
കൂടുതല്‍ സമയബന്ധിതമാകുക, കൂടുതല്‍ പ്രസക്തമാകക....ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം കഴിഞ്ഞ ദിവസം പുതുക്കിയത് ഈ കാഴ്ചപ്പാടോടെയാണ്. പുതിയ വെല്ലുവിളികള്‍ മുന്നില്‍ കണ്ടാണ് ഗൂഗിള്‍ അതിന്റെ സെര്‍ച്ച് സങ്കേതം പുതുക്കിയത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കരണമാണ് ഗൂഗിള്‍ സെര്‍ച്ച് സങ്കേതത്തില്‍ വരുത്തിയിരിക്കുന്നത് - 35 ശതമാനം സെര്‍ച്ചിനെയും ബാധിക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണം.
വെബ്ബില്‍ വിവരങ്ങള്‍ തേടുന്നവര്‍ക്ക് ഏറ്റവും പ്രസക്തവും പ്രയോജനപ്രദവുമായ ഫലം സെര്‍ച്ചിലൂടെ നല്‍കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. എന്നാല്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ തത്സമയ അപ്‌ഡേറ്റുകള്‍ വഴി ഗൂഗിളിന് വെല്ലുവിളിയുയര്‍ത്തുന്നു.
യൂസര്‍മാര്‍ വെബ്ബ് ഉപയോഗിക്കുന്നത് തത്സമയ വാര്‍ത്താഫീഡുകള്‍ക്ക് കൂടിയാണ്. ഉദാഹരണത്തിന്, ഒരു ക്രിക്കറ്റ് മത്സരത്തിന്റെ വിവരം സെര്‍ച്ച് ചെയ്യുന്നയാള്‍ പ്രതീക്ഷിക്കുക കഴിഞ്ഞ നിമിഷത്തിലെ റണ്ണും വിക്കറ്റുമാണ്, അല്ലാതെ ഒരാഴ്ച മുമ്പത്തെയല്ല.
തത്സമയ വിവരം ലഭിക്കാന്‍, ഗൂഗിളിന് പകരം ഫെയ്‌സ്ബുക്കിലോ ട്വിറ്ററിലോ നോക്കണം എന്നാണ് യൂസര്‍മാര്‍ പൊതുവെ കരുതാറ്. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ഗൂഗിളിന്റെ പുതിയ ശ്രമമെന്ന്, സെര്‍ച്ച് എഞ്ചിന്‍ ലാന്‍ഡിന്റെ എഡിറ്റര്‍ ഡാന്നി സുലിവന്‍ പറയുന്നു. സെര്‍ച്ച് ഫലങ്ങളില്‍ പുതിയ ഉള്ളടക്കം ആദ്യം പ്രത്യക്ഷപ്പെടാന്‍ ഇടയാക്കുന്ന മാറ്റമാണിത്.
സെര്‍ച്ച് ഫലങ്ങളില്‍ തത്സമയ വിവരങ്ങള്‍ നല്‍കാന്‍ 2009 ല്‍ ഗൂഗിള്‍ ഒരു ശ്രമം നടത്തിയിരുന്നു. google.com/realtime എന്ന സര്‍വീസ് ട്വിറ്ററുമായി സഹകരിച്ചാണ് ഗൂഗിള്‍ നടപ്പാക്കിയത്. എന്നാല്‍, കഴിഞ്ഞ ജൂലായില്‍ രണ്ട് കമ്പനികളും തമ്മിലുള്ള കരാര്‍ അവസാനിച്ചു. പിന്നീട് കരാര്‍ പുതുക്കാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടര്‍ന്ന് ആ സര്‍വീസ് ഗൂഗിള്‍ മരവിപ്പിക്കുകയായിരുന്നു.
ഇപ്പോഴും തത്സമയ അപ്‌ഡേറ്റുകള്‍ക്കുള്ള ഏറ്റവും വലിയ സ്രോതസ്സ് ട്വിറ്റര്‍ തന്നെയാണ്, ഇക്കാര്യത്തില്‍ ഗൂഗിള്‍ സമീപത്തെങ്ങും എത്തുന്നില്ല - സുലിവന്‍ അഭിപ്രായപ്പെടുന്നു.
വെബ്ബില്‍ വിവരങ്ങള്‍ തേടുന്ന ഭൂരിപക്ഷം പോരും ഇപ്പോഴും സെര്‍ച്ചിനായി ഗൂഗിളിനെ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഏറ്റവും പുതിയ വിവരങ്ങളും സംഭവങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ട്വിറ്ററിനെയും ഫെയ്‌സ്ബുക്കിനെയും, മൈക്രോസോഫ്ടിന്റെ സെര്‍ച്ച് എഞ്ചിനായ ബിംഗിനെയുമൊക്കെ ആശ്രയിക്കുന്നു.
ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം (സെര്‍ച്ചിന്റെ ഫലങ്ങള്‍ നിശ്ചയിക്കുന്ന ഗണിതസമീകരണം) തുടര്‍ച്ചയായി പരിഷ്‌ക്കരിക്കാറുണ്ട്, മാറ്റങ്ങള്‍ വരുത്താറുണ്ട്. ഒരുവര്‍ഷം കുറഞ്ഞത് 500 മാറ്റങ്ങള്‍ വരുത്താറുണ്ടെന്നാണ് കണക്ക്. പക്ഷേ, അത്തരം മാറ്റങ്ങള്‍ ചെറിയൊരു ശതമാനം സെര്‍ച്ചിനെയേ ബാധിക്കാറുള്ളു.
എന്നാല്‍, ആല്‍ഗരിത്തില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റം അത്തരത്തിലുള്ളതല്ല. ആല്‍ഗരിതത്തെ അടിമുടി പുതുമയുള്ളതാക്കാന്‍ പാകത്തിലുള്ള മാറ്റമാണിത്. തിരയുന്ന വിവരത്തിനനുസരിച്ച്, സമയബന്ധിതമായതാണോ എന്ന് തിരിച്ചറിഞ്ഞ് സെര്‍ച്ച് ഫലം നല്‍കാന്‍ പുതിയ ആല്‍ഗരിതത്തിനാകുമെന്ന്
ഗൂഗിള്‍ ബ്ലോഗ് പറയുന്നു.
ഗൂഗിള്‍ പുതിയതായി തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസില്‍ നിന്നുള്ള തത്സമയ അപ്‌ഡേറ്റുകള്‍ കൂടി സെര്‍ച്ച് ഫലങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും ഗൂഗിള്‍ അറിയിക്കുന്നു.