സ്ത്രീസുരക്ഷയ്ക്ക് ജി.പി.എസ്. വാച്ചുമായി ടെലികോം വകുപ്പ്
എം.കെ. അജിത് കുമാര്‍

ന്യൂഡല്‍ഹി: സ്ത്രീസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി ടെലികോം വകുപ്പ് ചെറുഉപകരണം വികസിപ്പിച്ചെടുത്തു. ജി.പി.എസ്. സംവിധാനമുള്ള ഈ ഉപകരണം വാച്ച് രൂപത്തില്‍ ധരിക്കുകയോ മൊബൈല്‍ ഫോണില്‍ 'സോഫ്റ്റ് വെയറായി' ഉള്‍ച്ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുകയോചെയ്യാം.
ഇക്കൊല്ലം അവസാനത്തോടെ ഇത് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനാവുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. 500 രൂപയില്‍ താഴെ വിലയ്ക്ക് ഉപകരണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കഴിഞ്ഞകൊല്ലം ഡിസംബറില്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുശേഷമാണ് ടെലികോം വകുപ്പ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചന തുടങ്ങിയത്. വകുപ്പുമന്ത്രി കപില്‍ സിബല്‍ ഇതിന് പ്രത്യേകം താത്പര്യമെടുത്തിരുന്നു. ഉപകരണത്തിന്റെ മാതൃക അദ്ദേഹം പരിശോധിച്ച് അന്തിമാനുമതി നല്‍കി.
ടെലികോം വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സി.ഡി.എ.സി.യാണ് (സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്) സുരക്ഷാ ഉപകരണം നിര്‍മിച്ചത്. വാച്ചായി ധരിക്കാവുന്ന ഈ ഉപകരണത്തിന്റെ ഒരു ബട്ടണ്‍ ആപത്ഘട്ടത്തില്‍ അമര്‍ത്തിയാല്‍ അതില്‍നിന്ന് 'എസ്.എം.എസ്. കണ്‍ട്രോള്‍ റൂമി'ലേക്ക് തനിയേ സന്ദേശം പോകും. അവിടെനിന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും നേരത്തേ രജിസ്റ്റര്‍ ചെയ്തുവെക്കുന്ന വേറൊരു നമ്പറിലേക്കും സന്ദേശം അയയ്ക്കും. ജി.പി.എസ്. സംവിധാനമുള്ളതിനാല്‍ ആപത്തിലുള്‍പ്പെട്ട വ്യക്തിയുടെ അടുത്തേക്ക് വേഗത്തിലെത്താന്‍ പോലീസിന് സാധിക്കും.
പോലീസിനെക്കൂടി പങ്കാളിയാക്കി ഈ ഉപകരണം വിവിധ സ്ഥലങ്ങളില്‍ ഉടനെ പരീക്ഷിക്കും. ഇതിനുള്ള പിന്നണി സംവിധാനങ്ങളും കണ്‍ട്രോള്‍ റൂം സൗകര്യവും ഒരുക്കേണ്ടതുണ്ട്. തുടക്കത്തില്‍ വാച്ച് രൂപത്തിലാണ് ഉപകരണം വിപണിയിലിറക്കുക. പിന്നീടായിരിക്കും മൊബൈലുമായുള്ള ബന്ധപ്പെടുത്തല്‍. പൊതുസ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാവും വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം. വിലയുടെ കാര്യം സര്‍ക്കാര്‍ തീരുമാനിക്കും.