|
|
ബെറ്റിന വൂള്‍ഫ് |
മുന്‍ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വൂള്‍ഫിന്റെ ഭാര്യ ബെറ്റിന വൂള്‍ഫ്, തന്റെ സ്വകാര്യജീവിതത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഗൂഗിള്‍ സെര്‍ച്ചിനെതിരെ കേസ് നല്‍കി.
ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ ബെറ്റിനയുടെ പേര് ടൈപ്പ് ചെയ്യുമ്പോള്‍, നിര്‍ദേശങ്ങളായി
'protitute', 'escort', 'prostitution' തുടങ്ങിയ വാക്കുകള്‍ പ്രത്യക്ഷപ്പെടുന്നത്, തന്റെ വ്യക്തിജീവിത്തെ മോശമാക്കി കാട്ടുന്നു എന്നാണ് ബെറ്റിനയുടെ വാദം.
താനൊരിക്കലും വേശ്യാവൃത്തിയിലേര്‍പ്പെട്ടിട്ടില്ലെന്നും, എസ്‌കോര്‍ട്ട് സര്‍വീസില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും
ബെറ്റിന പറയുന്നു. കുറച്ചുനാളായി ആ നിലയ്ക്കുള്ള അഭ്യൂഹങ്ങള്‍ പടരുന്നത് തടയാനുള്ള നിയമനടപടികളിലാണ് അവര്‍. അതിന്റെ ഭാഗമാണ് ഗൂഗിളിനെതിരെ കഴിഞ്ഞയാഴ്ച നല്‍കിയ കേസും.

വിവാഹത്തിന് മുമ്പ് ബെറ്റിന ഇത്തരം ജോലികള്‍ ചെയ്തിട്ടുണ്ടെന്ന രീതിയിലാണ് ഓണ്‍ലൈനിലും വിവിധ മാധ്യമങ്ങളിലും പരക്കുന്ന അഭ്യൂഹങ്ങള്‍. അവരുടെ ഭര്‍ത്താവ് ക്രിസ്റ്റ്യന്‍ വൂള്‍ഫിന്റെ രാഷ്ട്രീയഭാവിയെ അപകടപ്പെടുത്താന്‍ ലക്ഷ്യമാക്കിയുള്ളതാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബെറ്റിന ഒരിക്കല്‍ എസ്‌കോര്‍ട്ടായി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തെ രണ്ടുവര്‍ഷമായി അവര്‍ നിയമത്തിന്റെ വഴിയില്‍ നേരിടുകയാണെന്ന്, ജര്‍മന്‍ പത്രമായ 'ഡെര്‍ സ്പീഗല്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഗൂഗിളിനെതിരെ അവര്‍ കേസ് കൊടുത്ത കാര്യവും ഈ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസയമം, ഗൂഗിളിലെ സേര്‍ച്ച് ഫലങ്ങള്‍ ആല്‍ഗരിതം വഴി നിശ്ചയിക്കപ്പെടുന്നതാണെന്നും, സെര്‍ച്ചിനായി നല്‍കിയ വാക്കുകളുടെ ജനപ്രിയത അനുസരിച്ചാണ് ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്നും ഗൂഗിളിന്റെ ജര്‍മന്‍ വക്താവ് പറഞ്ഞു.
ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ സെര്‍ച്ച് നിര്‍ദേശങ്ങളായി പ്രത്യക്ഷപ്പെടുന്ന വാക്കുകളെല്ലാം ഗൂഗിള്‍ യൂസര്‍മാര്‍ മുമ്പ് ടൈപ്പ് ചെയ്തവയാണ് - ഗൂഗിള്‍ വക്താവിന്റെ പ്രസ്താവന പറയുന്നു.
ഗൂഗിളിന്റെ എതിരാളിയായ ബിങിലും ഇതേ പദങ്ങള്‍ സെര്‍ച്ച് ഫലങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.
തന്നെ കുറ്റവാളിയായി സൂചിപ്പിക്കുന്ന സെര്‍ച്ച്ഫലങ്ങള്‍ക്കെതിരെ ഒരു ജപ്പാന്‍കാരന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്, സെര്‍ച്ച് ഫലങ്ങളുടെ 'ഓട്ടോകംപ്ലീറ്റ് ഫങ്ഷന്‍' (autocomplete function) നിര്‍വീര്യമാക്കാന്‍ 2012 മാര്‍ച്ചില്‍ ഗൂഗിളിനോട് കോടതി വിധിക്കുകയുണ്ടായി.