പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസില്‍ മൈക്രോസോഫ്റ്റിനും ആപ്പിളിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്, സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ ടച്ച്‌സ്‌ക്രീന്‍ ലാപ്‌ടോപ്പ് ആവതരിപ്പിച്ചു. ടച്ച്‌സ്‌ക്രീന്‍ സൗകര്യമുള്ള 'പിക്‌സല്‍ ക്രോംബുക്ക്' (Pixel Chromebook) നിലവില്‍ ഏറ്റവും മികച്ച സ്‌ക്രീന്‍ റിസല്യൂഷനുള്ള ലാപ്‌ടോപ്പാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.
അമേരിക്കയില്‍ 1299 ഡോളര്‍ (70,000 രൂപ) വില വരുന്ന പിക്‌സല്‍ ക്രോംബുക്കിന്റെ വൈഫൈ മോഡല്‍ ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന്, സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പതിയ ക്രോംബുക്ക് അവതരിപ്പിച്ചുകൊണ്ട് ഗൂഗിള്‍ അറിയിച്ചു. സാന്‍ഡി ബ്രിഡ്ജ് പ്രൊസസറുകള്‍ കരുത്തു പകരുന്ന പുതിയ ക്രോംബുക്കിന്റെ 4ജി വകഭേദം 1449 ഡോളര്‍ (78,000 രൂപ) വിലയ്ക്ക് ഏപ്രിലോടെ അമേരിക്കന്‍ വിപണിയിലെത്തും.
ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഗൂഗിളിന് സാധ്യമായത് വലിയ മുന്നേറ്റമാണ്. വെബ് അധിഷ്ഠിത സര്‍വീസുകളുടെ സഹായത്തോടെ ക്രോംബുക്ക് വഴി ഹാര്‍ഡ്‌വേര്‍ രംഗത്തും പിടിമുറുക്കാനാണ് ഗൂഗിളിന്റെ നീക്കം.
പരമ്പരാഗതരീതിയിലുള്ള ഒരു ലാപ്‌ടോപ്പോ പേഴ്‌സണല്‍ കമ്പ്യൂട്ടറോ അല്ല ക്രോംബുക്ക്. വിന്‍ഡോസ് ലാപ്‌ടോപ്പുകളിലെയോ, ആപ്പിള്‍ കമ്പ്യൂട്ടറുകളിലെയോ പോലെ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്ത അധികം സോഫ്റ്റ്‌വേറുകള്‍ ക്രോംബുക്കിലില്ല. പകരം കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സര്‍വീസുകള്‍ ക്ലൗഡില്‍ സൂക്ഷിച്ചിട്ടുള്ളത് ക്രോം ബ്രൗസറിന്റെ സഹായത്തോടെ ഉപയോഗിക്കുകയാണ് ചെയ്യുക.
കഴിഞ്ഞ ജൂണില്‍ 199 ഡോളര്‍ വിലയുള്ള നെക്‌സസ് 7 എന്ന ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് ഗൂഗിള്‍ പുറത്തിറക്കുകയുണ്ടായി. ആപ്പിളിന്റെ ഐപാഡിനോട് മത്സരിക്കാനായിരുന്നു അത്. മൈക്രോസോഫ്റ്റും തങ്ങളുടെ ടാബ്‌ലറ്റ് അവതരിപ്പിച്ചു. ടാബ്‌ലറ്റിലെയും സ്മാര്‍ട്ട്‌ഫോണിലെയും മത്സരം ലാപ്‌ടോപ്പിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഗൂഗിളിന്റെ പുതിയ നീക്കം സഹായിക്കും.
2011 ജൂണിലാണ് ക്രോംബുക്ക് ഗൂഗിള്‍ ആദ്യം അവതരിപ്പിച്ചത്. സാംസങ് നിര്‍മിച്ചതായിരുന്നു അത്. പിന്നീട് ഏസര്‍, ലെനോവൊ, എച്ച്.പി. കമ്പനികളും ക്രോംബുക്ക് നിര്‍മിച്ചെങ്കിലും, ക്രോംബുക്കിന് വിപണിയില്‍ കാര്യമായി ചലനം സൃഷ്ടിക്കാനായില്ല. ഏസര്‍ നിര്‍മിച്ച ക്രോംബുക്കിന് 199 ഡോളര്‍ ആയിരുന്നു വില. ഭീമമായ വിലയുള്ള പുതിയ ക്രോംബുക്ക് ഉപഭോക്താക്കള്‍ എത്രത്തോളം സ്വാഗതം ചെയ്യുമെന്ന ചോദ്യം അവശേഷിക്കുകയാണ്.
തയ്‌വാനിലെ ഒരു കമ്പനിയാണ് പുതിയ ക്രോംബുക്ക് നിര്‍മിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 12.85 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനിന് 43 ലക്ഷം പിക്‌സല്‍ (ഇഞ്ചൊന്നിന് 239 പിക്‌സല്‍) ഉണ്ടാകും.
ഇത് സാധാരണ ഹൈഡെഫിനിഷന്‍ ടെലിവിഷനെ അപേക്ഷിച്ച് ഇരട്ടിയാണ്. സ്വാഭാവികമായും ദൃശ്യങ്ങളുടെ വ്യക്തതയും മിഴിവും വര്‍ധിക്കും. ആപ്പിളിന്റെ റെറ്റീന ഡിസ്‌പ്ലെയെ ഇത് കവച്ചുവെയ്ക്കുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.
ടച്ച്‌സ്‌ക്രീന്‍ ലാപ്‌ടോപ്പ് എന്നത് മൈക്രോസോഫ്റ്റിന്റെയും പരിഗണനയാണ്. പുതിയതായി രംഗത്തെത്തിയ വിന്‍ഡോസ് 8 ന്റെ ഒരു സവിശേഷത അത് ടച്ച്‌സ്‌ക്രീനിന് കൂടി യോജ്യമായ ഒഎസ് ആണ് എന്നതാണ്.