
ലോകമെങ്ങുമുള്ള സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഒരു ഫോണിന്റെ പിറവി ഉടന്‍ സംഭവിക്കമെന്നതാണ് ടെക് ലോകത്തുനിന്നുള്ള ചൂടേറിയ വാര്‍ത്ത. ആപ്പിള്‍ ഐഫോണ്‍ 5 ആകും ഈ ഫോണെന്നു കരുതുന്നവര്‍ക്ക് തെറ്റി. ഗൂഗിളിന്റെ നെക്‌സസ് പ്രൈമിനെയാണ് ഗാഡ്ജറ്റ് ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ വിപണിയിലെത്തുന്ന ഈ ഫോണ്‍ കൊറിയന്‍ കമ്പനിയായ സാംസങാകും നിര്‍മിക്കുകയെന്നും ഉറപ്പായി.
ആന്‍ഡ്രോയിഡ് ഒ.എസിന്റെ നിര്‍മാതാക്കളായ ഗൂഗിള്‍ ഇതിനുമുമ്പും സ്വന്തമായി സ്മാര്‍ട്‌ഫോണുകളിറക്കിയിട്ടുണ്ട്. ഗൂഗിള്‍ നെക്‌സസ്, നെക്‌സസ് വണ്‍ എന്നിവയായിരുന്നു അവ. അന്നൊന്നും കിട്ടാത്ത വാര്‍ത്താപ്രാധാന്യം വരാനിരിക്കുന്ന നെക്‌സസ് പ്രൈമിനു കിട്ടുന്നുണ്ടെങ്കില്‍ അതിനു കാരണം ഒന്നുമാത്രം, പ്രൈമിലുള്ളത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 4.0 വെര്‍ഷന്‍ ഒഎസ് ആണെന്നതുതന്നെ. സിനിമാക്കഥകളെ വെല്ലുന്ന സസ്‌പെന്‍സിനു ശേഷമാണ് ഈ ഫോണ്‍ അവതാരമെടുക്കുന്നത്.
ഐസ്‌ക്രീം സാന്‍വിച്ച് എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ഈ ഒഎസ് ഇതുവരെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. സാന്‍വിച്ചില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഗാഡ്ജറ്റ് എന്ന ബഹുമതിയാണ് നെക്‌സസ് പ്രൈമിനെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സ്മാര്‍ട്‌ഫോണ്‍ കടകളിലെത്തുന്നതും കാത്ത് ആന്‍ഡ്രോയിഡ് ആരാധകര്‍ ടെന്‍ഷനടിക്കുന്നതും.
ആന്‍ഡ്രോയ്ഡിന്റെ 2.3 ജിഞ്ചര്‍ബ്രഡ് വെര്‍ഷന്‍ ഒഎസും ടാബ്ലറ്റുകള്‍ക്കായി പ്രത്യേകം അവതരിപ്പിക്കപ്പെട്ട ഹണികോമ്പ് ഒഎസും തമ്മിലുളള സങ്കലനമാണ് ഐസ്‌ക്രീം സാന്‍വിച്ച് എന്ന് സുചനകളുണ്ട്. കമ്പനി ഇതുവരെ ഇറക്കിയതില്‍വച്ച് ഏറ്റവും 'മനോഹരമായ നിര്‍മിതി' എന്ന് ആന്‍ഡ്രോയിഡ് എഞ്ചിനിയറിങ് വിഭാഗത്തലവന്‍ മൈക്ക് ക്ലാരന്‍ സാന്‍വിച്ചിനെ വിശേഷിപ്പിക്കുന്നു. എല്ലായിടത്തും പ്രവര്‍ത്തിക്കുന്ന ഒഎസ് ആകും സാന്‍വിച്ചെന്നും മൈക്ക് പറയുന്നു.
ടാബ്‌ലറ്റിലും സ്മാര്‍ട്‌ഫോണിലും ഒരേപോലെ പ്രവര്‍ത്തിക്കുന്നതാകും സാന്‍വിച്ച് എന്നാണിതില്‍ നിന്ന് മനസിലാക്കേണ്ടത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ഹോളോഗ്രാഫിക് യൂസര്‍ ഇന്റര്‍ഫേസ്, ഇന്ററാക്ടീവ് ഹോംസ്‌ക്രീന്‍ വിജെറ്റുകള്‍ എന്നിവയാണ് സാന്‍വിച്ചിന്റെ മറ്റു സവിശേഷതകള്‍.
