ഐട്യൂണ്‍സിന് ബദലാകാന്‍ ഗൂഗിളിന്റെ എംപി 3 സ്റ്റോര്‍ വരുന്നു

Posted on: 14 Oct 2011


-സ്വന്തം ലേഖകന്‍



ആപ്പിളിന്റെ ഐട്യൂണ്‍സിനും ആമസോണിന്റെ മ്യൂസിക് സര്‍വീസിനും ബദലാകാന്‍ പാകത്തില്‍ ഗൂഗിള്‍ പുതിയ ഓണ്‍ലൈന്‍ മ്യൂസിക് സ്‌റ്റോര്‍ തുടങ്ങുന്നു. തങ്ങളുടെ എംപി 3 സ്റ്റോറിനായി പ്രമുഖ മ്യൂസിക് വ്യവസായികളുമായി ഗൂഗിള്‍ ചര്‍ച്ച നടത്തിവരികയാണ്.

ഗൂഗിള്‍ അതിന്റെ ക്ലൗഡ് മ്യൂസിക് സര്‍വീസ്
അവതരിപ്പിച്ച് അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് ഇത്തരമൊരു നീക്കം ഗൂഗിള്‍ ഊര്‍ജിതമായിരിക്കുന്നതെന്ന്, 'ന്യൂയോര്‍ക്ക് ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ എംപി 3 സ്റ്റോര്‍ തുറക്കാനുള്ള തിരക്കിട്ട നീക്കമാണ് ഗൂഗിള്‍ നടത്തുന്നത്. മ്യൂസിക് കമ്പനികളുടെ എക്‌സിക്യുട്ടീവുകളാണ് ഈ വിവരം നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗൂഗിളിന്റെ ക്ലൗഡ് മ്യൂസിക് സര്‍വീസായ 'മ്യൂസിക് ബീറ്റ'യുമായി ബന്ധപ്പെട്ടായിരിക്കും എംപി 3 സ്റ്റോര്‍ പ്രവര്‍ത്തിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗൂഗിള്‍ പ്രതിനിധികളാരും തയ്യാറായിട്ടില്ല.

ആപ്പിളിന്റെ ക്ലൗഡ് മ്യൂസിക് പ്രോഗ്രാമായ 'ഐട്യൂണ്‍സ് മാച്ച്' (iTunes Match) ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ്, എംപി 3 സ്റ്റോര്‍ അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ തിരക്കിട്ട ശ്രമം. ജൂണിലാണ് ഐട്യൂണ്‍സ് മാച്ചിന്റെ കാര്യം ആപ്പിള്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ അവസാനത്തോടെ അത് പ്രവര്‍ത്തനക്ഷമമാകുമെന്ന് കരുതുന്നു.

ആമസോണിന്റെ 'ക്ലൗഡ് ഡ്രൈവ്' (Cloud Drive) അവതരിപ്പിക്കപ്പെട്ട് അഞ്ച് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഗൂഗിളിന്റെ മ്യൂസിക് ബീറ്റ അവതരിപ്പിച്ചത്. പ്രസാധകരുടെയും ലേബലുകളുടെയും ലൈസന്‍സ് ഈ രണ്ട് സര്‍വീസുകള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, ഐട്യൂണ്‍സ് മാച്ചിന് ആവശ്യമായ ലൈസന്‍സ് ആപ്പിളിന് ലഭിച്ചു കഴിഞ്ഞു.
TAGS:
google  |  music beta  |  mp3 store  |  itunes match  |  cloud drive 


Stories in this Section