ഗൂഗിള്‍ സെര്‍ച്ചിന് സിരി ഭീഷണി : ഗൂഗിള്‍ ചെയര്‍മാന്‍

Posted on: 10 Nov 2011


-സ്വന്തം ലേഖകന്‍




ആപ്പിള്‍ ഐഫോണ്‍ 4എസ് അവതരിപ്പിച്ചിട്ട് ഒരുമാസം കഴിയുന്നതേയുള്ളൂ. അതിലുള്ള സിരി (siri) എന്ന സങ്കേതം തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഗൂഗിള്‍ ഇതിനകം മനസിലാക്കി കഴിഞ്ഞു. ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഡിജിറ്റല്‍ സഹായിയാണ് സിരി. 'സെര്‍ച്ചിന്റെ ഭാവി സിരി'യാണെന്നും, ഗൂഗിളിന് അത് വെല്ലുവിളി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്കാര്യം ഗൂഗിള്‍ തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഷിമിഡ്തിന്റെ പ്രസ്താവനയിലൂടെ.

അമേരിക്കന്‍ സെനറ്റിന്റെ ആന്റിട്രസ്റ്റ് സബ്കമ്മറ്റിക്ക് മുമ്പാകെയാണ്, ആപ്പിളിന്റെ സിരി ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഷിമിഡ്ത് പ്രസ്താവിച്ചത്. സെര്‍ച്ച് വിപണിയിലുണ്ടായ 'അര്‍ഥവത്തായ ഒരു മുന്നേറ്റ'മാണ് സിരിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൂഗിളിന്റെ സെര്‍ച്ച് ബിസിനസിന് സിരി ഭീഷണിയാണെന്ന് സമ്മതിക്കാനും ഷിമിഡ്ത് മടിച്ചില്ല.

മറ്റ് കമ്പനികള്‍ക്ക് മത്സരം അസാധ്യമാകത്തക്ക വിധം ഗൂഗിള്‍ കുത്തകയായി മാറുന്നുവെന്ന ആരോപണത്തെക്കുറിച്ചാണ് സെനറ്റ് സബ്കമ്മറ്റി അന്വേഷണം നടത്തുന്നത്. സെര്‍ച്ച് രംഗത്ത് ഗൂഗിള്‍ കുത്തക സ്വഭാവം പുലര്‍ത്തുന്നുവെന്നാണ് ആരോപണം. അതുമായി ബന്ധപ്പെട്ടായിരുന്നു സബ്കമ്മറ്റിയുടെ തെളിവെടുപ്പ്.

ഗൂഗിള്‍ സെര്‍ച്ചിനെ തുടര്‍ച്ചയായി സമ്മര്‍ദത്തിലാക്കാന്‍ പുതിയ സങ്കേതങ്ങള്‍ക്ക് സാധിക്കുമെന്നതിന് തെളിവാണ് ആപ്പളിന്റെ സിരിയെന്ന് സെനറ്റര്‍മാരെ ഷിമിഡ്ത് അറിയിച്ചു.

ഗൂഗിള്‍ കുത്തകയല്ലെന്നും അതിനോട് മത്സരിക്കാന്‍ മറ്റ് സങ്കേതങ്ങള്‍ക്ക് സാധിക്കുമെന്നും സെനറ്റര്‍മാരെ ബോധ്യപ്പെടുത്താനാകാം ഷിമിഡ്ത് ഇത്തരം പ്രസ്താവന നടത്തിയതെന്ന് കരുതുന്നു. എന്നാല്‍, ആപ്പിളും ഫെയ്‌സ്ബുക്കും സെര്‍ച്ച് രംഗത്തിന് ഭീഷണിയല്ലെന്ന മുന്‍പ്രസ്താവനയില്‍ നിന്ന് ഇതോടെ ഷിമിഡ്ത് പിന്നോട്ട് പോയിരിക്കുകയാണ്.

അമേരിക്കന്‍ സെര്‍ച്ച് വിപണിയില്‍ 65 ശതമാനവും, യൂറോപ്യന്‍ വിപണിയില്‍ 94 ശതമാനവും, സ്മാര്‍ട്ട്‌ഫോണ്‍ സെര്‍ച്ചില്‍ 97 ശതമാനവും ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഗൂഗിളാണ്.
TAGS:
google  |  siri  |  apple  |  iphone 4s  |  search  |  eric schmidt 


Stories in this Section