ഒന്നും രണ്ടുമല്ല, 41 പുതിയ ഫീച്ചറുകളാണ് ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെ മോടികൂട്ടാന്‍ എത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കുമായി ശരിക്കുള്ള മത്സരം ഗൂഗിള്‍ പ്രസ് ആരംഭിക്കുകയല്ലേ എന്ന് സംശയം തോന്നാവുന്ന പരിഷ്‌ക്കരണം.
ഗൂഗിള്‍ പ്ലസിന്റെ യൂസര്‍മാര്‍ക്ക് കഴിഞ്ഞ രണ്ടുദിവസമായി ഈ മാറ്റം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടാകും. സൈറ്റിലെ ന്യൂസ് ട്രീമിന്റെ ഘടന മുതല്‍, ചിത്രങ്ങളും ലിങ്കുകളും ടെക്സ്റ്റും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യുന്നതിന്റെ രീതി വരെ പുതുമയാര്‍ന്ന മാറ്റത്തിന് വിധേയമായിരിക്കുന്നു.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ മള്‍ട്ടിമീഡിയയുടെ പ്രധാന്യം വകവെച്ചുകൊണ്ടുള്ള പരിഷ്‌ക്കരണമാണ് ഗൂഗിള്‍ പ്ലസ് വരുത്തിയിരിക്കുന്നത്. ശരിക്കുമൊരു ഫോട്ടോസര്‍വീസ് പോലെയോ, ന്യൂസ് സൈറ്റ് പോലെയോ ആണ് പുതിയ ഗൂഗിള്‍ പ്ലസ് അനുഭവപ്പെടുക.
നിലവില്‍ 19 കോടി അംഗങ്ങളാണ് ഗൂഗിള്‍ പ്ലസിലുള്ളത്. നൂറുകോടിയിലേറെ അംഗങ്ങള്‍ ഉള്ള ഫെയ്‌സ്ബുക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗൂഗിള്‍ പ്ലസിന്റെ വലിപ്പം കുറവായിരിക്കാം. പക്ഷേ, ഫെയ്‌സ്ബുക്കില്‍ സാധ്യമാകാത്ത ഒട്ടേറെ സാധ്യതകള്‍ പുതിയ ഫീച്ചറുകള്‍ വഴി ഗൂഗിള്‍ പ്ലസില്‍ എത്തുകയാണ്.
തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിലേക്ക്
പുതിയ 41 ഫീച്ചറുകള്‍ എത്തുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. പ്രസക്തമായ വാര്‍ത്തകളും വിവരങ്ങളും യൂസര്‍മാര്‍ക്ക് മുന്നിലേക്ക് ഫലപ്രദമായി എത്തിക്കുക, വന്‍തോതിലുള്ള ഡേറ്റ കൈകാര്യം ചെയ്യാന്‍ അവരെ സഹായിക്കുക എന്നിങ്ങനെ, ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ ഗൂഗിള്‍ പ്ലസിനെ പരിവര്‍ത്തനം ചെയ്യുകയാണ് പുതിയ ഫീച്ചറിലൂടെയെന്ന് ഗൂഗിള്‍ പറയുന്നു.
സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് അല്ലെങ്കില്‍ ഡെസ്‌ക് ടോപ്പുകളില്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ സഹായത്തോടെ, ആനിമേറ്റ് ചെയ്ത ഏകഎ ഫയലുകള്‍ ഓട്ടോമാറ്റിക്കായി സൃഷ്ടിക്കാന്‍ പുതിയ ഗൂഗിള്‍ പ്ലസിനാകും.
'ഞങ്ങള്‍ ഗൂഗിള്‍ പ്ലസിലേക്ക് ഗൂഗിളിനെ അങ്ങ് സന്നിവേശിപ്പിച്ചു'' - ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് വിക് ഗുണ്ടോട്ര പറഞ്ഞു. കഴിഞ്ഞ ദിവസം ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത വിവരങ്ങളും വാര്‍ത്തകളും അറിയാനാണ് പലരും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നത്. പക്ഷേ, പോസ്റ്റുകളില്‍ ടാഗുകള്‍ ചേര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ മാത്രമേ, ഫെയ്‌സ്ബുക്ക് പോലുള്ള സൈറ്റുകളില്‍ അത്തരം വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയൂ.
