന് കാട്ടിത്തരികയാണ് യു.എസ്. കമ്പ്യൂര്‍ നിര്‍മാതാക്കളായ ഹ്യുലെറ്റ്-പക്കാര്‍ഡ് (എച്ച്പി). ഐപാഡിനോടും ആന്‍ഡ്രോയിഡിനോടും മത്സരിക്കാന്‍ പുതിയ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുമായാണ് എച്ച്പിയുടെ രംഗപ്രവേശം. ജൂലായ് ഒന്നിന് ലോകവിപണിയിലെത്തുന്ന 'ടച്ച്പാഡ്' എന്ന ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത് 'വെബ്ഒഎസി'ലാണ്.

'പാം' എന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പനിയെ 120 കോടി ഡോളറിനാണ് 2010 ഏപ്രിലില്‍ എച്ച്പി സ്വന്തമാക്കിയത്. പാം വികസിപ്പിച്ച പ്ലാറ്റ്‌ഫോമാണ് വെബ്ബ്ഒഎസ്. 13.7 മില്ലിമീറ്റര്‍ കനവും 9.7 ഇഞ്ച് വിസ്താരവുമുള്ള ടച്ച്പാഡിന്റെ ഏറ്റവും വലിയ പ്രത്യോകത വെബ്ഒഎസ് എന്ന പ്ലാറ്റ്‌ഫോം തന്നെ. പെര്‍ഫോര്‍മന്‍സില്‍ ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തോട് (ഐഒഎസ്) കിടപിടിക്കാന്‍ കരുത്തുണ്ട് വെബ്ബോസിനെന്ന് ടെക്‌നോളജി വിദഗ്ധര്‍ വിധിയെഴുതുന്നു.

കഴിഞ്ഞ ദിവസം ആപ്പിള്‍ അവതരിപ്പിച്ച ഐഒഎസ് 5 പതിപ്പിലിലില്ലാത്ത ചില സവിശേഷതകള്‍ വെബ്ഒഎസിനുള്ള കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് മള്‍ട്ടിപ്പിള്‍ അപ്ലിക്കേഷന്‍ മാനേജ്‌മെന്റ് സംവിധാനം. ഇമെയില്‍, കലണ്ടര്‍, വെബ് ബ്രൗസര്‍ തുടങ്ങി വ്യത്യസ്ത സേവനങ്ങളില്‍ നിന്ന് മറ്റൊന്നിലേക്ക് പോകണമെങ്കില്‍ സ്‌ക്രീനില്‍ ഒന്നു സൈ്വപ്പ് ചെയ്താല്‍ മതി ടച്ച്പാഡില്‍. എന്നാല്‍ ഐഒഎസില്‍ ഇതു നടപ്പില്ല. ഹോം ബട്ടനില്‍ രണ്ടുതവണ അമര്‍ത്തിയാല്‍ മാത്രമേ ഐഒഎസില്‍ അപ്ലിക്കേഷനുകള്‍ മാറ്റാന്‍ കഴിയൂ. ഫ്ലാഷിന്റെ പിന്തുണയ്‌ക്കൊപ്പം, എച്ച്ടിഎംഎല്‍ 5 വെബ്‌സൈറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും ടച്ച്പാഡ് മുന്നില്‍ തന്നെ. ഐഒഎസില്‍ ഇതുരണ്ടും പ്രവര്‍ത്തിക്കില്ല.

1.2 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍കോര്‍ പ്രൊസസറാണ് ടച്ച്പാഡിന് കരുത്ത് പകരുന്നത്. അതുകൊണ്ടു തന്നെ അപ്ലിക്കേഷനുകള്‍ തുറക്കുന്നതിന്റെയും വെബ് ബ്രൗസിങിന്റെയും വേഗത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട. ഒരു ജിബി മെമ്മറി, മുന്‍വശത്ത് 1.3 മെഗാപിക്‌സല്‍ ക്യാമറ, ത്രിജി, വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയും ടച്ച്പാഡിലുണ്ട്.

