ബാറ്ററി പ്രശ്‌നങ്ങളുമായി ആപ്പിളിന്റെ ഐഫോണ്‍ 4എസ് മല്ലിടുമ്പോള്‍, സാംസങിന്റെ ഗാലക്‌സി നെക്‌സസ് നേരിടുന്നത് ശബ്ദത്തകരാര്‍. വലിയ പ്രചാരണകോലാഹലത്തോടെ കഴിഞ്ഞ മാസം അവതരിപ്പിക്കപ്പെട്ട ഗാലക്‌സി നെക്‌സസിന്റെ ശബ്ദത്തിന് പ്രശ്‌നമുള്ള കാര്യം സാംസങും ഗൂഗിളും സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഉപയോഗിക്കുന്ന ആദ്യഫോണ്‍ ആണ്
ഗാലക്‌സി നെക്‌സസ്. വിശദീകരിക്കാന്‍ കഴിയാത്ത വിധം ഫോണിന്റെ വോള്യം വ്യത്യാസപ്പെടുന്നതായി ഒട്ടേറെ പരാതികള്‍ വെബ്ബ് ഫോറങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
നിലവില്‍ ബ്രിട്ടനില്‍ വില്‍പ്പനയ്‌ക്കെത്തിയ ഫോണ്‍, ഡിസംബറില്‍ അമേരിക്കയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് അതിന് ശബ്ദത്തകരാറുള്ള കാര്യം സാംസങും ഗൂഗിളും സമ്മതിച്ചിരിക്കുന്നത്. ഈ പ്രശ്‌നത്തെക്കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും കഴിയുന്നതും വേഗം പരിഹാരം ഉണ്ടാക്കുമെന്നും സാംസങ് അറിയിച്ചു. ഏതാണ്ട് സമാനമായ പ്രസ്താവന ഗൂഗിളും നടത്തി. എന്നാല്‍, ഗാലക്‌സി നെക്‌സസിന്റെ പ്രശ്‌നം ഹാര്‍ഡ്‌വേറിലാണോ സോഫ്ട്‌വേറിലാണോ എന്നകാര്യം വ്യക്തമല്ല.
'ഡൊമയ്ന്‍ എം' എന്ന ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് യൂസര്‍ ഫോറത്തിലാണ് ശബ്ദപ്രശ്‌നത്തെക്കുറിച്ച് പരാതികള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. 2ജി നെറ്റ്‌വര്‍ക്കുകളിലാണ് പ്രശ്‌നം ഏറെ രൂക്ഷമെന്ന് ചില പരാതിക്കാര്‍ പറയുന്നു. മറ്റു ചിലര്‍ പറയുന്നത് ഈ ഫോണിനെ ആശ്രയിക്കാനേ പറ്റില്ല എന്നാണ്.
ഐഫോണിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 5 നെ പിടികൂടി ബാറ്ററി പ്രശ്‌നത്തിന് പിന്നാലെയാണ്, ഗാലക്‌സി നെക്‌സസിന്റെ വോള്യത്തിന് തകരാറുണ്ടായ കാര്യം വാര്‍ത്തയാകുന്നത്. ഐഒഎസ് 5 ഉപയോഗിക്കുന്ന
ഐഫോണ്‍ 4എസിലെ ബാറ്ററി വേഗം ചോരുന്നതാണ് പ്രശ്‌നമായത്. പ്രശ്‌നം പരിഹരിക്കാന്‍ ആപ്പിള്‍ ആദ്യം പുറത്തിറക്കിയ സോഫ്ട്‌വേര്‍ പാച്ച് വേണ്ടത്ര ഫലം ചെയ്തില്ല.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മേധാവിത്വത്തിനായി ആപ്പിളും സാംസങും തമ്മില്‍ മത്സരം മുറുകുന്നതിനിടെയാണ്, ഇരുകമ്പനികളുടെയും ഫോണുകളെ തകരാര്‍ ബാധിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അടുത്തയിടെ
മൂന്നുമാസക്കാലത്തേക്ക് ആപ്പിളിനെ കടത്തിവെട്ടി സാംസങ് ഒന്നാംസ്ഥാനത്തെത്തുകയുണ്ടായി. മാത്രമല്ല, പേറ്റന്റിന്റെ പേരിലും ഇരുകമ്പനികളും തമ്മിലുള്ള പോര് മുറുകുകയാണ്.