വിവര്‍ത്തനത്തിന് മൊബൈല്‍ ക്യാമറയുടെ പിന്തുണ

Posted on: 11 Aug 2012


-സ്വന്തം ലേഖകന്‍



ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപ് കൂടുതല്‍ ജനപ്രിയമാകാന്‍ വഴിയൊരുങ്ങുന്നു. മൊബൈല്‍ ക്യാമറയെടുക്കുന്ന ഫോട്ടോയിലെ അന്യഭാഷാടെക്‌സ്റ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് സഹായിക്കും


വിദേശഭാഷയില്‍ എഴുതിയിരിക്കുന്ന ഒരു സംഗതി മുന്നില്‍പെട്ടാല്‍ എന്താണതെന്ന് മനസിലാക്കാന്‍ സാധിക്കാതെ ആശങ്കപ്പെടേണ്ട കാലം കഴിയുന്നു. മറ്റ് ഓട്ടേറെ സംഗതികളില്‍ എന്നപോലെ സ്മാര്‍ട്ട്‌ഫോണ്‍ ഇവിടെയും തുണയ്‌ക്കെത്തുന്നു.

നിങ്ങളുടെ പക്കലൊരു ആന്‍ഡ്രോയിഡ് ഫോണുണ്ടെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപ്ലിക്കേഷന്റെ (Google Translate app) പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അതുകഴിഞ്ഞാല്‍, വിദേശഭാഷാഭാഗത്തിന്റെ ഫോട്ടോ മൊബൈല്‍ക്യാമറയുപയോഗിച്ച് എടുക്കുക. വിവര്‍ത്തനം വേണ്ട ഭാഗം ഹൈലൈറ്റ് ചെയ്താല്‍ മതി, സംഭവം റെഡി!

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപ് ഈ നിരയില്‍ ആദ്യത്തേതല്ല. ഇതിനകം ഏറെ പ്രശംസ നേടിയിട്ടുള്ള 'വേഡ് ലെന്‍സ്' (Word Lens) ആപ്, ഭാഷാന്തരീകരണത്തിന് മൊബൈല്‍ ക്യാമറയുടെ സഹായമാണ് തേടുന്നത്. മാത്രമല്ല, ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തിന്റെ സാധ്യതകളുപയോഗിച്ച് റീയല്‍ടൈമില്‍ പ്രവര്‍ത്തിക്കുന്ന സങ്കേതമാണത്. ഐഫോണിലും ആന്‍ഡ്രോയിഡിലും അത് ലഭ്യവുമാണ്.

വേള്‍ഡ് ലെന്‍സ് പോലെ റീയല്‍ടൈമില്‍ പ്രവര്‍ത്തിക്കുന്ന ഒന്നല്ല ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്റെ പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍. 'ഗൂഗിള്‍ ഗോഗിള്‍സി' (Google Goggles) ന്റെ അപ്‌ഡേറ്റാണിത്. മൊബൈല്‍ ക്യാമറയുപയോഗിച്ച് സ്‌കാന്‍ ചെയ്ത ടെക്‌സ്റ്റ് വിവര്‍ത്തനം ചെയ്യാനുള്ള സങ്കേതം മുമ്പ് ഈ ഗ്രൂപ്പ് വികസിപ്പിച്ചിരുന്നു.

ശരിക്കു പറഞ്ഞാല്‍, ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അഥവാ ക്യു.ആര്‍.കോഡിന്റെ പ്രവര്‍ത്തനത്തെ അനുസ്മരിപ്പിക്കുന്നതാണ്, ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപിന്റെ പുതിയ വേര്‍ഷന്‍. 'ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് 2.5' വേര്‍ഷനിലാണ് പുതിയ സങ്കേതമുള്ളത്.

എന്നാല്‍, ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്റെ പരിധിക്കുള്ളിലെ 64 ഭാഷകളും ആന്‍ഡ്രോയിഡ് ആപിന്റെ പുതിയ വേര്‍ഷനില്ല. സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഡച്ച്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകള്‍ നിലവില്‍ ഈ ആപിന് കൈകാര്യം ചെയ്യാനാകും. ക്രമേണ കൂടുതല്‍ ഭാഷകള്‍ ഇതില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.

വേഡ് ലെന്‍സ് ആപിന്റെ ഗുണമേന്‍മ ഇപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപിന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് നിരൂപകര്‍ പറയുന്നു. പക്ഷേ, വേള്‍ഡ് ലെന്‍സിനില്ലാത്ത ഒരു പ്രധാന ഗുണം ഇതിനുണ്ട്-ഗൂഗിള്‍ ആപ് സൗജന്യമാണ്. മാത്രമല്ല, ഹൈലൈറ്റ് ചെയ്യുന്ന ടെക്സ്റ്റ് മാത്രമേ ഈ ആപ് വിവര്‍ത്തനം ചെയ്യൂ.
TAGS:


Stories in this Section