ഗൂഗിള്‍ പ്ലസിന്റെ പുനര്‍രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ സ്ട്രീമില്‍ ചേര്‍ക്കപ്പെടുന്ന പോസ്റ്റുകളിലും ലിങ്കുകളിലും ചിത്രങ്ങളിലും ഗൂഗിള്‍ ആല്‍ഗരിതം പ്രവര്‍ത്തിക്കുകയും ഹാഷ്ടാഗുകള്‍ ചേര്‍ക്കപ്പെടുകയും ചെയ്യും. അതിനാല്‍, പ്രസക്തമായ വിവരങ്ങള്‍ കണ്ടെത്തുക ഗൂഗിള്‍ പ്ലസില്‍ എളുപ്പമാകുന്നു.
ഉദാഹരണത്തിന്, ഒരാള്‍ ഈഫല്‍ ഗോപുരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു എന്നിരിക്കട്ടെ. ഇമേജ് റിക്കഗ്നിഷന്‍ സങ്കേതവും, ഗൂഗിളിന്റെ 'നോളജ് ഗ്രാഫ്' ( Knowledge Graph ) നല്‍കന്ന സാധ്യതയുമുപയോഗിച്ച് ചിത്രത്തിലുള്ളത് ഈഫല്‍ ഗോപുരമാണെന്ന് തിരിച്ചറിഞ്ഞ് ടാഗ് ചേര്‍ക്കപ്പെടുന്നു.
ഗൂഗിള്‍ പ്ലസിലെ സോഷ്യല്‍ സ്ട്രീം രണ്ട് കോളമായോ, ഒറ്റക്കോളമായോ പ്രത്യക്ഷപ്പെടുന്ന തരത്തില്‍ യൂസര്‍ക്ക് ക്രമീകരിക്കാനും സാധിക്കും.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഫോട്ടോ ഷെയറിങ് ഒരു പ്രധാന പ്രവര്‍ത്തനമാണെന്ന തിരിച്ചറിവും പുതിയ ഗൂഗിള്‍ പ്ലസ്സില്‍ പ്രതിഫലിക്കുന്നുണ്ട്. ഫോട്ടോകളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള അവസരം അതൊരുക്കുന്നു.
അവധിക്കാലത്ത് നിങ്ങളെടുത്ത നൂറുകണക്കിന് പുതിയ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍, അതില്‍ മികച്ചവ മറ്റുള്ളവരുമായി ഗൂഗിള്‍ പ്ലസ് ഷെയര്‍ ചെയ്യും. മിഴിവില്ലാത്ത ഫോട്ടോകളും, ആളുകള്‍ സന്തോഷം പ്രകടിപ്പിക്കുന്നതുമൊക്കെ തിരിച്ചറിഞ്ഞാണ് ഇത് ചെയ്യുന്നത്. മാത്രമല്ല, ഒരാളുടെ ഗൂഗിള്‍ പ്ലസ് സര്‍ക്കിളിലുള്ളവര്‍ ഏതെങ്കിലും ഫോട്ടോയിലുണ്ടെങ്കില്‍, അത് തിരിച്ചറിഞ്ഞ് മുന്നിലെത്തിക്കാനും പുതിയ ഗൂഗിള്‍ പ്ലസിനാകും.
ഒരേ സമയം ഫോട്ടോയുടെ 'സൗന്ദര്യപരമായ വശങ്ങളും, മാനുഷികമായ പ്രാധാന്യവും' തിരിച്ചറിയാന്‍ ഗൂഗിള്‍ പ്ലസിനാകുമെന്ന് ഗുണ്ടോട്ര പറയുന്നു.
മാത്രമല്ല, ഫോട്ടോഷോപ്പിന്റെ ഒരു ഓട്ടോമേറ്റഡ് പതിപ്പ് പോലെയും പുതിയ ഗൂഗിള്‍ പ്ലസ് അനുഭവപ്പെടും. അത്യാധുനിക ഫേസിയല്‍ റിക്കഗ്നിഷന്‍ സങ്കേതം ഗൂഗിള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ സങ്കേതത്തിന്റെ സഹായത്തോടെ, ചിത്രങ്ങളിലുള്ള ആളുകളുടെ മുഖങ്ങളിലെ പാടുകളും നിറഭേദങ്ങളും മാറ്റി മികച്ച ചിത്രങ്ങളായി അവതരിപ്പിക്കാന്‍ സാധിക്കും.