ഗൂഗിള്‍ 'സ്ട്രീറ്റ് വ്യൂവി'ന് ബാംഗ്ലൂരില്‍ തുടക്കം
ബാംഗ്ലൂര്‍: ഗൂഗിള്‍ വഴി ഇനി ഇന്ത്യന്‍ നഗരങ്ങളും ചുറ്റിക്കാണാം. ഗൂഗിള്‍ മാപ്പ്‌സിന്റെ 'സ്ട്രീറ്റ് വ്യൂ' പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കമിട്ട് ബാംഗ്ലൂര്‍ നഗരം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ തുടങ്ങി. ക്യാമറ ഘടിപ്പിച്ച ഗൂഗിളിന്റെ വാഹനങ്ങള്‍ നഗരത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഗൂഗിളിന്റെ 'സ്ട്രീറ്റ് വ്യൂവി'ലേക്ക് കടന്നാല്‍ ലോകത്തിലെ ഇഷ്ടപ്പെട്ട നഗരങ്ങള്‍ തിരഞ്ഞെടുത്ത് യാത്ര തുടങ്ങാം. നഗരം 360 ഡിഗ്രിയില്‍ കമ്പ്യൂട്ടറില്‍ കാണാം. മൗസ് കറക്കി നഗരത്തിലെ കെട്ടിടങ്ങളും സ്ഥാപനങ്ങളും റോഡുമെല്ലാം ഒന്നൊന്നായി കണ്ടെത്താം. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ നഗരങ്ങളും പൂര്‍ണമായി ഇതില്‍ കാണാനാവും. വിനോദസഞ്ചാരമേഖലയ്ക്കു പുറമേ നഗരാസൂത്രണത്തിനും നിയമപരിപാലനത്തിനും മറ്റും ഇത് ഉപയോഗപ്പെടുമെന്ന് ഹെസാരഗട്ടയിലെ നൃത്തഗ്രാമത്തില്‍ ഇതിന് തുടക്കമിട്ട് ഗൂഗിളിന്റെ ഇന്ത്യയിലെ തലവന്‍ വിനയ് ഗോയല്‍ പറഞ്ഞു.
ഗൂഗിള്‍ എര്‍ത്ത്, ഗൂഗിള്‍ മാപ്പ്‌സ് എന്നിവയ്ക്കു പിന്നാലെ 2007-ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. 27 രാജ്യങ്ങള്‍ കഴിഞ്ഞാണ് ഇത് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഐ.ടി. ആസ്ഥാനമായതിനാലാണ് ബാംഗ്ലൂരില്‍ ഇതിന് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. താമസിയാതെ ഗൂഗിളിന്റെ വാഹനങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് നീങ്ങും. 360 ഡിഗ്രിയില്‍ ചിത്രം എടുക്കാന്‍ കഴിയുന്ന പനോരമിക് ക്യാമറ കാറില്‍ ഘടിപ്പിച്ചാണ് നഗരങ്ങളുടെ ചിത്രം എടുക്കുന്നത്. കാര്‍ പോകാത്ത വഴികളില്‍ ഓട്ടോറിക്ഷയിലും മുച്ചക്രസൈക്കിളിലുമാണ് ക്യാമറ ഘടിപ്പിച്ച് യാത്ര ചെയ്യുക.
ഇത് നഗരസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പരാതി പല രാജ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. ക്യാമറയില്‍ പതിയുന്ന വാഹനങ്ങളുടെ നമ്പറും ആളുകളുടെ മുഖവും മങ്ങിയ നിലയിലായിരിക്കും കമ്പ്യൂട്ടറില്‍ കാണുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അനുവാദത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗൂഗിളിന്റെ വക്താക്കള്‍ അറിയിച്ചു. ബാംഗ്ലൂര്‍ പോലീസിന്റെയും അനുവാദം വാങ്ങിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.