'ലുല്‍സ്‌സെക്' ഗ്രൂപ്പ് സൈബര്‍ ആക്രമണം നിര്‍ത്തുന്നു

Posted on: 26 Jun 2011


-സ്വന്തം ലേഖകന്‍




'ലുല്‍സ്‌സെക്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലുല്‍സ് സെക്യൂരിറ്റി സംഘം, സൈബര്‍ ആക്രമണം നിര്‍ത്തുന്നതായും സ്വയം പിരിഞ്ഞുപോകുന്നതായും പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ സുരക്ഷാ വ്യവസായത്തിനെതിരെ നിലവില്‍ വന്ന സൈബര്‍ അധോലോകസംഘമാണ് ആക്രമണം നിര്‍ത്തുന്നതായി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചത്.

50 ദിവസത്തെ ആക്രമണമാണ് തങ്ങള്‍ പ്ലാന്‍ ചെയ്തത്. ആ സമയംകൊണ്ട് 'ആന്റിസെക്' (ആന്റി സെക്യൂരിറ്റി) പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു. നിശ്ചയിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് സ്വയം പിരിഞ്ഞു പോകുന്നതെന്ന് ലുല്‍സ്‌സെക് അതിന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

അമേരിക്കന്‍ സുരക്ഷാഏജന്‍സികള്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. അതെന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍, ലുല്‍സ്‌സെക് കഴിഞ്ഞ 50 ദിവസം കൊണ്ട് ആര്‍ക്കൊക്കെ നേരെ സൈബര്‍ ആക്രമണം വിജയകരമായി നടത്തി എന്നറിയണം.

ആ പട്ടിക ഇതാണ്, കേട്ടോളൂ-അമേരിക്കന്‍ ചാരസംഘടനയായ സിഐഎ, യു.എസ്.സെനറ്റിന്റെ വെബ്‌സൈറ്റ്, നിന്റെന്‍ഡോ (Nintendo), സോണി കോര്‍പ്പറേഷന്‍, അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ എടിആന്‍ഡ് ടി (AT&T), ഡിസ്‌നി കമ്പനി, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (FBI), ഫോക്‌സ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍,....ഈ പട്ടിക നീളുകയാണ്!

ശരിക്കുപറഞ്ഞാല്‍ 'ലുല്‍സ്‌സെക്' ഒരു അധോലോക സൈബര്‍ കൊള്ളസംഘമാണ്, കമ്പ്യൂട്ടര്‍ ഭേദകഗ്രൂപ്പ്. സി.ഐ.എ.പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെയും വന്‍കിട കമ്പനികളുടെയും വെബ്‌സൈറ്റുകള്‍ ഭേദിച്ച് രഹസ്യവിവരങ്ങള്‍ ചോര്‍ത്തുകയാണ് അവര്‍ ചെയ്തത്.

ബ്രിട്ടനിലെ 'സീരിയസ് ഓര്‍ഗനൈസ്ഡ് ക്രൈം ഏജന്‍സി'യുടെ വെബ്‌സൈറ്റ് ഭേദിക്കാന്‍ ശ്രമിച്ചതിന്, ലുല്‍സ്‌സെക് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 കാരനായ റയാന്‍ ക്ലിയറിനെ ബ്രിട്ടനില്‍ അടുത്തയിടെ അറസ്റ്റു ചെയ്തിരുന്നു.

വിടപറയുന്നതിന്റെ ഭാഗമായി, അവസാന സമ്മാനമെന്ന നിലയ്ക്ക് എടി ആന്‍ഡ് ടി, എ.ഒ.എല്‍, ഡിസ്‌നി, യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ്, ഇ.എം.ഐ, എഫ്.ബി.ഐ. എന്നിവയില്‍ നിന്നുള്ള ഡാറ്റ 'ലുല്‍സ്‌സെക്' പുറത്തുവിട്ടു.

'ലുല്‍സ്‌സെക്' സ്വയംപിരിയാന്‍ തീരുമാനിച്ചു എന്നു കരുതി സൈബര്‍ ആക്രമണമോ കമ്പ്യൂട്ടര്‍ ഭേദനമോ അവസാനിച്ചു എന്നു കരുതരുത്. ഏറെക്കാലമായി രംഗത്തുള്ള 'അനോണിമസ്' (Anonymous) ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്.

'ലുല്‍സ്‌സെക്' ഗ്രൂപ്പ് പിരിഞ്ഞാല്‍ തന്നെ, ആ ഗ്രൂപ്പിനെക്കൊണ്ടുള്ള ഭീഷണി അവസാനിച്ചു എന്നു കരുതാനാകില്ലെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാവിദഗ്ധര്‍ വിലയിരുത്തുന്നു. 277000 ലേറെ അനുയായികളുള്ള ആ ഗ്രൂപ്പ് ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുനരവതരിച്ചുകൊണ്ടിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
TAGS:


Stories in this Section