വിവാദ സിനിമ: യൂട്യൂബിനെ വിലക്കാനാവില്ലെന്ന് കോടതി

Posted on: 21 Sep 2012




ലോസ് ആഞ്ജലീസ്: മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച വിവാദ ചലച്ചിത്രം 'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്' യൂട്യൂബില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെടാനാവില്ലെന്ന് ലോസ് ആഞ്ജലീസ് കോടതി വ്യക്തമാക്കി. സിനിമയിലഭിനയിച്ച നടി സിന്‍ഡി ലീ ഗാര്‍ഷ്യ നിര്‍മ്മാതാവിനെതിരെയും സിനിമ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന് യൂട്യൂബിനെതിരെയും നല്‍കിയ പരാതിയിലാണ് കോടതി വിധി.

നടിയുടെ വാദങ്ങള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തെറ്റിദ്ധരിപ്പിച്ചാണ് സിനിമയിലഭിനയിപ്പിച്ചതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. വിവാദ സിനിമ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാനുള്ള പോരാട്ടം തുടരുമെന്ന് നടിയുടെ അഭിഭാഷകന്‍ ക്രിസ് അര്‍മെന്ദ അറിയിച്ചു.

മരുഭൂമിയിലെ സാഹസിക ചിത്രമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മ്മാതാവ് സിനിമയിലഭിനയിപ്പിച്ചതെന്ന് കാണിച്ചാണ് നടി ലോസ് ആഞ്ജലീസ് കോടതിയില്‍ പരാതി നല്‍കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തിന് വഴി വെച്ച 'ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന വിവാദ സിനിമയ്‌ക്കെതിരെയുള്ള ആദ്യത്തെ കേസാണിത്. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളും കാലിഫോര്‍ണിയ സ്വദേശിയുമായ നകൗല ബാസെല്ലി നാകൗലയ്‌ക്കെതിരെയാണ് നടി ഹര്‍ജി നല്‍കിയത്. സിനിമ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഗൂഗിളിനെയും യൂട്യൂബിനെയും കേസില്‍ കക്ഷി ചേര്‍ത്തിരുന്നു.

സിനിമ ഷൂട്ട് ചെയ്യുന്നതിനു മുമ്പ് തനിക്ക് ലഭിച്ച സ്‌ക്രിപ്റ്റില്‍ മുഹമ്മദ് നബിയെയോ ഇസ്‌ലാം മതത്തെക്കുറിച്ചോ പരാമര്‍ശമില്ലായിരുന്നെന്ന് നടി പറഞ്ഞു. നബിയെ അവഹേളിക്കുന്ന ഭാഗങ്ങള്‍ എഡിറ്റിങ് സമയത്ത് കൂട്ടിച്ചേര്‍ത്തതാണ്. അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ സിനിമയുടെ ഭാഗങ്ങള്‍ യൂട്യൂബില്‍ പ്രസിദ്ധപ്പെടുത്തിയതോടെ തനിക്ക് വധഭീഷണിയുണ്ടായി. യൂട്യൂബിനെതിരെ നടപടിയെടുക്കണമെന്നും സിനിമ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വിവാദ സിനിമ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്ന് റഷ്യയിലെ അഭിഭാഷക സമൂഹം ഇന്‍റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടു. യൂട്യൂബില്‍ നിന്നും സിനിമ നീക്കം ചെയ്യാന്‍ സുഡാനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യ, ഈജിപ്ത്, ലിബിയ, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങള്‍ ഇതിനകം ഈ സിനിമയുടെ ഭാഗങ്ങള്‍ യൂട്യൂബില്‍ നിന്ന് തടഞ്ഞിട്ടുണ്ട്.


TAGS:


Stories in this Section