ബാംഗ്ലൂര്‍: കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററായ രുദ്രയ്ക്ക് പ്രാഥമിക പ്രവര്‍ത്തന അനുമതി ലഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് പ്രഹര ശേഷിയുള്ള ലഘു യുദ്ധ ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്.
സെന്‍റര്‍ ഫോര്‍ മിലിറ്ററി എയര്‍വര്‍ത്തിനസ് ആന്‍ഡ് സര്‍ട്ടിഫിക്കേഷനാണ് അനുമതി നല്‍കിയത്. പ്രതിരോധരംഗത്തെ തദ്ദേശീയമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് അനുമതിയെ കാണുന്നതെന്ന് എച്ച്.എ.എല്‍. ചെയര്‍മാന്‍ ഡോ. ആര്‍.കെ. ത്യാഗി പറഞ്ഞു.
ഇതോടെ വ്യോമപ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികളുടെ പട്ടികയില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും സ്ഥാനം കണ്ടെത്തി. ഹെലികോപ്റ്ററിന്റെ ഡിസൈന്‍, നിര്‍മാണം, ആയുധം ഘടിപ്പിക്കല്‍ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂര്‍ത്തിയാക്കിയത്.
കരസേനയ്ക്കായുള്ള 'രുദ്ര എം.കെ-4 'സേനയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇനിയും പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്.
ഫിബ്രവരി ആറു മുതല്‍ നടക്കുന്ന എയ്‌റോ ഇന്ത്യയില്‍ കാണികളെ കോരിത്തരിപ്പിക്കാന്‍ രുദ്രയും ആകാശത്ത് പറന്നെത്തും. കരസേനയ്ക്കായി രണ്ട് രുദ്ര ഹെലികോപ്റ്ററുകളാണ് ഒരുങ്ങിയിരിക്കുന്നത്. പൂര്‍ണമായും സായുധവല്‍ക്കരിച്ചാണ് രുദ്ര പ്രദര്‍ശനത്തിനെത്തുക.
കരസേനയ്ക്ക് മുന്‍നിര പോരാട്ടങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് രുദ്ര. ആകാശത്ത് നിന്ന് കരയിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈല്‍ ഘടിപ്പിക്കാനുള്ള ശേഷി ഇനിയും പരീക്ഷിക്കാനുണ്ട്. എന്നാല്‍, ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍, 20 എം.എം. തോക്കുകള്‍, 700 എം. എം. റോക്കറ്റുകള്‍, എന്നിവ വഹിക്കാനുള്ള ശേഷി രുദ്ര ഹെലികോപ്റ്ററിനുണ്ട്.