വിന്‍ഡോസ് എട്ടിലോടും എച്ച്.പി. എലൈറ്റ്പാഡ്
ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളെക്കൂടി ലക്ഷ്യംവെച്ച് മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് വിന്‍ഡോസ് 8. ടാബ്‌ലറ്റ് വിപണിയില്‍ ആന്‍ഡ്രോയിഡിന്റെ കുത്തക അവസാനിപ്പിക്കുകയെന്ന ലക്ഷ്യം കൂടി വിന്‍ഡോസ് 8 നുണ്ട്. 2012 ഒക്‌ടോബര്‍ 26 മുതലാണ് വിന്‍ഡോസ് 8 ഒ.എസ്. വില്പനയ്‌ക്കെത്തിയത്. മൂന്നുമാസം െകാണ്ട് വിന്‍ഡോസ് 8 ന്റെ ആറുകോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞു.
ടാബ്‌ലറ്റുകളില്‍ മാത്രമല്ല നെറ്റ്ബുക്കുകളിലും ലാപ്‌ടോപ്പുകളിലുമൊക്കെ പ്രവര്‍ത്തിപ്പിക്കാവുന്ന വിന്‍ഡോസ് 8 വന്‍സ്വീകാര്യത നേടിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണീ വില്പന. മൈക്രോസോഫ്റ്റ് തന്നെ വിപണിയിലെത്തിയിച്ച സര്‍ഫേസ് എന്ന ടാബ്‌ലറ്റാണ് ആദ്യമായി വിന്‍ഡോസ് 8 ല്‍ പ്രവര്‍ത്തിച്ച ഗാഡ്ജറ്റ്.
സര്‍ഫേസിന് തണുത്ത പ്രതികരണമാണ് ലഭിച്ചതെങ്കിലും ഇപ്പോള്‍ ഒട്ടേറെ കമ്പനികള്‍ വിന്‍ഡോസ് 8 ടാബ്‌ലറ്റുകള്‍ നിര്‍മിച്ചുതുടങ്ങിയിട്ടുണ്ട്. കമ്പനികളെ ആകര്‍ഷിക്കാനായി ഒ.എസിന്റെ വില 30 ഡോളറായി കുറയ്ക്കാനും മൈക്രോസോഫ്റ്റ് തയ്യാറായി. തുടക്കത്തില്‍ 120 ഡോളറായിരുന്നു വിന്‍ഡോസ് 8 ലൈസന്‍സിന്റെ വിലയെന്നോര്‍ക്കുക.
വിന്‍ഡോസ് 8 പ്രോ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളുഴടെ നിരയിലെ ഏറ്റവും പുതിയ അവതാരമാണ്
എച്ച്.പി.യുടെ എലൈറ്റ്പാഡ് 900 (ElitePad 900). 10.1 ഇഞ്ച് വലിപ്പമുള്ള എലൈറ്റ്പാഡ്, സാംസങിന്റെ പുത്തന്‍ ടാബ്‌ലറ്റ് മോഡലായ ഗാലക്‌സി 10.1 ന് ഒത്ത എതിരാളിയാണ്.
സിനിമ കാണാനും നെറ്റ് ബ്രൗസിങിനും മാത്രമല്ല ബിസിനസ് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനും എലൈറ്റ്പാഡിന്റെ സഹായം തേടാമെന്ന് എച്ച്.പി. അവകാശപ്പെടുന്നു. 1280 X 800 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 10.1 ഇഞ്ച് വിസ്താരമുളള സ്‌ക്രീന്‍ തന്നെയാണ് എലൈറ്റ്പാഡിന്റെ ഏറ്റവും വലിയ ആകര്‍ഷണം. വിന്‍ഡോഡ് 8 പ്രോ ഒ.എസ്. ആയതിനാല്‍ എം.എസ്. ഓഫീസ് അടക്കമുള്ള മൈക്രോസോഫ്റ്റിന്റെ എല്ലാ ആപ്ലിക്കേഷനുകളും ഇതില്‍ പ്രവര്‍ത്തിപ്പിക്കാം.
1.8 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ ഇന്റല്‍ ആറ്റം സി.പി.യു., രണ്ട് ജി.ബി. റാം, 64 ജി.ബി. ഇ.എം.എം.സി. എസ്.എസ്.ഡി. ഹാര്‍ഡ് ഡ്രൈവ് എന്നിവയും എലൈറ്റ്പാഡിന്റെ കരുത്താകുന്നു. എട്ട് മെഗാപിക്‌സല്‍ എച്ച്.ഡി. ക്യാമറയും വീഡിയോ കോളിങിനായി സെക്കന്‍ഡറി ക്യാമറയുമുണ്ടിതില്‍. എച്ച്.പി. ഇപ്രിന്റ്, സൈബര്‍ലിങ്ക് യുകാം വിന്‍ഡോസ് ആപ്‌സ്, ലാന്‍ഡെസ്‌ക് മാനേജ്‌മെന്റ് സ്യൂട്ട്, എച്ച്.പി. പേജ്‌ലിഫ്റ്റ്, എവര്‍നോട്ട് തുടങ്ങി ഒട്ടേറെ 'ഗൗരവമേറിയ' ആപ്‌സ് ഇതില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
എച്ച്.പി. സ്ലിം ബ്ലൂടൂത്ത് കീബോര്‍ഡ്, എച്ച്.പി. എക്‌സിക്യുട്ടീവ് ടാബ്‌ലറ്റ് പെന്‍, ഡോക്കിങ് സ്‌റ്റേഷന്‍ എന്നീ ആക്‌സസറികള്‍ എലൈറ്റ് പാഡിനൊപ്പം ലഭിക്കും. എട്ട് മണിക്കൂര്‍ ബാറ്ററി ആയുസ്സും 11 മണിക്കൂര്‍ അഡിഷനല്‍ ബാറ്ററി റിസര്‍വും കമ്പനി എലൈറ്റ്പാഡിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞയാഴ്ച മുതല്‍ ലഭ്യമായിത്തുടങ്ങിയ എച്ച്.പി. എലൈറ്റ് പാഡിന് 43,500 രൂപയാണ് വില.