ഐസ്‌ക്രീം സാന്‍വിച്ച് ഒഎസ് ഉപയോഗിച്ചുകൊണ്ടുള്ള ഗൂഗിളിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ വരുന്നുണ്ടെന്നും പ്രൈം എന്നാണിതിനുപേരെന്നും നേരത്തെതന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സാംസങ് ആണ് ഈ ഫോണ്‍ നിര്‍മിക്കുന്നതെന്ന കാര്യം ഇപ്പോഴാണ് വ്യക്തമാകുന്നത്. നേരത്തെ ഗൂഗിളിന് വേണ്ടി നെക്‌സസ് എസ് ഫോണുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നതും സാംസങാണ്.
ഗൂഗിളിനുവേണ്ടി നെക്‌സസ് പ്രൈം ഫോണുകള്‍ നിര്‍മ്മിക്കുന്നുവെന്ന കാര്യം സാംസങ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കമ്പനി വെബ്‌സൈറ്റില്‍ നിന്നുള്ള യൂസര്‍ ഏജന്റ് പ്രൊഫൈലില്‍ നിന്ന് ടെക്‌ബ്ലോഗര്‍മാര്‍ ഈ രഹസ്യം ചോര്‍ത്തിയെടുക്കുകയായിരുന്നു.
നിര്‍മാണത്തിലിരിക്കുന്ന മോഡലുകളുടെ വിശദാംശങ്ങള്‍ ഡെവലപ്മാരെ അറിയിക്കാനുപയോഗിക്കുന്നതാണ് യൂസര്‍ ഏജന്റ് പ്രൊഫൈല്‍. http://wap.samsungmobile.com/uaprof/nexusprime.xml എന്ന് ടൈപ്പ് ചെയ്താല്‍ എക്‌സ്.എം.എല്‍. ഭാഷയിലുള്ള പ്രൈമിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു. ഇത് ടെക്‌ബ്ലോഗര്‍മാര്‍ ചൂടുള്ള വാര്‍ത്തയാക്കി. അപകടം മണത്ത സാംസങിന്റെ നിയമകാര്യവകുപ്പ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച് ബ്ലോഗര്‍മാര്‍ക്കെല്ലാം നോട്ടീസ് അയച്ചു. നെക്‌സസ് പ്രൈം എന്നത് സാംസങിന്റെ ഗവേഷണലാബുകളില്‍ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരാശയമാണെന്നും അതെക്കുറിച്ചുള്ള എന്തെങ്കിലും വാര്‍ത്തയോ പടമോ പ്രസിദ്ധീകരിക്കുന്നത് നിയമലംഘനമാണെന്നുമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. നോട്ടീസില്‍ മൂന്നിടത്ത് നെക്‌സസ് പ്രൈം എന്ന് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. സാംസങ് തന്നെയാണ് പ്രൈം നിര്‍മിക്കുന്നതെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലല്ലോ!
1.4 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 4.65 സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ എന്നിവയാകും നെക്‌സസ് പ്രൈമിലുണ്ടാകുക എന്ന് സൂചനകളുണ്ട്. സാംസങിന്റെ ജി.ടി.-19250 എന്ന പുതിയ മോഡല്‍ ഫോണ്‍ കഴിഞ്ഞയാഴ്ച വൈഫൈ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഈ മോഡല്‍ തന്നെയാകും നെക്‌സസ് പ്രൈം ആകുക എന്നുമറിയുന്നു.
ഒക്ടോബറില്‍ ഇറങ്ങാനിരിക്കുന്ന ഐഫോണ്‍ 5, നോക്കിയ വിന്‍ഡോസ് ഫോണ്‍ എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താനായി ആ സമയത്തുതന്നെയാകും നെക്‌സസ് പ്രൈമും വിപണിയിലെത്തുക. ഇപ്പോള്‍ നന്നായി വിറ്റഴിയപ്പെടുന്ന എച്ച്.ടി.സി. സെന്‍സേഷന്‍, മോട്ടറോള ഡ്രോയിഡ് ബയോണിക്, സാംസങിന്റെ തന്നെ ഗാലക്‌സി എസ് 2 എന്നീ മോഡലുകള്‍ക്കും നെക്‌സസ് പ്രൈം ഭീഷണിയുയര്‍ത്തും.