തങ്ങളുടേത് മാത്രമായ ചില സവിശേഷതകള്‍ ഈ ടാബ്‌ലറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് എച്ച്പി കമ്പനി അവകാശപ്പെടുന്നു. 'ടച്ച് ടു ഷെയര്‍' സംവിധാനം അത്തരത്തിലുള്ളതാണ്. എച്ച്പിയുടെ തന്നെ സ്മാര്‍ട്‌ഫോണുകളിലെ ഡാറ്റ ടച്ച്പാഡുമായി പങ്കുവെക്കാന്‍ സാധിക്കും. സ്മാര്‍ട്‌ഫോണിലേക്ക് വരുന്ന കോളുകളും എസ്എംഎസുകളുമൊക്കെ ടാബ്‌ലറ്റിലേക്കെത്തുമെന്നര്‍ഥം. നിലവില്‍ എച്ച്പിയുടെ പ്രി 3, വീര്‍ തുടങ്ങിയ സ്മാര്‍ട്‌ഫോണുകളുമായാണ് ഈ പങ്കുവെക്കല്‍ സൗകര്യമുള്ളത്. എച്ച്പിയുടെ പ്രിന്ററുകളിലേക്ക് വയര്‍ലെസ് ആയി പ്രിന്റ് വിടാനുള്ള സൗകര്യവും ടച്ച്പാഡ് വാഗ്ദാനം ചെയ്യുന്നു.

ആമസോണുമായി സഹകരിച്ചുകൊണ്ട് ടച്ച്പാഡില്‍ ഇബുക്കുകള്‍ വായിക്കാനുള്ള സൗകര്യവും എച്ച്പി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗഹൃദക്കൂട്ടായ്മാ വെബ്‌സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലേക്കുള്ള അപ്‌ഡേറ്റുകളെല്ലാം ഒരിടത്ത് പ്രദര്‍ശിപ്പിക്കുന്ന സിനര്‍ജി, ടാബ്‌ലറ്റിലെ ഫയലുകള്‍ സെര്‍ച്ച് ചെയ്യാനുള്ള ജസ്റ്റ് ടൈപ്പ് ഓപ്ഷന്‍ എന്നിവയും ടച്ച്പാഡിന്റെ സവിശേഷതകളാണ്.

ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ മാത്രമാണ് എച്ച്പി പുറകിലായിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ആപ്പിളിലും ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെങ്കില്‍, വളരെക്കുറച്ച് അപ്ലിക്കേഷനുകളേ എച്ച്പിക്ക് സ്വന്തമായുള്ളു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് എച്ച്പി അധികൃതര്‍ അവകാശപ്പെടുന്നു. ടച്ച്പാഡിന്റെ ബാറ്ററി ആയുസിനെക്കുറിച്ച് കമ്പനി വലിയ അവകാശവാദങ്ങള്‍ക്കൊന്നും മുതിരുന്നില്ല.

ജൂണ്‍ ഒന്നിന് അമേരിക്കന്‍ വിപണിയിലെത്തുന്ന ടച്ച്പാഡ് ടാബ്‌ലറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകമെങ്ങും ലഭ്യമാകുമെന്ന് എച്ച്പി വ്യക്തമാക്കുന്നു. കമ്പനിയുടെ വെബ്‌സൈറ്റില്‍ ടച്ച്പാഡിനുള്ള പ്രിബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ടച്ച്പാഡിന്റെ 16 ജിബി മോഡലിന് 500 ഡോളറും (22000 രൂപ), 32 ജിബിയുടേതിന് 600 ഡോളറും (27000 രൂപ) ആയിരിക്കും വിലയെന്ന് സൂചനയുണ്ട്.


TAGS:
hp  |  touchpad  |  tablets  |  synergy  |  palm  |  webos 


Stories in this Section