ജര്‍മനിയില്‍ പേറ്റന്റ് കേസില്‍ ഗൂഗിള്‍ മോട്ടറോളയ്‌ക്കെതിരെ ആപ്പിളിന് വിജയം. മോട്ടറോളയുടെ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയേക്കും.
സാംസങിന്റെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും ആപ്പിളിന്റെ പേറ്റന്റുകള്‍ ലംഘിക്കുന്നുവെന്നും, അതിന്റെ പേരില്‍ സാംസങ്
105 കോടി ഡോളര്‍ നഷ്ടപരിഹാരം ആപ്പിളിന് നല്‍കണമെന്നും യു.എസ്.കോടതി വിധിച്ചത് കഴിഞ്ഞ മാസമാണ്.
ആ വിധിയുടെ പശ്ചാത്തലത്തില്‍ സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 3 ഉള്‍പ്പടെ
21 ഉപകരണങ്ങള്‍ യു.എസ്.വിപണിയില്‍ വിലക്കണമെന്ന് ആപ്പിള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതിന് പിന്നാലെയാണ്, ജര്‍മനയിലും ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ തിരിച്ചടി നേരിടുന്നത്.
ഐഫോണിലുപയോഗിക്കുന്ന ഐഒഎസ് പ്ലാറ്റ്‌ഫോമിലെ 'ബൗണ്‍സ്-ബാക്ക് ലിസ്റ്റ്' (bounce-back list) ഫീച്ചര്‍ മോട്ടറോളയുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്നു എന്ന ആപ്പിളിന്റെ വാദം
മ്യൂണിക്കിലെ കോടതി വ്യാഴാഴ്ച്ചയാണ് അംഗീകരിച്ചത്.
പേറ്റന്റിന്റെ സാധുത ഗൂഗിള്‍ ചോദ്യംചെയ്‌തെങ്കിലും, ആ വാദം കോടതി അംഗീകരിച്ചില്ല. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ച സ്ഥിതിക്ക്, മോട്ടറോളയുടെ ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും ജര്‍മനിയില്‍ നിരോധിക്കാന്‍ ആപ്പിളിന് ആവശ്യപ്പെടാം.
ഇക്കാര്യത്തില്‍ ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല. കോടതി വിധിക്കെതിരെ കമ്പനി അപ്പീല്‍ നല്‍കാനാണ് സാധ്യത. വേറൊരു കേസില്‍ ആപ്പിളിന്റെ ഐഫോണും ഐപാഡും ജര്‍മനിയില്‍ വില്‍ക്കുന്നതിന് താത്ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ ഫിബ്രവരിയില്‍ മോട്ടറോളയ്ക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ആഗസ്ത് 24 ന് അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ കോടതിയാണ് സാംസങിനെതിരെ വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സാംസങ് പറഞ്ഞിട്ടുണ്ട്.
മാത്രമല്ല, ആപ്പിളിനെതിരെ സാംസങ് അതേ നാണയത്തില്‍ തിരിച്ചടിക്കാനും സാധ്യതയുണ്ടെന്ന് ടെക്‌നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ആപ്പിള്‍ അവതരിപ്പിച്ച
ഐഫോണ്‍ 5 ലെ 4ജി എല്‍.ടി.ഇ. കണക്ടിവിറ്റിയാണ് സാംസങ് ലക്ഷ്യമിടുന്നത്.
എല്‍.ടി.ഇ. കണക്ടിവിറ്റിയുടെ കാര്യത്തില്‍ തങ്ങളുടെ പേറ്റന്റ് ആപ്പിള്‍ ലംഘിച്ചുവെന്ന് സാംസങ് വാദിച്ചേക്കാം. 'എല്‍.ടി.ഇ.പേറ്റന്റുകള്‍ ഉള്‍പ്പടെ ഒട്ടേറെ കാര്‍ഡുകള്‍ ഞങ്ങളുടെ പക്കലുണ്ട്'-സാംസങിലെ ഐ.ടി. ആന്‍ഡ് മൊബൈല്‍ യൂണിറ്റ് മേധാവി ഷിന്‍ ജോങ്-ക്യുന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
തങ്ങള്‍ കരുതലോടെയാണ് നീങ്ങുന്നത്, ആപ്പിളുമായി ഇപ്പോഴും സാംസങിന് ബിസിനസ് ബന്ധങ്ങളുണ്ട് -അദ്ദേഹം ചൂണ്ടിക്കാട്ടി.